ഫൂലൻ ദേവി വധത്തിന് ഇന്നേക്ക് പത്തൊമ്പതാണ്ട്; ഫൂലനെന്ന പെണ്‍കുട്ടി, ഫൂലന്‍ ദേവിയെന്ന കൊള്ളക്കാരിയായതെങ്ങനെ?

By Babu RamachandranFirst Published Jul 25, 2020, 10:50 AM IST
Highlights

എന്തായാലും, ഒരു ദിവസം, ഫൂലൻ ദേവിയെ പതിവുപോലെ ക്രൂരമായി ബലാത്സംഗം ചെയ്‍തുകൊണ്ടിരിക്കെ ബാബു ഗുജ്ജറിന് തലക്കുപിന്നിൽ വെടിയേറ്റു. ഫൂലന്റെ അർദ്ധനഗ്നമായ ശരീരത്തിന് മുകളിലേക്ക് അയാൾ ചത്തുമലച്ചു വീണു. 

ഫൂലൻ ദേവി കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പത്തൊമ്പതു വർഷം തികയുകയാണ്. ആരായിരുന്നു ഫൂലൻ ദേവി? കാൺപൂരിനടുത്തുള്ള ബെഹ്‌മെയി എന്ന ഗ്രാമം ഒരു രാത്രി ചമ്പൽകൊള്ളക്കാർ വളഞ്ഞ് ആക്രമിച്ചത്തിന്റെ പിറ്റേന്നാണ് ഇന്ത്യ ഫൂലൻ ദേവി എന്ന പേര് ആദ്യമായി കേൾക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച കൂട്ടക്കൊലയായിരുന്നു ബെഹ്‌മെയിയിലേത്. 1981 ഫെബ്രുവരി 14 -നായിരുന്നു നാടിനെ നടുക്കിയ ആ ആക്രമണം. അന്ന് ചമ്പൽക്കാടിനെ വിറപ്പിച്ച ഫൂലൻ ദേവിയെന്ന കൊള്ളക്കാരിയുടെ സംഘം ഒരൊറ്റ രാത്രികൊണ്ട് ചുട്ടുതള്ളിയത്, സിക്കന്ദരാ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന, കാൺപൂർ ദേഹാത്തിലെ, ബെഹ്‌മെയി എന്നുപേരായ ഗ്രാമത്തിലെ 21 ഠാക്കൂർമാരെയാണ്.  അവിടത്തെ ചില ഠാക്കൂർമാർ ചേർന്നായിരുന്നു ഫൂലനോട് പണ്ട് അതിക്രമങ്ങൾ പ്രവർത്തിച്ചത്. പക്ഷേ, അതിനൊക്കെ പകരം ചോദിയ്ക്കാൻ വേണ്ടി അന്ന് രാത്രി ഫൂലൻ തന്റെ കൊള്ള സംഘത്തോടൊപ്പം  ബെഹ്‌മെയിയിൽ ചെന്നുകയറിയപ്പോൾ ഫൂലനോട് പണ്ട് അതിക്രമം പ്രവർത്തിച്ചവർ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അവരെ കയ്യിൽ കിട്ടാതിരുന്ന ദേഷ്യത്തിന് ഗ്രാമത്തിലെ ഇരുപത്തൊന്ന് രാജ്പൂത് ഠാക്കൂർമാരെ വെടിവെച്ചു കൊന്നിട്ടാണ് ഫൂലന്റെ സംഘം അന്നുരാത്രി ആ ഗ്രാമം വിട്ടത്. 

എന്തിന് അങ്ങനെയൊക്കെ പ്രവർത്തിച്ചു എന്നതിനെപ്പറ്റി ഒരിക്കൽ ഒരു ടിവി ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ഫൂലൻ ദേവി ഇങ്ങനെ പറയുന്നുണ്ട്," എനിക്ക് ജീവിതത്തിൽ ഏറെ കഷ്ടപ്പാടും, ക്രൂരതകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരുപാടായപ്പോഴാണ് ഞാൻ ആലോചിച്ചത്, ഇങ്ങനെ കഷ്ടപ്പാടുകൾ അനുഭവിക്കുക മാത്രം ചെയ്തുകൊണ്ട് ചുമ്മാതങ്ങു മരിച്ചു പോകുന്നതെന്തിനാണ് ഞാൻ? ഇങ്ങനെ മനുഷ്യരോട് അക്രമങ്ങൾ പ്രവർത്തിക്കുന്നവരെ, അങ്ങനെ ചെയ്യുന്നതിനുള്ള പ്രതിഫലം കിട്ടും എന്ന് ഒന്ന് ബോധ്യപ്പെടുത്തേണ്ടേ? "

