
53 ദിവസങ്ങൾ കൊണ്ട് 23 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 53 -കാരൻ. സാഹസികയാത്രകളെ ഏറെ സ്നേഹിക്കുന്ന ലഖ്‌വീന്ദർ സിംഗ് എന്നയാളാണ് 22,000 കിലോമീറ്റർ താണ്ടി 53 ദിവസം കൊണ്ട് 23 രാജ്യങ്ങളിലൂടെ സഞ്ചരിച്ചത്. തൻറെ ടൊയോട്ട Toyota Tacoma ട്രക്കിൽ ആണ് ഇദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിലെ ജലന്തറിലേക്കുള്ള അവിസ്മരണീയമായ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും തന്റെ നിശ്ചയദാർഢ്യത്തിലൂടെ അവയെല്ലാം ധീരതയോടെ നേരിട്ടാണ് ഈ ശ്രദ്ധേയമായ നേട്ടം ഇദ്ദേഹം കൈവരിച്ചത്. ഒരു കോടി രൂപയാണ് ഈ അവിസ്മരണയായ യാത്രയ്ക്കായി ഇദ്ദേഹം ചിലവഴിച്ചത്.
53 ദിവസത്തെ യാത്രയിൽ ഇദ്ദേഹം കൂടുതലായി യാത്ര ചെയ്തത് റോഡ് വഴിയായിരുന്നു. ചില രാജ്യങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ മാത്രം തന്റെ വാഹനം കപ്പൽ വഴി കയറ്റി വിടുകയും പിന്നീട് ട്രെയിനിലും വിമാനത്തിലും ഒക്കെയായി അവിടേക്ക് എത്തുകയും ചെയ്തു. തന്റെ മുഴുവൻ യാത്രയ്ക്കിടയിലും, ജർമ്മനിയിലെ പ്രശസ്തമായ ഓട്ടോബാൻ ഉൾപ്പെടെ യൂറോപ്പിലെ ഏറ്റവും അതിശയകരമായ ചില റോഡുകളിലൂടെ വാഹനം ഓടിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നത് എന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇവിടങ്ങളിൽ ഡ്രൈവർമാർക്ക് അവർക്ക് ഇഷ്ടമുള്ളത്ര വേഗത്തിൽ ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.
യാത്രക്കിടയിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതിന് സെർബിയ, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന് പിഴ അടയ്ക്കേണ്ടി വന്നു. കൊവിഡ് കാലത്ത് ഏകദേശം രണ്ടു മാസത്തോളം വീട്ടിൽ പുറത്തിറങ്ങാതെ കഴിഞ്ഞപ്പോഴാണ് ഈ നീണ്ട റോഡ് യാത്രയെക്കുറിച്ച് താൻ ആദ്യം ചിന്തിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. മൂന്നുവർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് അദ്ദേഹം ഈ യാത്ര യാഥാർത്ഥ്യമാക്കിയത്.
തൻറെ യാത്രക്കിടയിൽ നിരവധി തടസ്സങ്ങൾ നേരിട്ടതായാണ് ഇദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് ഇറാനിലെ വിസ പ്രക്രിയയിൽ, അംഗീകാരം ലഭിക്കാൻ ഏകദേശം ഒരു വർഷമെടുത്തു. കൂടാതെ തന്റെ കാറിൽ ഉപയോഗിച്ചിരുന്ന ഭൂപടത്തിൽ കശ്മീർ ഉൾപ്പെട്ടിട്ടില്ലെന്ന പരാതിയെത്തുടർന്ന് പാക്കിസ്ഥാനിൽ വിസ സസ്പെൻഷനും നേരിടേണ്ടി വന്നു. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഇനിയും ഇതുപോലുള്ള യാത്രകൾ തുടരാൻ തന്നെയാണ് ഇദ്ദേഹത്തിൻറെ തീരുമാനം.