
ചെറിയ പ്രായവ്യത്യാസം മാത്രമുള്ള അമ്മയെയും മക്കളെയും പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്തൊക്കെ പറഞ്ഞാലും പതിനഞ്ചോ ഇരുപതോ വയസ്സിന്റെ വ്യത്യാസം ഇവർ തമ്മിൽ കാണും. എന്നാൽ, അമ്മയ്ക്ക് പ്രായം 29, മകൾക്ക് പ്രായം 22 ഉം. ഇങ്ങനെ വെറും ഏഴ് വയസ്സിന്റെ പ്രായവ്യത്യാസം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട അമ്മയും മകളുമാണ് സാവന ചാപ്പിനും മകൾ ടിസ്സിയും.
സാവനയും ടിസ്സിയും ടിക്ടോക്കിൽ വൈറലായ അമ്മയും മകളുമാണ്. നിരന്തരം ഇരുവരും ഒരുമിച്ചുള്ള ഡാൻസിന്റെയും മറ്റും വീഡിയോ ഇവർ ടിക്ടോക്കിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരും സഹോദരിമാരാണോ, ഇരട്ടകളാണോ തുടങ്ങി അനേകം ചോദ്യങ്ങൾ ഇരുവർക്കും നേരിടേണ്ടിയും വരാറുണ്ട്. എന്നാൽ, തങ്ങൾ അമ്മയും മകളുമാണ് എന്ന് പറയുമ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസം തോന്നാറാണ് എന്നാണ് സാവനയും ടിസ്സിയും പറയുന്നത്.
എന്നാൽ, വെറും ഏഴ് വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള അമ്മയും മകളും, ഇതെങ്ങനെ സംഭവിച്ചു എന്ന് ആരായും ചിന്തിച്ചുപോകും അല്ലേ? എന്നാൽ, ടിസ്സിയുടെ രണ്ടാനമ്മയാണ് സാവന. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീ. 'അച്ഛൻ തന്നേക്കാൾ വെറും ഏഴ് വയസ്സിന് മാത്രം മൂത്ത ഒരാളെയാണ് വിവാഹം ചെയ്യുന്നത് എന്ന അറിവ് ആദ്യം ടിസ്സിയെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ, അവൾ പിന്നീട് തന്നെ അംഗീകരിച്ചു. തങ്ങൾ നല്ല സൗഹൃദത്തിലാണ്' എന്നാണ് സാവന പറയുന്നത്.
ടിസ്സിയുടെ അച്ഛൻ, അതായത് സാവനയുടെ ഇപ്പോഴത്തെ ഭർത്താവ് ക്രിസ്സും സാവനയും തമ്മിൽ 16 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്. എന്തൊക്കെ പറഞ്ഞാലും ടിസ്സിയും സാവനയും ഇപ്പോൾ നല്ല കൂട്ടുകാരികളായി മാറിക്കഴിഞ്ഞു. പക്ഷേ, ഇരുവരും ടിക്ടോക്കിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് നല്ല വിമർശനങ്ങളും കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ, അതൊന്നും ഞങ്ങൾക്ക് ഒരു വിഷയമേ അല്ല, അതെല്ലാം തങ്ങൾ അവഗണിക്കുകയാണ്, തങ്ങളുടെ കുടുംബം ഹാപ്പിയാണ് എന്നാണ് ഈ അമ്മയും മകളും പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം