തന്റെ ആദ്യ യൂട്യൂബ് ശ്രമം ഒരു വലിയ ഇൻസ്റ്റാഗ്രാം റീൽ പോലെയാകാൻ താൻ ആഗ്രഹിച്ചില്ലെന്നും, സങ്കീർണ്ണമായ ഫിനാൻസ് വിഷയങ്ങൾ പ്രേക്ഷകന് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ കൃത്യമായ പ്ലാനിംഗ് ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

നീണ്ട നാളത്തെ മടിയും ആശയക്കുഴപ്പങ്ങളും അവസാനിപ്പിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക് ചുവടുവെച്ച് യുവസംരംഭക. ബെംഗളൂരു ആസ്ഥാനമായുള്ള ഫൗണ്ടർ ചന്ദ്രലേഖ എം.ആറാണ് തന്റെ ആദ്യ യൂട്യൂബ് വീഡിയോയ്ക്കായി വൻ തുക മുടക്കി ശ്രദ്ധേയയായിരിക്കുന്നത്. ലളിതമായ വീഡിയോയ്ക്ക് പകരം റിസർച്ചും സ്ക്രിപ്റ്റിംഗും എഡിറ്റിംഗും അടങ്ങിയ പ്രൊഫഷണൽ നിലവാരത്തിലുള്ള 20 മിനിറ്റ് ഫിനാൻഷ്യൽ എക്സ്പ്ലെയിനർ വീഡിയോയ്ക്കായി അവർ ചെലവിട്ടത് 1.5 ലക്ഷം രൂപയാണ്. തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ചന്ദ്രലേഖ ഈ വിശേഷങ്ങൾ പങ്കുവെച്ചത്.

'യൂട്യൂബ് തുടങ്ങാൻ ഞാൻ 18 മാസം കാത്തിരുന്നു, ഒടുവിൽ ആദ്യ വീഡിയോയ്ക്കായി 1.5 ലക്ഷം രൂപ ചെലവഴിച്ചു. ഒരു മാസത്തെ പരിശ്രമവും ഒരു ടീമിന്റെ പിന്തുണയും കൊണ്ടാണ് എന്റെ ആദ്യ ലോങ്-ഫോം വീഡിയോ തയ്യാറായത്. ഇന്ത്യ എന്തുകൊണ്ട് ഡോളറിനെതിരെ പിന്തള്ളപ്പെടുന്നു എന്ന വിഷയത്തിലാണ് 20 മിനിറ്റ് വീഡിയോ തയാറാക്കിയത്. ക്യാമറ ഓൺ ചെയ്ത് 20 മിനിറ്റ് സംസാരിച്ച് കുറഞ്ഞ ചെലവിൽ അത് അപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യാൻ തീർച്ചയായും സാധിക്കുമായിരുന്നു' ചന്ദ്രലേഖ കുറിച്ചു.

എങ്കിലും എന്തുകൊണ്ടാണ് ഇത്രയും പണം മുടക്കി ഉയർന്ന നിലവാരത്തിൽ വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. തന്റെ ആദ്യ യൂട്യൂബ് ശ്രമം ഒരു വലിയ ഇൻസ്റ്റാഗ്രാം റീൽ പോലെയാകാൻ താൻ ആഗ്രഹിച്ചില്ലെന്നും, സങ്കീർണ്ണമായ ഫിനാൻസ് വിഷയങ്ങൾ പ്രേക്ഷകന് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ കൃത്യമായ പ്ലാനിംഗ് ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

ഗവേഷണം, സ്ക്രിപ്റ്റ്, എക്സാപിംൾസ്, വിഷ്വൽ ട്രീറ്റ്മെന്റ്, എഡിറ്റിംഗ് തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ടീം ഒരേപോലെ പ്രവർത്തിച്ചതായി അവർ വിശദീകരിച്ചു. ആദ്യത്തെ ഉയർന്ന മുതൽമുടക്കിൽ നിർമ്മിച്ച ഈ വീഡിയോ പോലെയാകില്ല അടുത്ത 20 വീഡിയോകളെന്ന് തനിക്കറിയാം, എങ്കിലും ഈ വലിയ നിക്ഷേപമാണ് തങ്ങളുടെ ദീർഘകാലമായുള്ള മടി ഒഴിവാക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. നല്ല തീരുമാനം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.