എൺപതുകളിൽ ബിഹാറിലെ ചമ്പൽ പ്രവിശ്യയെ ഏറ്റവുമധികം വിറപ്പിച്ചിരുന്ന ഒരു കൊള്ളക്കാരിയായിരുന്നു ഫൂലൻ ദേവി. ഷോലെ സിനിമയിലെ ഗബ്ബർ സിങിനെക്കാൾ വലിയ പേടിസ്വപ്നമായിരുന്നു നാട്ടുകാർക്കും പൊലീസുകാർക്കും ഫൂലൻ. ഉന്നം തെറ്റാതെ വെടിയുതിർക്കാനുള്ള അവരുടെ കഴിവ് പ്രസിദ്ധമായിരുന്നു. ഒപ്പം അവരുടെ ഹൃദയത്തിന്റെ കാഠിന്യവും. പതിനൊന്നുവയസ്സുമാത്രം പ്രായമുള്ളപ്പോൾ, തന്നെക്കാൾ പത്തുമുപ്പത്തഞ്ചു വയസ്സുള്ള ഒരാൾക്ക് ഫൂലനെ വിവാഹം കഴിച്ചു നൽകിയതാണ് അവളുടെ അച്ഛനമ്മമാർ. വിവാഹത്തിന്റെ അന്ന്സാ രാത്രിതന്നെ ആ പാവം പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി.അന്നുതൊട്ടങ്ങോട്ട് ഏതാണ്ട് എല്ലാദിവസവും, ഭർത്താവിന്റെ നിത്യപീഡനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ബിഹാറിലെ ഒരു കൃഗ്രാമത്തിൽ കഴിഞ്ഞുകൂടിയിരുന്ന ഫൂലൻ എന്ന ആ പാവം സ്ത്രീയെ, നാടിനെ വിറപ്പിച്ച കൊള്ളക്കാരി ഫൂലൻ ദേവിയാക്കി മാറ്റിയത് സാഹചര്യങ്ങളാണ്. ചെറിയ പ്രായത്തിനിടെ ഭർത്താവിൽ നിന്നും, പൊലീസുകാരിൽ നിന്നും,  ചമ്പലിലെ കൊള്ളക്കാരിൽ നിന്നും ഠാക്കൂർമാരിൽനിന്നുമെല്ലാം അനുഭവിക്കേണ്ടിവന്ന കൊടിയപീഡനങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് ഫൂലൻ ദേവിയുടെ ഹൃദയത്തെ നാട്ടുകാർ പറയുമ്പോലെ ഏറെ 'കാഠിന്യമുള്ളതാക്കി' മാറ്റിയത്. 

ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ ഫൂലൻ ആഴ്ചകൾക്കകം തന്നെ ഭർതൃവീട്ടിൽ നിന്ന് തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് നാട്ടിൽ തന്നെ കഴിഞ്ഞ ഫൂലനെ വർഷങ്ങൾക്കു ശേഷം ഒരുനാൾ ഗ്രാമത്തിലെ ഒരു ഠാക്കൂർ പയ്യൻ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ എതിർത്തപ്പോൾ അവർ സംഘം ചേർന്ന് ഗ്രാമത്തിലെ സകലരും നോക്കിനിൽക്കെത്തന്നെ അവളെ ചെരുപ്പുകൊണ്ടടിച്ചു. അത് പക്ഷേ, അവൾക്ക് ഏൽക്കേണ്ടിവന്ന അപമാനങ്ങളുടെ തുടക്കം മാത്രമായിരുന്നു. ആ പ്രശ്നം ഖാപ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് വന്നു. ഠാക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ഖാപ് ആയിരുന്നു അത്. അവിടെവെച്ച് അവൾ വീണ്ടും അപമാനിതയായി. അവളെപ്പറ്റി, അവളുടെ സ്വഭാവത്തെപ്പറ്റി ഠാക്കൂർമാർ ഇല്ലാക്കഥകൾ പറഞ്ഞുപരത്തി. പഞ്ചായത്തിന് മുന്നിൽ തലയും കുനിഞ്ഞ് ഇരുന്നുപോയി അച്ഛനെ അവൾ കണ്ടു. മോശം സ്വഭാവക്കാരിയായ ഫൂലനെ ഗ്രാമത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ അവൾ ഗ്രാമത്തിലെ യുവാക്കളെ വഴിതെറ്റിക്കും എന്നായിരുന്നു ഗ്രാമത്തലവന്റെ കണ്ടെത്തൽ. 

ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഫൂലൻ കുറച്ചുകാലം ബന്ധുക്കളുടെ വീടുകളിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നെല്ലാം അവൾ ആട്ടിയോടിക്കപ്പെട്ടു. ഒടുവിൽ പോകാൻ മറ്റൊരിടമില്ലാതെ, നിസ്സഹായയായി ഫൂലൻ വീണ്ടും സ്വന്തം ഗ്രാമത്തിലേക്കുതന്നെ തിരികെയെത്തി. ഫൂലന്റെ ഒരു ബന്ധുവിന് ബാബു ഗുജ്ജർ എന്ന കൊള്ളക്കാരന്റെ സംഘവുമായി ബന്ധമുണ്ടായിരുന്നു. ആ സംഘത്തിനുവേണ്ട റേഷൻ എത്തിച്ചിരുന്നത് അയാളായിരുന്നു. ഗ്രാമത്തിലെ ഒരു ഠാക്കൂറിന്റെ വീട്ടിൽ കൊള്ളക്കാർ ആക്രമണം നടത്തിയപ്പോൾ, ഠാക്കൂർമാരുടെ നിർദേശപ്രകാരം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ഫൂലനെയാണ്. ഫൂലന്റെ സഹോദരന് കൊള്ളക്കാരുമായുള്ള ബന്ധവും പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൂലൻ, സ്റ്റേഷനിൽ വെച്ച്  വീണ്ടും അപമാനിതയായി. അവർ അവളെ ക്രൂരമായി മർദ്ദിച്ചു. അന്നുരാത്രി അവൾ ലോക്കപ്പിൽ പോലീസുകാരാൽ കൂട്ടബലാത്സംഗത്തിനിരയായി.   

അടുത്ത ദിവസം അവളെ പോലീസുകാർ തിരികെ വിട്ടെങ്കിലും, അന്നുരാത്രി തന്നെ അവളെത്തേടി കൊള്ളസംഘമെത്തി. ബാബു ഗുജ്ജറിന് ഫൂലനെ ബോധിച്ചു. അയാൾ അവളെ കൈകൾ കൂട്ടിക്കെട്ടി കൂടെ തട്ടിക്കൊണ്ടുപോയി. ചെന്ന ദിവസം മുതൽ തന്നെ നിരന്തരം അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയായി ഫൂലൻ. സംഘത്തിലെ മറ്റുള്ള കൊള്ളക്കാർ നോക്കിനിൽക്കെ അവരുടെ മുന്നിൽ വെച്ചുതന്നെയായിരുന്നു ക്രൂരമായ ഈ പീഡനങ്ങൾ അരങ്ങേറിയിരുന്നത്. അക്കൂട്ടത്തിൽ വിക്രം മല്ല മസ്താന എന്നുപേരായ ഒരു കൊള്ളക്കാരന് ഫൂലൻ ദേവിയോട് വല്ലാത്ത സഹതാപം തോന്നുന്നുണ്ടായിരുന്നു എങ്കിലും, ബാബു ഗുജ്ജറിനെ ഭയന്ന് അയാൾ അപ്പോൾ ഒന്നും പറഞ്ഞില്ല. ഫൂലനും മല്ലാ ജാതിയിൽ പെട്ട യുവതി തന്നെയായിരുന്നു എന്നതും ആ സഹതാപത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നിരിക്കാം. എന്തായാലും, ഒരു ദിവസം, ഫൂലൻ ദേവിയെ പതിവുപോലെ തന്റെ ക്രൂരബലാത്സംഗത്തിന് വിധേയയാക്കിക്കൊണ്ടിരിക്കെ ബാബു ഗുജ്ജറിന് തലക്കുപിന്നിൽ വെടിയേറ്റു. ഫൂലന്റെ അർദ്ധനഗ്നമായ ശരീരത്തിന് മുകളിലേക്ക് അയാൾ ചത്തുമലച്ചു വീണു. 

