'വർക്ക് ഫ്രം ഹോം' പറഞ്ഞ് വിനോദ യാത്ര, ലാപ്ടോപ്പ് ചതിച്ചു, ജീവനക്കാരനെ പിരിച്ച് വിട്ട നടപടി ശരിവെച്ച് കമ്മീഷൻ

Published : Oct 14, 2026, 03:39 PM IST
Singapore

Synopsis

സിഡ്നിയിൽ വർക്ക് ഫ്രം ഹോം ആണെന്ന് കമ്പനിയെ വിശ്വസിപ്പിച്ച് സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിച്ച കറൻസി ട്രേഡറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലാപ്ടോപ്പ് ലൊക്കേഷൻ ട്രെയ്സ് ചെയ്ത് ഐ.ടി വിഭാഗമാണ് ഇയാളുടെ കള്ളത്തരം കയ്യോടെ പിടികൂടിയത്. പിരിച്ചുവിട്ട നടപടി ഓസ്‌ട്രേലിയൻ ഫെയർ വർക്ക് കമ്മീഷൻ ശരിവെച്ചു.

വർക്ക് ഫ്രം ഹോം ആണെന്ന് കമ്പനിയെ വിശ്വസിപ്പിച്ച് സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിച്ച കറൻസി ട്രേഡറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദേശനാണ്യ വിനിമയ കമ്പനിയിലെ ജീവനക്കാരനായ ചാൾസ് ഗ്രഹാമിനാണ് എട്ടിന്‍റെ പണി കിട്ടിയത്. 2025 നവംബർ 17 -ന് ഓസ്‌ട്രേലിയയിലെ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിയിരുന്ന ഗ്രഹാം സിംഗപ്പൂരിലെ ഒരു ഹോട്ടലിലാണെന്ന് കമ്പനിയുടെ ഐ.ടി വിഭാഗം ലാപ്ടോപ്പ് ലൊക്കേഷൻ ട്രെയ്സ് ചെയ്ത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡിസംബർ 2 -നാണ് കമ്പനി ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഓഫീസിൽ പറഞ്ഞത് വർക്ക് ഫ്രം ഹോമെന്ന്, പക്ഷേ...

ഗ്രഹാം മുൻപും ഇത്തരത്തിൽ കമ്പനിയെ വഞ്ചിച്ചിട്ടുണ്ടെന്ന് 'ദി സ്ട്രെയിറ്റ്‌സ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ ബാത്ത്‌റൂമിലെ പ്ലംബിംഗ് പണികൾ നടക്കുകയാണെന്നും പ്ലംബറെ കാത്തിരിക്കുകയാണെന്നും മാനേജരോട് പറഞ്ഞ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം വാങ്ങിയ ശേഷം ഇയാൾ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് വിനോദയാത്ര തിരിക്കുകയായിരുന്നു.

2025 സെപ്റ്റംബറിൽ സിംഗപ്പൂരിൽ നിന്ന് ഒരു വർഷത്തേക്ക് ജോലി ചെയ്യാൻ ഗ്രഹാം അനുമതി ചോദിച്ചിരുന്നെങ്കിലും കമ്പനി അത് നിരസിച്ചിരുന്നു. ഗ്രഹാമിന്‍റെ തസ്തിക സിഡ്നി കേന്ദ്രീകരിച്ചുള്ളതാണെന്നും സിംഗപ്പൂരിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് കമ്പനിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് കണ്ണിന് പരിക്കേറ്റെന്ന് കാണിച്ച് ആഴ്ചകളോളം വീട്ടിലിരുന്ന് ജോലി ചെയ്ത ഇയാൾ, പിന്നീട് വാർഷിക അവധിയിൽ പ്രവേശിക്കുകയായിരുന്നു.

