
മാസം 1.8 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും മെട്രോ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിലനിലവാരം കണ്ട് അമ്പരന്നിരിക്കുകയാണ് 25 -കാരനായ സൈബർ സെക്യൂരിറ്റി പ്രൊഫഷണൽ. കൈയിൽ അത്യാവശ്യം സമ്പാദ്യമുണ്ടെന്ന ധാരണയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചപ്പോഴാണ് വിപണിയിലെ യാഥാർത്ഥ്യം ഇദ്ദേഹം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ നിന്ന് വരുന്ന ഈ യുവാവ് വളരെ ചെലവ് ചുരുക്കിയാണ് ജീവിക്കുന്നതത്രേ. നഗരത്തിൽ കാറിന് പകരം സ്കൂട്ടറാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. പാർട്ടികൾക്കോ നൈറ്റ് ക്ലബ്ബുകൾക്കോ മറ്റ് ആഡംബരങ്ങൾക്കോ പണം ചെലവഴിക്കാറുമില്ലെന്ന് അദ്ദേഹം പറയുന്നു. "പേയിംഗ് ഗസ്റ്റ് താമസത്തിന് ശേഷം പ്രതിമാസം ഏകദേശം 31,000 രൂപ മാത്രമാണ് എന്‍റെ ജീവിതച്ചെലവ്. ബാക്കി തുകയിൽ 75,000 രൂപ പ്രതിമാസം SIP വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു. ശേഷിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയാണ് പതിവ്," യുവാവ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുക എന്ന ലക്ഷ്യത്തോടെ ഏകദേശം1.3 കോടി രൂപ ബഡ്ജറ്റ് കണക്കാക്കിയാണ് ഇദ്ദേഹം ബ്രോക്കർമാർ വഴി സ്ഥലം കാണാനിറങ്ങിയത്. ഇന്ദിരാനഗർ, വൈറ്റ്‌ഫീൽഡ് തുടങ്ങിയ ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം.
എന്നാൽ ഈ തുകയ്ക്ക് വലിയ മെച്ചമില്ലാത്ത പ്രദേശങ്ങളിലെ ഒറ്റപ്പെട്ട കെട്ടിടങ്ങളിൽ അസൗകര്യങ്ങൾ നിറഞ്ഞ ചെറിയ 2BHK ഫ്ലാറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് ഇദ്ദേഹം പറയുന്നു. പൂനെ പോലുള്ള നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 800 മുതൽ 900 വരെ ഫ്ലാറ്റുകളുള്ള വലിയ ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ നല്ലൊരു വീട് സ്വന്തമാക്കണമെങ്കിൽ വില 2 കോടി രൂപയ്ക്ക് മുകളിലാണ്. "30 വയസ്സ് വരെ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തകളില്ല. അതിനാൽ അടുത്ത അഞ്ച് വർഷം കൂടി ഇതുപോലെ ലളിതമായി ജീവിച്ച്, നിക്ഷേപങ്ങൾ വളർത്തി, പിന്നീട് വലിയൊരു ലോണെടുത്ത് ഈ വീട് സ്വന്തമാക്കാൻ ശ്രമിക്കണോ? അതോ വീണ്ടും പുതിയൊരു SIP തുടങ്ങണോ?" എന്ന് ഉയർന്ന വിലയിൽ മനംനൊന്ത് യുവാവ് ചോദിക്കുന്നു:
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലെ അമിതവിലയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ പോസ്റ്റ് വഴിവെച്ചത്. യുവതലമുറ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെക്കുറിച്ച് നിരവധി പേർ സഹതാപം രേഖപ്പെടുത്തി. "25 വയസ്സുള്ള മറ്റൊരു പ്രൊഫഷണലാണ് ഞാൻ. മിക്ക ആളുകളും 35 - 40 വയസ്സിന് ശേഷം മാത്രം വീട് വാങ്ങുന്നതിന് കൃത്യമായ കാരണമുണ്ട്. അപ്പോഴേക്കും അത്യാവശ്യം സമ്പാദ്യം കൈവശമുണ്ടാകും." എന്നായിരുന്നു ഒരാൾ കുറിച്ചത്. "ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ വലിയ തൊഴിൽ നഷ്ടങ്ങൾ പോലെയുള്ള ഗുരുതര സാഹചര്യങ്ങൾ ഉണ്ടാകാത്തിടത്തോളം ഇന്ത്യയിലെ ഹൗസിംഗ് മാർക്കറ്റ് തകരാൻ സാധ്യതയില്ല." എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു. ഏതായാലും വലിയ നഗരങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു വീട് സ്വന്തമാക്കുകയെന്നത് ഉയർന്ന ശമ്പളമുള്ള ഐടി പ്രൊഫഷണലുകൾക്ക് പോലും വലിയ വെല്ലുവിളിയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.