അത് ആ കൊള്ളസംഘത്തെ ആകെ ഞെട്ടിച്ചുകളഞ്ഞ ഒരു സംഭവമായിരുന്നു. ബാബു ഗുജ്ജർ എന്ന ഏകഛത്രാധിപതിക്കെതിരെ സംഘത്തിലെ മല്ല ജാതിക്കാർക്കിടയിൽ കടുത്ത അതൃപ്തി പുകയാൻ തുടങ്ങിയിട്ട് ഏറെക്കാലമായിരുന്നു എങ്കിലും ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, സംഘത്തിലെ രണ്ടു മല്ലമാരെ പൊലീസിന്റെ കൈകൊണ്ട് കൈകൊണ്ട് ചാകാൻ വിട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ തന്റെ അച്ഛനമ്മമാരെ ചേർത്ത് ബാബു ഗുജ്ജർ അസഭ്യം പറഞ്ഞത് വിക്രം മല്ലയ്ക്ക് പൊറുക്കാനായിരുന്നില്ല. അയാൾ തിരിച്ചടിക്കാൻ അവസരം പാർത്തിരിക്കുന്നതിനിടെയാണ് കുന്നിന്റെ അങ്ങേച്ചെരുവിൽ നിന്ന് ഫൂലന്റെ നിസ്സഹായമായ നിലവിളി അയാൾ കേട്ടത്. കുന്നുകയറിചെന്നുനോക്കിയപ്പോൾ അങ്ങേച്ചെരുവിലിട്ട് അവളെ പതിവുപോലെ ഭേദ്യം ചെയ്യുകയാണ് ഗുജ്ജർ. വിക്രം അയാളെ അവസാനമായി ഒരു ഊക്കൻ തെറി വിളിച്ചു. ഗുജ്ജർ തിരിഞ്ഞു നോക്കിയതും, വിക്രം മല്ലയുടെ വെടിയുണ്ട അയാളുടെ തലയോട്ടി തുളച്ചുകൊണ്ട് കയറിപ്പോയതും ഒന്നിച്ചായിരുന്നു. അഴിഞ്ഞ കളസത്തോടെ അയാൾ ഫൂലനുമേൽ ജീവനറ്റുവീണു. ആ മൃതദേഹത്തെ ഫൂലൻ വെറുപ്പോടെ തള്ളിമാറ്റി. അയാൾ മലഞ്ചെരുവിലൂടെ ഉരുണ്ടുരുണ്ടു താഴേക്കുവീണു. 

പിന്നെ അവിടെ ചന്നം പിന്നം വെടിയൊച്ചകൾ മുഴങ്ങി. ബാബു ഗുജ്ജറിന്റെ പക്ഷത്തുണ്ടായിരുന്ന നാലഞ്ചുപേരെ നിമിഷനേരം കൊണ്ട് വിക്രം മല്ലയുടെ പക്ഷക്കാർ വെടിവെച്ചുകൊന്നു. വിക്രം മല്ല അന്നേദിവസം ഫൂലൻ ദേവിയെ തന്റെ ജീവിതസഖിയായി കൂടെക്കൂട്ടി. ബലാത്സംഗത്തിന് ഇരയായി കുപ്പായം കീറിപ്പോയി അവസ്ഥയിൽ നിന്ന ഫൂലന് വിക്രം മല്ല വെടികൊണ്ട് മരിച്ചുവീണ കൊള്ളക്കാരിൽ ഒരാളുടെ കുപ്പായം ഊരിനൽകി. " ഇനിയൊരാളും ഈ പെൺകുട്ടിയെ തൊടില്ല..." എന്നൊരു പ്രഖ്യാപനവും നടത്തി. 

വിക്രം മല്ല മസ്താന, ഗ്രാമവാസികളെ കൂടെ കൊണ്ടുപോകുന്ന പ്രകൃതക്കാരനായിരുന്നു. വിശേഷിച്ച്  ഠാക്കൂർമാരുടെ പീഡനങ്ങൾക്ക് നിരന്തരം വിധേയരായിക്കൊണ്ടിരുന്ന കീഴ്ജാതിക്കാരെ. ആസ്ഥാ ഗ്രാമക്കാരെ അയാൾ സ്വാധീനിച്ചു. ഗ്രാമത്തെ സംരക്ഷിക്കുമെന്ന് ഭവാനി ദേവിയുടെ പേരിൽ പ്രതിജ്ഞ ചെയ്തു. തങ്ങളെ സംരക്ഷിക്കാൻ ഗ്രാമവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അവർക്കുമുന്നിൽ മല്ല, ഫൂലനെ ഗ്രാമത്തെ രക്ഷിക്കാൻ പിറവിയെടുത്ത ദുർഗ്ഗാദേവിയുടെ അവതാരമായി, 'ഫൂലൻ ദേവി'യായി അവതരിപ്പിച്ചു. അന്ന് വിക്രം മല്ല അമ്പലത്തിലെ ദുർഗാസന്നിധിയിൽ നിന്നുമെടുത്തു കൊടുത്ത  ചെമ്പട്ട് തലയിൽ കെട്ടി അവൾ, ഫൂലൻ ദേവി എന്ന തന്റെ രണ്ടാം ജന്മത്തിലേക്ക് നടന്നുകയറി. 