മുടന്തൻ ന്യായങ്ങൾ

അവധി കഴിഞ്ഞ് ഓഫീസിലേക്ക് തിരികെ പ്രവേശിക്കേണ്ട ദിവസം ഗ്രഹാം എവിടെയാണെന്ന് ഉറപ്പുവരുത്താൻ മാനേജർ ഐ.ടി വിഭാഗവുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിഡ്നിയിൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ട ഗ്രഹാം സിംഗപ്പൂരിലെ 'ഐബിസ്' ഹോട്ടലിലാണെന്ന് കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവധി ആഘോഷത്തിനിടെ പങ്കാളിക്ക് ബാക്ടീരിയൽ അണുബാധയുണ്ടായതിനാൽ ഓസ്‌ട്രേലിയയിലേക്കുള്ള മടക്കയാത്ര വൈകി എന്നായിരുന്നു ഗ്രഹാമിന്‍റെ വിശദീകരണം. മാനേജരെ വിവരമറിയിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും തുടർച്ചയായി വന്ന ഇമെയിലുകളും ഫോൺ കോളുകളും ഒരു പ്രധാന ക്ലയന്‍റുമായുള്ള പരാതിയും കാരണം ഇതിന് സാധിച്ചില്ലെന്നും ഇയാൾ വാദിച്ചു.

വിശദീകരണം തള്ളി കമ്പനി

എന്നാൽ, പങ്കാളിക്ക് യാത്ര ചെയ്യാൻ കഴിയില്ലായിരുന്നുവെന്ന് തെളിയിക്കുന്ന വൈദ്യരേഖകളോ വിമാന ടിക്കറ്റുകളോ ഹാജരാക്കാൻ ഗ്രഹാമിന് സാധിച്ചില്ലെന്നും, എന്തുകൊണ്ട് ലൊക്കേഷൻ മറച്ചുവെച്ചു എന്നതിന് തൃപ്തികരമായ മറുപടി നൽകിയില്ലെന്നും വ്യക്തമാക്കി കമ്പനി ഈ വിശദീകരണം തള്ളി. ഓഫീസിൽ ആഴ്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ഹാജരാകണമെന്ന നിയമം കൊണ്ടുവന്നതിന് ശേഷം, അസുഖമാണെന്നോ വീട്ടുജോലികൾ കാരണം വൈകിയെന്നോ പറഞ്ഞ് ഗ്രഹാം സ്ഥിരമായി വൈകിയെത്താറുണ്ടായിരുന്ന കാര്യവും കമ്പനി ചൂണ്ടിക്കാട്ടി.

ഒരു തിരുത്ത് മാത്രം, പിരിച്ച് വിടൽ അംഗീകരിച്ച് കമ്മീഷൻ

വിദേശത്തിരുന്ന് ജോലി ചെയ്യാൻ കമ്പനിയുടെ മുൻകൂറായ അനുമതി വേണമെന്ന് ഗ്രഹാമിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഫെയർ വർക്ക് കമ്മീഷൻ അംഗം കമ്മീഷണർ അലാന മാത്യൂസൺ നിരീക്ഷിച്ചു. ഗ്രഹാം തന്‍റെ ലൊക്കേഷൻ സിംഗപ്പൂരാണെന്ന വിവരം മറച്ചുവെച്ചത് മനഃപൂർവമുള്ള വഞ്ചനയാണെന്നും അവർ വ്യക്തമാക്കി. ഒക്ടോബർ 7 -ന് പുറത്തുവന്ന വിധിയിൽ, ഗ്രഹാമിനെ പിരിച്ചുവിട്ടതിന് കമ്പനിക്ക് വ്യക്തമായ കാരണമുണ്ടായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ, നടപടികൾ പൂർത്തിയാക്കുന്നതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, നോട്ടീസ് പീരിയഡിന് പകരമായി നാല് ആഴ്ചത്തെ ശമ്പളത്തിന് ഗ്രഹാമിന് അർഹതയുണ്ടെന്ന് ഉത്തരവിട്ടു. അതേസമയം, ഇയാളെ ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം തള്ളുകയും മറ്റ് നഷ്ടപരിഹാരങ്ങളൊന്നും അനുവദിക്കുകയും ചെയ്തില്ല.

PREV
Read more Articles on
click me!

Recommended Stories

ട്രംപിനെ വെട്ടി കാനഡ; 'ട്രംപ് അവന്യൂ' ഇനി 'ടാക്കോ അവന്യൂ', കാനഡയുടെ വിചിത്ര സ്ഥലനാമങ്ങൾ
ചൂതാട്ട കമ്പനിയുടെ 'പരസ്യതന്ത്രം', യുഎസ് നടന്‍റെ 'കിഡ്നി സ്റ്റോൺ' ലേലത്തിൽ പോയത് 75,000 ഡോളറിന്!