
ബെംഗളൂരുവിൽ വാടക ചെലവുകൾ അനിയന്ത്രിതമായി കുതിച്ചുയരുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് അടുത്തിടെ നടന്ന ഒരു സംഭവം. ഏതാനും ദിവസങ്ങൾ മുൻപ് എക്സില്‍ പോസ്റ്റ് ചെയ്ത ഈ സംഭവം തെല്ലൊന്നുമല്ല നമ്മെ അമ്പരപ്പിക്കുക.
ഒരു വീട്ടുടമ തന്റെ വീടു വാടകയ്ക്ക് നൽകാനായി കൊടുത്ത പരസ്യമാണ് ഈ സോഷ്യൽ മീഡിയാ പോസ്റ്റിന് ആധാരം. പരസ്യത്തിൽ പറയുന്നതനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ആവശ്യപ്പെട്ടിരിക്കുന്നത് 12 മാസത്തെ വാടകയ്ക്ക് തുല്യമായ തുകയാണ്. അതായത് 23 ലക്ഷം രൂപ.
ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ പരസ്യത്തിന്റെ സ്ക്രീൻഷോട്ട്. 4,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 4 BHK ഫുൾ ഫർണിഷ്ഡ് വീടാണ് ഇത് എന്നാണ് പരസ്യത്തിൽ പറയുന്നത്. പ്രതിമാസം 2.3 ലക്ഷം രൂപ വാടക. പരസ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് അതിൽ ആവശ്യപ്പെട്ടിരിക്കുന്ന 23 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണ്. വീട്ടുടമസ്ഥരുടെ അനിയന്ത്രിതമായ അത്യാഗ്രഹത്തെ തുറന്നു കാട്ടുന്നതാണ് ഈ പരസ്യം എന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും അത്യാഗ്രഹികളായ ഭൂവുടമകൾ ബെംഗളൂരു നഗരത്തിലാണ് ഉള്ളതെന്നും 23 ലക്ഷം രൂപ അതിരുകടന്നതാണ് എന്ന് പറയാതെ വയ്യ എന്നും നിരവധി സോഷ്യൽ മീഡിയാ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക്, ടൊറന്റോ, സിംഗപ്പൂർ, ലണ്ടൻ, ദുബായ്, തുടങ്ങിയ ആഗോള നഗരങ്ങളിലെ വീട്ടുടമകൾ പോലും ഇദ്ദേഹത്തിനു മുൻപിൽ നാണിച്ചു തല താഴ്ത്തും എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. ബെംഗളൂരുവിനു പുറത്തുള്ളവർ ഈ തുക കണ്ട് അമ്പരന്നെങ്കിലും ബെംഗളൂരു നഗരത്തിൽ ഉള്ളവർ പറയുന്നത് ഇവിടെ ഇത് സാധാരണമാണ് എന്നാണ്. വീട്ടുടമസ്ഥർ ഏറ്റവും കുറഞ്ഞത് ആറുമാസത്തെ വാടക എങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിക്കാറുണ്ടെന്നും ഇവർ പറയുന്നു.