 വിക്രം മല്ല, ഫൂലൻ ദേവിക്ക് തന്റെ ജീവിതത്തിലെ ആദ്യ പ്രതികാരത്തിനുള്ള വഴി ഒരുക്കി നൽകി. പതിനൊന്നാം വയസ്സിൽ, തന്നെ ആക്രമിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവിനെ അവൾ അയാളുടെ വീട്ടിൽ നിന്ന് പുറത്തേക്കിറക്കി കുത്തിമലർത്തി. കൊന്നില്ല, പകരം ജീവച്ഛവമാക്കി ശിഷ്ടജീവിതം നരകിച്ചു തീർക്കാൻ വിട്ടു. ഇനിയൊരു സ്ത്രീയെയും ലൈംഗികമായി ആക്രമിക്കാൻ ശേഷിയുണ്ടാകാത്ത വിധം അയാൾക്ക് പരിക്കുകൾ സമ്മാനിച്ചിട്ടാണ് ഫൂലൻ അവിടം വിട്ടത്. ഫൂലനും വിക്രം മല്ലാ മസ്തനായും സംഘവും ചേർന്ന് നിരവധി ഹൈവേ കൊള്ളകൾ നടത്തി. അന്ന് വിക്രം ഫൂലനോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, "കൊല്ലുന്നെങ്കിൽ പത്തിരുപതുപേരെയെങ്കിലും കൊല്ലണം. കാരണം ഒരാളെ കൊന്നാൽ നിനക്ക് കിട്ടുക തൂക്കുകയറാകും, ഇരുപതുപേരെ കൊന്നാൽ നിന്നെയവർ ബാഗി(കൊള്ളക്കാരൻ)  എന്നുവിളിക്കും, കീഴടങ്ങാൻ കെഞ്ചിക്കൊണ്ട് നിന്റെ പിന്നാലെ നടക്കും, പെൻഷൻ വരെ കിട്ടും ഭാഗ്യമുണ്ടെങ്കിൽ.." പിന്നീട് ഫൂലൻ പ്രവർത്തിച്ചതും അതുതന്നെ എന്നത് യാദൃച്ഛികത മാത്രം.

അങ്ങനെ വിക്രമിന്റെയും ഫൂലന്റെയും പ്രേമജീവിതവും, കൊള്ളസംഘത്തിന്റെ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിയുന്ന, സംഘത്തിലെ രണ്ടു രാജ്പുത് അംഗങ്ങൾ ശ്രീ രാം, ലല്ലാ രാം എന്നിവർ തിരികെ വന്നു സംഘത്തിൽ ചേരുന്നത്. താക്കൂർമാരായ അവർക്ക് ഗുജ്ജർ ആയ നേതാവിനെ കൊന്ന് ഒരു കീഴ്ജാതിക്കാരൻ മല്ല സംഘത്തലവനായത് ഒട്ടും ബോധിച്ചില്ല. അവർക്കും ഫൂലനുമിടയിൽ പ്രശ്നങ്ങളുണ്ടായി. ഒരു കൊള്ളയ്ക്കിടെ ഗ്രാമത്തിലെ മല്ലാ ജാതിക്കാരെ ശ്രീറാമും ലല്ലാറാമും ചേർന്ന് അപമാനിച്ചു. അതിൽ പ്രതിഷേധിച്ച് നിരവധി മല്ലാ സമുദായക്കാർ ഗ്യാങ് ഉപേക്ഷിച്ചു പോയി. അതിനുപകരം വന്നവരാകട്ടെ രാജ്പുത് വംശജരും. അങ്ങനെ സംഘത്തിൽ വിക്രം മല്ലയുടെ സ്വാധീനം കുറഞ്ഞു കുറഞ്ഞ് രാജ്പുത്തുമാരുടെ വർദ്ധിച്ചുവന്നു. വിക്രം മല്ലയ്ക്ക് മാത്രം ഗ്യാങിലെ ഒരേയൊരു പെണ്ണായിരുന്ന ഫൂലനിൽ സ്ത്രീസുഖം ലഭിച്ചുപോന്നതിൽ മറ്റുള്ള മല്ല സമുദായക്കാർക്കും അയാളോട് ഈർഷ്യയായിത്തുടങ്ങിയിരുന്നു. ഒരുദിവസം വിക്രം മല്ലയ്ക്കും ശ്രീറാം രാജ്പുത്തിനും ഇടക്ക് ഫൂലന്റെ സ്വഭാവശുദ്ധിയെച്ചൊല്ലി വഴക്കുണ്ടായി. ഉന്തും തള്ളുമായി. ഒടുവിൽ വിക്രം മല്ല വെടിയേറ്റുമരിച്ചു. 

