മാസം 2 ലക്ഷം ശമ്പളം, ഒരൊറ്റ രൂപ കടമില്ല, പക്ഷേ ഇപ്പോഴും ദരിദ്രനാണെന്ന ചിന്ത, സന്തോഷമില്ല

Published : Jul 27, 2026, 11:23 AM IST
man

Synopsis

തനിക്ക് ഒരിക്കലും പണക്കാരനാണെന്ന തോന്നൽ ഉണ്ടായിട്ടില്ല. ഈ വർഷം വിവാഹം കഴിക്കാൻ പ്ലാനുണ്ട്, അതിന് 10 ലക്ഷത്തോളം ചെലവ് വരും. കൂടാതെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങണം, നാട്ടിൽ സ്ഥലം വാങ്ങണം, ഒരു പുതിയ ബൈക്ക് സ്വന്തമാക്കണം എന്നിങ്ങനെ ആഗ്രഹങ്ങൾ നിരവധിയാണ്. എന്നാൽ ഇതെല്ലാം ഒരുമിച്ച് ചെയ്യാൻ കഴിയില്ലെന്ന ഭയമാണ്.

മാസം രണ്ടു ലക്ഷം രൂപ ശമ്പളം, ഒരൊറ്റ രൂപയുടെ കടമില്ല, എന്നിട്ടും മനസ്സിൽ ഇപ്പോഴും താനൊരു ദരിദ്രനാണെന്ന ചിന്തയാണെന്ന് 26 -കാരൻ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവാവാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ അത്യാവശ്യം നല്ല പണമുണ്ടെങ്കിലും പണത്തെക്കുറിച്ചുള്ള പേടിയും ആശങ്കയും കാരണം സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ലെന്നാണ് യുവാവിന്റെ പരാതി. ചെറുപ്പത്തിൽ അനുഭവിച്ച കടുത്ത ദാരിദ്ര്യമാണ് ഇതിന് പ്രധാന കാരണം. മാസം 6,000- 7,000 രൂപ മാത്രം വരുമാനമുള്ള കുടുംബത്തിലായിരുന്നു വളർന്നത്. ചെറിയൊരു ഒറ്റമുറി വീട്ടിലായിരുന്നു അന്ന് താമസം. എന്നാൽ 21 -ാം വയസ്സിൽ ജോലി കിട്ടിയതോടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമെന്ന് യുവാവ് ഉറപ്പിച്ചു.

ഇന്ന് മാതാപിതാക്കളെ ജോലിക്ക് അയക്കാതെ സ്വന്തം നാട്ടിൽ ഒരു 2BHK വീട് വാടകയ്ക്കെടുത്ത് അവരെ താമസിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ മറ്റൊരു 2BHK വീട്ടിലാണ് യുവാവ് താമസിക്കുന്നത്. മാസം 30,000 രൂപ മ്യൂച്വൽ ഫണ്ടിലും 10,000 രൂപ വീതം എഫ്.ഡിയിലും സ്വർണത്തിലും നിക്ഷേപിക്കുന്നുണ്ട്. 15,000 - 20,000 രൂപ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കും. വീട്ടുവാടകയും ചെലവുകളുമായി 25,000 രൂപയോളം വരും.

2021-ൽ ജോലി തുടങ്ങിയ ശേഷം ഷെയർ മാർക്കറ്റിൽ നാല് ലക്ഷവും എഫ്.ഡിയിൽ രണ്ട് ലക്ഷവും സ്വർണത്തിൽ രണ്ടര ലക്ഷത്തോളവും സമ്പാദിച്ചു. അക്കൗണ്ടിൽ ആറ് ലക്ഷം രൂപ ബാക്കിയുമുണ്ട്. മാതാപിതാക്കൾക്ക് ഹെൽത്ത് ഇൻഷുറൻസും സ്വന്തമായി ലൈഫ് ഇൻഷുറൻസും എടുത്തു. വീട്ടുസാധനങ്ങളും സ്കൂട്ടറും ലാപ്‌ടോപ്പുമെല്ലാം സ്വന്തം അധ്വാനം കൊണ്ട് വാങ്ങി.

എന്നിട്ടും തനിക്ക് ഒരിക്കലും പണക്കാരനാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്ന് യുവാവ് പറയുന്നു. ഈ വർഷം വിവാഹം കഴിക്കാൻ പ്ലാനുണ്ട്, അതിന് 10 ലക്ഷത്തോളം ചെലവ് വരും. കൂടാതെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങണം, നാട്ടിൽ സ്ഥലം വാങ്ങണം, ഒരു പുതിയ ബൈക്ക് സ്വന്തമാക്കണം എന്നിങ്ങനെ ആഗ്രഹങ്ങൾ നിരവധിയാണ്. എന്നാൽ ഇതെല്ലാം ഒരുമിച്ച് ചെയ്യാൻ കഴിയില്ലെന്ന ഭയമാണ് മനസ്സ് നിറയെ.

750 രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഷർട്ട് വാങ്ങാൻ പോലും താൻ രണ്ടാമതൊന്ന് ആലോചിക്കുമെന്നാണ് യുവാവ് പറയുന്നത്. അതേസമയം, പണിക്ക് പോകുന്നവരും ഓട്ടോ ഓടിക്കുന്നതുമായ നാട്ടിലെ കൂട്ടുകാരെ കാണുമ്പോൾ തനിക്ക് അത്ഭുതം തോന്നാറുണ്ട്. ലോണെടുത്താണെങ്കിലും അവർ ഇഷ്ടമുള്ള ബൈക്കുകൾ വാങ്ങുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. കടമൊന്നുമില്ലാതെ, സാമ്പത്തികമായി അവരെക്കാൾ വളരെ മുന്നിലാണെങ്കിലും അവരെപ്പോലെ സന്തോഷത്തോടെ ജീവിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് യുവാവിന്റെ സങ്കടം.

 

 

സാമ്പത്തികമായി നല്ല നിലയിലായിട്ടും മനസ്സ് നിറയെ പേടിയും വിഷമവുമാണെന്നും, ഇതിൽ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്നും ചോദിച്ചുകൊണ്ടാണ് യുവാവ് റെഡ്ഡിറ്റിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരിക്കൽ കഷ്ടപ്പെട്ട് ജീവിച്ചിരുന്നതുകൊണ്ടും അമിതമായി ചിന്തിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ തോന്നുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. അങ്ങനെ ചിന്തിച്ച് സ്വന്തം സന്തോഷം ഇല്ലാതാക്കി കളയരുതെന്നും സന്തോഷമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നും പലരും യുവാവിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തലയോട്ടിയിൽ മസ്തിഷ്കം പോലെ മടക്കുകൾ; 11 മാസം നീണ്ട ചികിത്സയിൽ അപൂർവ രോഗാവസ്ഥയിൽ നിന്ന് യുവാവിന് ആശ്വാസം
ഐടി കമ്പനിയിലെ ജോലി വേണ്ടെന്നുവച്ച് അരിക്കച്ചവടം, യുവാവ് നേടുന്നത് വർഷം 25 ലക്ഷം