സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്, നജ്മെ അമിനിക്ക് വധശിക്ഷ

Published : Oct 14, 2026, 08:31 PM IST
Najmeh Amini

Synopsis

സുഹൃത്തുക്കൾക്കൊപ്പം സൈക്കഡെലിക് കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ഭ്രമത്തിനിടയിലാണ് താൻ ഈ പരാമർശങ്ങൾ നടത്തിയതെന്നും, അത് നാക്കുപിഴ മാത്രമാണെന്നും അമിനി കോടതിയിൽ വാദിച്ചു.

ഇറാനിൽ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്റെ പേരിൽ 23 കാരിയായ അക്കൗണ്ടിംഗ് വിദ്യാർത്ഥിനിക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നജ്മെ അമിനി എന്ന യുവതിക്കാണ് പ്രവാചകനിന്ദ ആരോപിച്ച് ഇറാൻ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിലാണ് നജ്മെ അമിനിയെ സുരക്ഷാസേന ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് ഓൺലൈൻ നിരീക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയിൽ ഇറാൻ സൈബർ പോലീസ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. ഇവർ പോസ്റ്റ് ചെയ്ത സാമൂഹിക മാധ്യമത്തിലെ കുറിപ്പിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു, ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തി തുടങ്ങിയ മറ്റ് കുറ്റങ്ങളും ചുമത്തി മറ്റൊരു കേസിൽ ഇവർക്ക് 12 വർഷവും 6 മാസവും ഒരു ദിവസവും തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

കേസും പ്രതിഭാഗം വാദവും

ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമം ആർട്ടിക്കിൾ 262 പ്രകാരം പ്രവാചകനെ അപമാനിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ബോധപൂർവ്വമല്ലാതെയോ ലഹരിയിലോ നടത്തുന്ന പരാമർശങ്ങൾക്ക് ആർട്ടിക്കിൾ 263 പ്രകാരം ഇളവുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം സൈക്കഡെലിക് കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ഭ്രമത്തിനിടയിലാണ് താൻ ഈ പരാമർശങ്ങൾ നടത്തിയതെന്നും, അത് നാക്കുപിഴ മാത്രമാണെന്നും അമിനി കോടതിയിൽ വാദിച്ചു. എന്നാൽ, ഭ്രമത്തിലായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ യു.എസിനെയോ ഇസ്രായേലിനെയോ ഇറാൻ ഭരണകൂടത്തിന്റെ എതിരാളികളെയോ അപ്പോൾ അധിക്ഷേപിച്ചില്ല എന്ന് ചോദിച്ച് ജഡ്ജി ഈ വാദം തള്ളിക്കളയുകയായിരുന്നു. ഈ വധശിക്ഷ അന്തിമമല്ലെന്നും ഇറാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിൽ, തന്റെ കേസ് അന്വേഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും മനുഷ്യാവകാശ സംഘടനകളോടും അമിനി അഭ്യർത്ഥിച്ചിരുന്നു.

'നിരവധി പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള ഒരു നിഷ്കളങ്കയായ പെൺകുട്ടിയാണ് ഞാൻ. എനിക്കായി കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്. എന്നെ നഷ്ടപ്പെടുമോ എന്ന ഭയത്തോടെ ഓരോ രാത്രിയും വെളുപ്പിക്കുന്ന ഒരു കുടുംബമുണ്ട്' അമിനി സന്ദേശത്തില്‍ പറയുന്നു.

അമിനിയുടെ വധശിക്ഷാ വിധി മനുഷ്യാവകാശ സംഘടനകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള അടിച്ചമർത്തലിനും വധശിക്ഷ വർധിക്കുന്നതിനും എതിരെ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇഷ്ടം കോളയും സ്പ്രൈറ്റും, 101 -കാരന്റെ ആരോ​ഗ്യകരമായ ജീവിതം ഇങ്ങനെ!
'വർക്ക് ഫ്രം ഹോം' പറഞ്ഞ് വിനോദ യാത്ര, ലാപ്ടോപ്പ് ചതിച്ചു, ജീവനക്കാരനെ പിരിച്ച് വിട്ട നടപടി ശരിവെച്ച് കമ്മീഷൻ