അന്ന് വൈകുന്നേരത്തോടെ ശ്രീറാമും, ലല്ലാറാമും മറ്റു രാജ്പുത് സംഘാംഗങ്ങളും ചേർന്ന് തങ്ങളുടെ കയ്യിൽ കിട്ടിയ ഇരയായ ഫൂലൻ ദേവിയെ രാജ്പുത് സമുദായാംഗങ്ങളായ താക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ബെഹ്‌മെയി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അവർ ഫൂലനെ കൊടിയ മർദ്ദനങ്ങൾക്ക് വിധേയയാക്കി. താക്കൂർമാർ ഓരോരുത്തരായി മാറിമാറി അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതുകൊണ്ടും മതിവരാതെ അവർ അവളെ നൂൽബന്ധമില്ലാതെ ചെന്ന് ഗ്രാമത്തിലെ പൊതു കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവരാൻ നിർബന്ധിച്ചു.  മൂന്നാഴ്ച അവരുടെ തടവിൽ നിരന്തര പീഡനങ്ങൾക്ക് വിധേയയായതിനു ശേഷം ഒരു ദിവസം ഫൂലൻ എങ്ങനെയോ അവിടന്ന് രക്ഷപ്പെട്ടു. അന്ന് ഫൂലനെ അവിടെ നിന്ന് രക്ഷിച്ചത് ആ ഗ്രാമത്തിലെ രണ്ടു മല്ലാ സമുദായാംഗങ്ങളും വിക്രം മലയുടെ സംഘത്തിലെ മാൻ സിങ് മല്ല എന്ന കൊള്ളക്കാരനും ചേർന്നാണ്. 

മാൻ സിങ്ങും ഫൂലൻ ദേവിയും പിന്നീട് ജീവിതപങ്കാളികളായി മാറി. അവർ ചേർന്ന് മല്ലാ സമുദായക്കാരുടേതു മാത്രമായ ഒരു കൊള്ളസംഘം ഉണ്ടാക്കി. ബുന്ദേൽഖണ്ഡിലാകെ അവരുടെ കുപ്രസിദ്ധി പരന്നു. മാസങ്ങൾക്കു ശേഷം, സംഘം ശക്തിപ്രാപിച്ചു എന്നുതോന്നിയപ്പോൾ, ഫൂലൻ ബെഹ്‌മെയി ഗ്രാമത്തിലേക്ക് തിരികെ ചെന്നു. തന്നെ മർദ്ദിച്ചത്, ബലാത്സംഗം ചെയ്തത്, നൂൽബന്ധമില്ലാതെ നടത്തിച്ചത് ഒക്കെ മിണ്ടാതെ പ്രതികരിക്കാതെ കയ്യും കെട്ടി നോക്കി നിന്ന ആ ഗ്രാമത്തിലേക്ക്  ഒരു പ്രതികാരദാഹിയായ പ്രേതാത്മാവിനെപ്പോലെ ഫൂലൻ ദേവി തന്റെ സംഘത്തോടൊപ്പം കയറിച്ചെന്നു. "ശ്രീറാമിനെയും, ലല്ലാറാമിനെയും പുറത്തിറക്ക്..." ഫൂലൻ അവരോട് ആജ്ഞാപിച്ചു. രണ്ടുപേരും അവിടെ അന്നേദിവസം ഉണ്ടായിരുന്നില്ല. എന്നാൽ, തന്നോട് ആ ഗ്രാമം പ്രവർത്തിച്ച അനീതിക്ക് തിരിച്ചൊന്നും ചെയ്യാതെ പോകാൻ ഫൂലൻ ദേവിക്ക് കഴിയുമായിരുന്നില്ല. അവർ ആ ഗ്രാമത്തിൽ അപ്പോഴുണ്ടായിരുന്ന സകല ആണുങ്ങളെയും ഫൂലൻ തനിക്ക് നഗ്നയായി നിൽക്കേണ്ടിവന്ന അതേ പൊതുകിണറിന്റെ അരികിൽ  ഒരു വരിയിൽ നിർത്തി. അവരെക്കൊണ്ട് നാലഞ്ച് തവണ ഏത്തമിടീച്ചശേഷം അവരെ ഒരാളെപ്പോലും വെറുതെ വിടാതെ വെടിവെച്ചു കൊന്നിട്ടാണ് ഫൂലൻ ആ ഗ്രാമം വിട്ടത്. ഒരൊറ്റ രാത്രി കൊണ്ട് ബെഹ്‌മെയി ഗ്രാമത്തിൽ ഫൂലൻ കൊന്നുതള്ളിയത് 21  രാജ്പുത്തുമാരെയാണ്. 

