53 -കാരൻ പ്രൊഫസറുമായി 26 -കാരിയുടെ പ്രണയവും വിവാഹവും, പരിഹസിക്കുന്നവരോട് പറയാനുള്ളത്

Published : Mar 24, 2022, 01:59 PM IST
53 -കാരൻ പ്രൊഫസറുമായി 26 -കാരിയുടെ പ്രണയവും വിവാഹവും, പരിഹസിക്കുന്നവരോട് പറയാനുള്ളത്

Synopsis

കുടുംബങ്ങളോട് ഇരുവരും തങ്ങളുടെ ഇഷ്ടങ്ങൾ വെളിപ്പെടുത്തിയപ്പോൾ, യാതൊരു എതിർപ്പും കൂടാതെ ഇരുവരെയും കുടുംബങ്ങൾ സ്വീകരിച്ചു. തുടർന്ന് ഇപ്പോൾ ദമ്പതികൾ മകന് വേണ്ടി ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അവരുടെ കഥ പരസ്യപ്പെടുത്തുകയുണ്ടായി.

27 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും തന്റെ സർവകലാശാലയിലെ ഒരു പ്രൊഫസറു(professor)മായി താൻ എങ്ങനെ പ്രണയത്തിലായെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തുന്നു. മറിയം ട്രെല(Mariam Trela)യ്ക്ക് പ്രായം 26. അവൾ പഠിക്കുന്ന ടാൻസാനിയയിലെ മൊറോഗോറോയിലെ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രൊഫസറാണ് 53 -കാരനായ ഗ്രെഗോർസ് ട്രെല(Grzegorz Trela). പോളണ്ടിൽ നിന്നുള്ള ഗ്രെഗോർസ്, 2017 മെയ് മാസത്തിൽ മറിയത്തെ അവരുടെ ആദ്യ ഡേറ്റിനായി കൊണ്ടുപോയി. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം ഇഷ്ടപ്പെട്ടു.  

തുടർന്ന് 2018 ജൂലൈയിൽ, ദമ്പതികൾ വിവാഹിതരായി. അതേ വർഷം തന്നെ അവൾ ഒരാൺകുഞ്ഞിന് ജന്മം നൽകി. മകനായ ഇഗ്നസിന്റെ മുത്തശ്ശനാണ് ഗ്രെഗോർസ് എന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കുമെന്ന് അവൾ പറഞ്ഞു. ഇപ്പോൾ പോളണ്ടിലെ ബീൽസ്‌കോ-ബിയാലയിൽ ഭർത്താവിനും മകനുമൊപ്പം താമസിക്കുകയാണ് മറിയം. “ഞങ്ങളുടെ മകനെ നോക്കി എത്ര സുന്ദരനാണ് നിങ്ങളുടെ കൊച്ചുമകൻ എന്ന് പലപ്പോഴും ആളുകൾ എന്റെ ഭർത്താവിനോട് പറയും" മറിയം പറഞ്ഞു. ചിലപ്പോൾ അദ്ദേഹത്തിന്റെ നരച്ച മുടി കണ്ടിട്ടാകാം ആളുകൾ മകന്റെ മുത്തച്ഛനാണ് അദ്ദേഹമെന്ന് കരുതുന്നതെന്ന് അവൾ പറയുന്നു. ഇപ്പോൾ അദ്ദേഹത്തിന് അത്തരം ചോദ്യങ്ങൾ കേട്ട് ശീലമായിയെന്നും അവൾ കൂട്ടിച്ചേർത്തു.  

ഒടുവിൽ തന്റെ ഭർത്താവാണ് അദ്ദേഹമെന്ന് ആളുകൾ തിരിച്ചറിയുമ്പോൾ, പ്രത്യേകിച്ച് പുരുഷന്മാർ അസൂയയോടെയും, അവിശ്വാസത്തോടെയും അദ്ദേഹത്തെ നോക്കുന്നത് കാണാമെന്നും അവൾ പറയുന്നു. "ഞാൻ അദ്ദേഹത്തിന്റെ പണത്തിന് പിന്നാലെ പോകുകയാണെന്നാണ് നാട്ടുകാരുടെ വിചാരം. എന്നാൽ വാസ്തവത്തിൽ എന്റെ ഭർത്താവ് സമ്പന്നനല്ല" മറിയം പറഞ്ഞു. അവർ ഫേസ്ബുക്ക് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. എന്നാൽ അദ്ദേഹം ജോലി ചെയ്യുന്ന അതെ യൂണിവേഴ്സിറ്റിയിലാണ് അവളും പഠിക്കുന്നതെന്ന് അദ്ദേഹം ആദ്യം അറിഞ്ഞില്ല. അവൾ ടാൻസാനിയയുടെ മറുവശത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ഒടുവിൽ അവളും അതെ സ്ഥലത്താണ് എന്നറിഞ്ഞപ്പോൾ, അദ്ദേഹം നേരിട്ട് കാണാമെന്ന് ആവശ്യപ്പെട്ടു. നേരിട്ട് കണ്ടമാത്രയിൽ ഇരുവരും പ്രണയത്തിലായി. "അങ്ങനെ നോക്കിയാൽ, സർവ്വകലാശാല ഞങ്ങളെ ഒരുമിച്ച് ചേർത്ത ഒരിടമാണ്. പക്ഷേ, ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നില്ല. ഞങ്ങൾക്ക് അക്കാദമിക് ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾ കണ്ടുമുട്ടി, അടുത്തു" അവൾ പറഞ്ഞു.  

പിന്നീട് കുടുംബങ്ങളോട് ഇരുവരും തങ്ങളുടെ ഇഷ്ടങ്ങൾ വെളിപ്പെടുത്തിയപ്പോൾ, യാതൊരു എതിർപ്പും കൂടാതെ ഇരുവരെയും കുടുംബങ്ങൾ സ്വീകരിച്ചു. തുടർന്ന് ഇപ്പോൾ ദമ്പതികൾ മകന് വേണ്ടി ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അവരുടെ കഥ പരസ്യപ്പെടുത്തുകയുണ്ടായി. ഇപ്പോൾ അവരുടെ ജീവിതം തുറന്ന് കാട്ടുന്ന യൂട്യൂബ് ചാനൽ കാണാൻ നിരവധി പേരുണ്ട്. അവരിൽ നിന്നെല്ലാം മിക്കവാറും നല്ല  പ്രതികരണങ്ങളാണ് ദമ്പതികൾക്ക് ലഭിക്കുന്നതും. "പ്രായം, സംസ്കാരം, രാഷ്ട്രീയം, ജീവിതാനുഭവങ്ങൾ എല്ലാം വ്യത്യസ്തമാണെങ്കിലും ഞങ്ങളുടെ സ്നേഹം ആ വേർതിരിവുകളെ ഇല്ലാതാക്കുന്നു. വർഷങ്ങൾ കടന്നുപോകുമ്പോൾ, ഞങ്ങൾ പരസ്പരം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയാണ്. ഞങ്ങൾ സ്നേഹത്തിലൂടെ ഞങ്ങൾക്കിടയിലെ വിഭിന്നതകളെ അതിജീവിക്കാൻ ശ്രമിക്കുന്നു" അവൾ പറഞ്ഞു.   

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്