ഒലിച്ച് പോയത് 215 കെട്ടിടങ്ങള്‍; ഉരുള്‍പൊട്ടലിന് മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് റോയിറ്റേഴ്സ്

Published : Aug 18, 2024, 10:35 PM ISTUpdated : Aug 19, 2024, 11:07 AM IST
ഒലിച്ച് പോയത് 215 കെട്ടിടങ്ങള്‍; ഉരുള്‍പൊട്ടലിന് മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് റോയിറ്റേഴ്സ്

Synopsis

ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പകർത്തിയ ഏപ്രില്‍ 29 -ാം തിയതിയിലെയും ഓഗസ്റ്റ് 12 -ാം തിയതിയിലെയും ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് റോയിറ്റേഴ്സ് ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കിയത്. 


ജൂലൈ 30 ന് പുലര്‍ച്ചെ ഒന്നരയ്ക്കും മൂന്ന് മണിക്കും ഇടയില്‍ പുഞ്ചിരിമട്ടയില്‍ നിന്നും പൊട്ടിയൊഴുതിയ ഉരുള്‍ തട്ടിയെടുത്തത് 215 കെട്ടിടങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ച് റോയ്റ്റേഴ്സ്. ദുരന്തത്തിന് മുമ്പും ശേഷവും ഉരുള്‍ ഒഴുകിയ വഴിയിലെ ചിത്രങ്ങളുടെ താരതമ്യത്തിലൂടെയാണ് റോയിറ്റേഴ്സ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പകർത്തിയ ഏപ്രില്‍ 29 -ാം തിയതിയിലെയും ഓഗസ്റ്റ് 12 -ാം തിയതിയിലെയും ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് റോയിറ്റേഴ്സ് ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കിയത്. 

പുഞ്ചിരമട്ടത്തെ ഉരുളിന്‍റെ ഉറവിട കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ താഴെയുള്ള ജനവാസ കേന്ദ്രങ്ങള്‍ക്ക് വരെ നാശനഷ്ടം സൃഷ്ടിച്ചാണ് ഉരുള്‍ ഒഴുകിയത്. ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍ (247 ഏക്കര്‍) പ്രദേശത്ത് നാശനഷ്ടം വ്യാപിച്ചെന്നും ഇത് 140 ഫുട്ബോള്‍ കോര്‍ട്ടുകള്‍ക്ക് തുല്യമാണെന്നും റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിബിഡമായ മരങ്ങളുടെ മറവിലുള്ള കേട്ടിടങ്ങളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റോയിറ്റേഴ്സ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഉരുള്‍പൊട്ടലില്‍ 236 കെട്ടിടങ്ങൾ ഒലിച്ചുപോയതായും 400-ലധികം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതായുമാണ് സർക്കാർ കണക്കുകള്‍. 

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓർമ്മകളില്‍ നിന്നും മായാത്ത ദുരന്ത ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍

ഒഴുകിയിറങ്ങിയ ഉരുള്‍ വയനാടന്‍ ദുരന്തഭൂമിയിൽ ബാക്കിയാക്കിയത്

പ്ലാനറ്റ് ലാബ്സ് പകർത്തിയ ഏപ്രില്‍ 29 -ാം തിയതിയിലെ ഉപഗ്രഹ ചിത്രങ്ങളില്‍ അതിവിശാലമായ പച്ച് നിറഞ്ഞ പുഞ്ചിരിമട്ടവും ചൂരല്‍മലയും മുണ്ടക്കൈ പട്ടണവും കാണാം. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 12 -ാം തിയതിയിലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഉരുളൊഴുകിയ വഴിയില്‍ ചുവന്ന മണ്ണ് മാത്രം അവശേഷിക്കുന്നു. അതിന് നടുവിലൂടെ  നേരത്തെ ഉണ്ടായിരുന്ന അരുവിയ്ക്ക് അല്പം കൂടി കനം വച്ചിരിക്കുന്നതും കാണാം. ചില ഡ്രോണ്‍ ചിത്രങ്ങളും റോയ്റ്റേഴ്സ് ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അവയില്‍ നിരവധി കെട്ടിടങ്ങള്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ മുഴുവനും ചുവന്ന മണ്ണ് മാത്രമായി അവശേഷിപ്പിച്ചു. അതേസമയം ഉരുള്‍പൊട്ടലിന് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത് അതിതീവ്ര മഴയാണ്. 

വെള്ളാര്‍മലയില്‍ ഇനിയും ഉയരുമോ ആ കളി ചിരികൾ, പ്രകൃതി പാഠങ്ങള്‍

ഇവിടെ നിന്നാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്; തീരാനോവായി ചൂരൽമല വില്ലേജ് റോഡ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു.  ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണെന്നും തിരിച്ചറിഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങള്‍ 121  പുരുഷൻമാരുടേതും  127 സ്ത്രീകളുടേതുമാണെന്നും തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഇത് വരെ നടന്ന  തെരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ  രക്തസാമ്പിളുകൾ ശേഖരിച്ചു.  ബീഹാർ സ്വദേശികളായ മൂന്നുപേരുടെ രക്തസാമ്പിളുകൾ ഇനി ലഭ്യമാവാനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?