ഇന്ത്യയെത്തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു അത്. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് എന്ന വിപി സിങ്ങിന് ബെഹ്‌മെയി കൂട്ടക്കൊലയുടെ പേരിൽ രാജിവെച്ചൊഴിയേണ്ടി വരികപോലുമുണ്ടായി. ഫൂലൻ ദേവിയുടെ പ്രവർത്തനങ്ങൾ പലപ്പോഴും ഒരു റോബിൻ ഹുഡ് മാതൃകയിലേക്ക് മാറിക്കൊണ്ടിരുന്നു. ഉന്നത ജാതിക്കാരെ ആക്രമിച്ചു കിട്ടുന്ന മുതൽ താണജാതിക്കാർക്കിടയിൽ വിതരണം ചെയ്തുപോന്നു ഫൂലൻ പലപ്പോഴും. ഒടുവിൽ ദേശീയമാധ്യമങ്ങൾ അവർക്കൊരു വിളിപ്പേര് നൽകി, 'ബാൻഡിറ്റ് ക്വീൻ' അഥവാ 'കൊള്ളക്കാരുടെ റാണി'.  

ഫൂലൻ എന്ന കൊള്ളക്കാരിയിൽ നിന്ന് ഫൂലൻ എന്ന രാഷ്ട്രീയക്കാരിയിലേക്കുള്ള യാത്ര 

ബെഹ്‌മെയി കൂട്ടക്കൊല നടന്നു രണ്ടുവർഷങ്ങൾക്കുള്ളിൽ ഫൂലൻ കീഴടങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ചമ്പൽക്കാടുകളിൽ ഠാക്കൂർമാരിൽ നിന്നും പൊലീസിൽ നിന്നും ഓടിയോടി മടുത്തിട്ടാണ് ഒടുവിൽ ഫൂലൻ ആയുധം വെടിയാൻ തീരുമാനിച്ചത്. ഇന്ദിരാ ഗാന്ധി അങ്ങനെ ഒരു ഓഫർ നൽകിയതും അവർക്ക് അതിനുള്ള പ്രേരണയായി. ഉത്തർപ്രദേശിലായിരുന്നു ഫൂലന്റെ വിഹാരമെല്ലാം എങ്കിലും, കീഴടങ്ങേണ്ട ഘട്ടം വന്നപ്പോൾ ജന്മനാടിനെ വിശ്വസിക്കാൻ ഫൂലൻ തയ്യാറായില്ല. ഠാക്കൂർമാർക്ക് ഭരണവർഗത്തിലുണ്ടായിരുന്ന സ്വാധീനം തന്നെ കാരണം. യുപി പൊലീസ് തന്നെ കീഴടങ്ങാൻ പ്രേരിപ്പിച്ച ശേഷം പിന്നീട് എങ്ങെനെയെങ്കിലും തന്നെ കൊന്നുകളഞ്ഞാലോ എന്ന ഭയം അവർക്കുണ്ടായിരുന്നു. അതുകൊണ്ട്, ആ പ്രക്രിയ പൂർത്തിയാക്കാൻ അവർ സമീപിച്ചത് മധ്യപ്രദേശ് സർക്കാരിനെയാണ്. 

