
'മണാലിയിൽ 3 ദിവസത്തെ ട്രെക്കിംഗ് എങ്ങനെ പ്ലാൻ ചെയ്യാം' എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നത് ഇന്നു പലരുടെയും പതിവാണ്. എന്നാൽ, ഒരു ഡിജിറ്റൽ ചാറ്റ്‌ബോട്ടിന് മലനിരകളുടെ യഥാർത്ഥ കാഠിന്യവും അപകടസാധ്യതകളും തിരിച്ചറിയാൻ കഴിയില്ലെന്നതിന്റെ തെളിവാണ് അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു സംഭവം. ഗൂഗിൾ ജെമിനിയുടെ യാത്രാനിർദ്ദേശങ്ങൾ അതേപടി വിശ്വസിച്ച് അമേരിക്കയിലെ പ്രശസ്തമായ മൗണ്ട് ഷാസ്റ്റ കൊടുമുടി കയറാൻ ശ്രമിച്ച മൂന്ന് കാലിഫോർണിയൻ പർവ്വതാരോഹകരാണ് രാത്രി മുഴുവൻ കൊടുംതണുപ്പിൽ മലമുകളിൽ കുടുങ്ങി അപകടത്തിലായത്.
8 മണിക്കൂർ പ്ലാൻ, 16 മണിക്കൂർ നീണ്ട ദുരിതം
റോസ്‌വില്ലിൽ നിന്നുള്ള തുടക്കക്കാരായ മൂന്ന് യാത്രികരാണ് മൗണ്ട് ഷാസ്റ്റയിലെ 'ക്ലിയർ ക്രീക്ക് റൂട്ട്' വഴി യാത്ര തിരിഞ്ഞത്. യാത്രയുടെ സമയക്രമം, വഴി, കരുതേണ്ട ഭക്ഷണവും വെള്ളവും തുടങ്ങിയ വിവരങ്ങൾക്കെല്ലാം ഇവർ പ്രധാനമായും ഗൂഗിൾ ജെമിനിയെയാണ് ആശ്രയിച്ചിരുന്നത്.
8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാമെന്ന് എഐ കണക്കാക്കിയ യാത്രയ്ക്കായി ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ഇവർ മലകയറ്റം ആരംഭിച്ചു. എന്നാൽ ഇവർ സഞ്ചരിച്ച വേഗത എഐ കണക്കാക്കിയതിനേക്കാൾ വളരെ കുറവായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി യാത്ര അവസാനിപ്പിച്ച് തിരികെ ഇറങ്ങണമെന്ന സുരക്ഷാ മാനദണ്ഡം തെറ്റിച്ച സംഘം, വൈകുന്നേരം 7 മണിയോടെയാണ് കൊടുമുടിയിലെത്തിയത്.
പിഴച്ച കണക്കുകൂട്ടലുകളും അപകടവും
മടക്കയാത്ര ഇരുട്ടിലായതോടെ സംഘത്തിന്റെ വഴിതെറ്റി. തുടർന്ന് ഇവർ കൂടുതൽ അപകടകരമായ മഡ് ക്രീക്ക് കാനിയൻ താഴ്‌വരയിലേക്ക് ചെന്നെത്തി. അതിനിടയിൽ വഴി കണ്ടെത്താൻ ഉപയോഗിച്ച ഫോണിന്റെ ചാർജ് തീരുകയും, സംഘത്തിലൊരാൾക്ക് വീഴ്ചയിൽ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
എഐ നിർദ്ദേശിച്ചതനുസരിച്ച് എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ മാത്രമാണ് ഇവർ കയ്യിൽ കരുതിയിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഊർജ്ജം നൽകുന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളോ, ആവശ്യത്തിന് വെള്ളമോ, രാത്രി തങ്ങാനുള്ള സുരക്ഷാ ഉപകരണങ്ങളോ ഇവരുടെ പക്കലുണ്ടായിരുന്നില്ല. ഒടുവിൽ ആ കുത്തനെയുള്ള മലയിടുക്കിൽ രാത്രി മുഴുവൻ തങ്ങിയ ഇവരെ പിറ്റേന്ന് രാവിലെയാണ് യു.എസ്. ഫോറസ്റ്റ് സർവീസ് റേഞ്ചർമാർ രക്ഷപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ വൻ ചർച്ച
സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ എഐ നിർദ്ദേശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു. "കാലുകളില്ലാത്ത ഒന്നിനോട് എങ്ങനെ മലകയറണം എന്ന് ചോദിച്ചാൽ ഇതായിരിക്കും അവസ്ഥ" എന്ന് ചിലർ പരിഹസിച്ചപ്പോൾ, "എഐ നൽകിയ വിവരങ്ങൾ തെറ്റല്ലെങ്കിലും, ഫോൺ കൈയ്യിൽ പിടിച്ചിരിക്കുന്ന ആളുടെ ശാരീരികക്ഷമത എന്താണെന്ന് മനസ്സിലാക്കാൻ എഐക്ക് കഴിയില്ല" എന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
"സ്വന്തം യുക്തിയും അറിവും ഉപയോഗിക്കുന്നതിന് പകരം എഐയെ അമിതമായി വിശ്വസിച്ചതാണ് തങ്ങൾക്ക് പറ്റിയ വലിയ പിഴവ്" എന്ന് രക്ഷപ്പെട്ട പർവ്വതാരോഹകരും പിന്നീട് സമ്മതിക്കുകയുണ്ടായി.