ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയ തീരുമാനം; രൂക്ഷവിമര്‍ശനവുമായി ഓര്‍ഹന്‍ പാമുക്

By Web TeamFirst Published Jul 24, 2020, 4:19 PM IST
Highlights

എന്നാല്‍, ഈ തീരുമാനത്തെ എതിർക്കുന്നവര്‍ പോലും ശബ്‍ദമുയർത്തുന്നില്ല, കാരണം ഇതിനെ വെല്ലുവിളിക്കാൻ തുർക്കിയിൽ സ്വതന്ത്ര്യമില്ല. ദൗർഭാഗ്യത്തിന്, 'ഇത് കമാൽ അത്താതുർക്കിന്‍റെ തുര്‍ക്കിയാണ്, ഇത് നമ്മുടെ മതേതര പാരമ്പര്യമാണ് ഇതിനെ ദയവായി മാറ്റരുത്' എന്ന് പറയാൻ അവർ ഭയപ്പെടുന്നു. 

ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ രൂക്ഷവിമര്‍ശനവുമായി പ്രശസ്‍ത എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക്. തീരുമാനത്തില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഇങ്ങനെയാവരുത് തുര്‍ക്കിയെന്നും ഡിഡബ്ല്യു ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി, മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ്, അതിനാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഈ തീരുമാനത്തോടെ തുർക്കി ജനപ്രിയമാകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പടിഞ്ഞാറുമായി സൗഹൃദത്തിലല്ലെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ഞാൻ ഇഷ്‍ടപ്പെടുന്ന ഒരു സന്ദേശമല്ല. ഞാൻ അതിനെ വിമർശിക്കുന്നു. എന്നാല്‍, ഈ തീരുമാനത്തെ എതിർക്കുന്നവര്‍ പോലും ശബ്‍ദമുയർത്തുന്നില്ല, കാരണം ഇതിനെ വെല്ലുവിളിക്കാൻ തുർക്കിയിൽ സ്വതന്ത്ര്യമില്ല. ദൗർഭാഗ്യത്തിന്, 'ഇത് കമാൽ അത്താതുർക്കിന്‍റെ തുര്‍ക്കിയാണ്, ഇത് നമ്മുടെ മതേതര പാരമ്പര്യമാണ് ഇതിനെ ദയവായി മാറ്റരുത്' എന്ന് പറയാൻ അവർ ഭയപ്പെടുന്നു. ഭരിക്കുന്ന പാർട്ടിയായ AKP -യ്ക്ക് വോട്ട് ചെയ്യുന്നവനാണെങ്കിൽപോലും ഓരോ തുര്‍ക്കിക്കാരനും യൂറോപ്യൻമാരെപ്പോലെ ഞങ്ങൾ മതേതരരാണെന്നും ഇത് തുർക്കിയുടെ മൗലികതയാണെന്നും പറഞ്ഞുകൊണ്ട് തുർക്കി മറ്റ് മുസ്ലിം രാജ്യങ്ങളെക്കാൾ വ്യത്യസ്‍തമാണെന്ന് രഹസ്യമായും, പരസ്യമായും അഭിമാനിക്കുന്നവരാണ് -അദ്ദേഹം പറഞ്ഞു.

Converting back to a mosque runs contrary to the will of Turkey’s founder Kemal Ataturk, Nobel laureate Orhan Pamuk told DW. The move takes away Turks' pride in being both Muslim and secular, he said. pic.twitter.com/mzVM857CsL

— DW News (@dwnews)

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തുര്‍ക്കി ഭരണകൂടം ഇസ്‍താംബുളിലെ ലോകപ്രശസ്‍തമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനാലയമാക്കി മാറ്റിയത്. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് അത് മുസ്ലിം പള്ളിയാക്കി പ്രസിഡന്‍റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്. ഓര്‍ത്തഡോക്സ് ക്രിസ്‍ത്യന്‍ കത്രീഡലായിരുന്ന ഹാഗിയ സോഫിയ 1453 -ലെ ഓട്ടോമന്‍ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കി പിന്നീട് 1934 -ല്‍ മ്യൂസിയമാക്കുകയായിരുന്നു. ഇത് വീണ്ടും പള്ളിയാക്കിയതില്‍ എതിര്‍പ്പുകള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. യുനെസ്‍കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതായിരുന്നു ഇത്. പള്ളിയാക്കിയെങ്കിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടാവില്ലെന്ന് ഭരണകൂടം അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. 


 

click me!