കീഴടങ്ങി രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനായിരുന്നു ഫൂലൻ ദേവിയുടെ ആഗ്രഹം. എന്നാൽ, ചമ്പൽക്കാടുകളിൽ നിന്ന് ല്യൂട്ടന്‍സ് ദില്ലിയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഫൂലന് മുമ്പ് അതിനു ശ്രമിച്ച പലരും, പാതിവഴിയേ കാലപുരി പൂകിയിരുന്നു. എന്നാൽ, ഫൂലന്റെ ബുദ്ധിവൈഭവം അവരെ അതിന് പ്രാപ്തയാക്കി. കീഴടങ്ങാൻ അവർ ചില നിബന്ധനകൾ വെച്ചു. മഹാത്മാ ഗാന്ധിയുടെയും ദുർഗ്ഗാദേവിയുടെയും മുന്നിൽ ആയുധം വെച്ചേ താൻ കീഴടങ്ങു. തനിക്ക് വധശിക്ഷ നൽകാൻ പാടില്ല. തന്റെ സംഘാംഗങ്ങളിൽ ആരെയും എട്ടുവർഷത്തെ അധികം കാലത്തേക്ക് ശിക്ഷിക്കരുത്. ഒരു സ്ഥലം തനിക്ക് സർക്കാർ അനുവദിക്കണം. കുടുംബത്തെ മൊത്തം പൊലീസ് എസ്കോർട്ടിൽ കീഴടങ്ങൽ ചടങ്ങിന് കൊണ്ടുവരണം. അങ്ങനെ പതിനായിരം പേരടങ്ങുന്ന ജനാവലിക്കും, മുന്നൂറു പോലീസുകാർക്കും മുന്നിൽ വെച്ച് മഹാത്മാഗാന്ധിയെയും, ദുർഗ്ഗാദേവിയെയും സാക്ഷി നിർത്തി, മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ്ങിനുമുന്നിൽ ഫൂലൻ ദേവി ആയുധം വെച്ചു കീഴടങ്ങി. 

നാല്പത്തെട്ടു കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെട്ട ഫൂലൻ ദേവി പതിനൊന്നു വർഷം വിചാരണത്തടവുകാരിയായി ജയിലിൽ കഴിച്ചുകൂട്ടി. നിഷാദ സമുദായത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് 1994 -ൾ മുലായം സിംഗ് ഗവണ്മെന്റ് ഫൂലൻദേവിക്കെതിരെയുള്ള സകല കേസുകളും പിൻവലിച്ചു. അതിനിടെ ഫൂലൻ ദേവി ഉമേദ് സിങ് എന്നൊരാളെ വിവാഹം കഴിച്ചു. അവരിരുവരും ബുദ്ധമതത്തിലേക്ക് മതം മാറി. 1996 -ൽ മിർസാപൂരിൽ നിന്ന് ഫൂലൻ ദേവി ലോകസഭയിലേക്ക് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചു.

1999 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ച ഫൂലൻ സിറ്റിംഗ് എംപി ആയിരിക്കെയാണ് ദില്ലിയിലെ അവരുടെ വീടിനു പുറത്തുവെച്ച് ഷേർ സിംഗ് റാണ അടക്കമുള്ള മൂന്നു തോക്കുധാരികളുടെ തോക്കുകളിൽ നിന്നുമുതിർന്ന ഒമ്പതു വെടിയുണ്ടകളേറ്റ് കൊല്ലപ്പെട്ടത്. ബെഹ്‌മെയി ഗ്രാമത്തിൽ വെച്ച്, ഉയർന്ന ജാതിക്കാരെ വെടിവെച്ചുകൊന്നതിനുള്ള പ്രതികാരമായാണ് താൻ ഫൂലനെ വധിച്ചത് എന്ന് ഷേർസിംഗ് കീഴടങ്ങിയപ്പോൾ കുറ്റസമ്മതം നടത്തിയിരുന്നു. ഫൂലൻ ദേവിയുടെ അംഗരക്ഷകനായിരുന്ന ബലിന്ദർ സിങ് തന്റെ 9 mm സർവീസ് പിസ്റ്റൾ കൊണ്ട് അക്രമികളെ ചെറുതെങ്കിലും ഫൂലനെ അക്രമിക്കുന്നതിൽ നിന്ന് തടയാൻ അയാൾക്കായില്ല. 

സംഭവം നടന്ന് ഏകദേശം നാലുപതിറ്റാണ്ടു കഴിയാറാകുന്നു എങ്കിലും, ഫൂലനടക്കം ആ കേസിലെ ഒരുവിധം പേരൊക്കെ മരിച്ചുപോയിട്ടുണ്ട് എങ്കിലും, നിരപരാധികളായ ഉറ്റവരെ കൊന്നുതള്ളിയ ബെഹ്‌മെയി കൂട്ടക്കൊലക്കേസിൽ തങ്ങൾ അർഹിക്കുന്ന നീതി ഇനിയെങ്കിലും തങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്ന് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ. 

 

കേസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ( 18 ജനുവരി 2020) : കോടതി കേസ് പരിഗണിച്ചപ്പോൾ, ഈ കേസിന്റെ കേസ് ഡയറി കാണാനില്ല എന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ കേസ് വിധിപറയാനിരുന്നത് മാറ്റിവെച്ച്  ജനുവരി 24 -ന് വീണ്ടും പരിഗണിക്കും എന്നുത്തരവായിരിക്കുന്നു.

click me!