''പൊലീസേ, എന്റെ പാവകള്‍ എങ്ങനെയുണ്ടെന്ന് നോക്കിപ്പറയാമോ?''

By Web TeamFirst Published Oct 20, 2021, 1:56 PM IST
Highlights

പോസ്റ്റ് ചെയ്യാതിരിക്കാന്‍ വയ്യാത്തത്ര ക്യൂട്ട്, സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ പോസ്റ്റ്! 

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്റ് സിറ്റി പൊലീസ് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു നാലുവയസ്സുകാരന്‍ പൊലീസ് പട്രോള്‍ വാഹനത്തിനു മുകളില്‍ കയറിയിരിക്കുന്നതാണ് ഫോട്ടോ. ഒപ്പം, ഒരു ഫോണ്‍ കോളിന്റെ ഓഡിയോയും. 

പൊലീസ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച ഒരു കൊച്ചുകുട്ടിയുടെ കോളിന്‍േറതായിരുന്നു ഓഡിയോ.  തനിക്ക് കുറച്ച് പാവകളുണ്ടെന്നും അത് നല്ലതാണോ എന്നു നോക്കണം എന്നുമായിരുന്നു ഫോണ്‍വിളിച്ച കുട്ടിയുടെ ആവശ്യം. അതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍ കുട്ടിയുടെ വീട്ടിലെത്തി. പാവകള്‍ കണ്ടു. അത് അടിപൊളിയാണ് എന്ന് അഭിപ്രായം പറഞ്ഞു. പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വെറുതെ വിളിക്കരുത് എന്ന് അവനെ പഠിപ്പിച്ചു കൊടുത്തു. ശേഷം അവന്‍ പൊലീസ് വണ്ടിക്കു മുകളില്‍ ഇരിക്കുന്ന ഫോട്ടോയുമെടുത്ത്  തിരികെ പോന്നു.

അതിനു ശേഷമാണ്  സൗത്ത് ഐലന്റ് സിറ്റി പൊലീസ് നാലുവയസ്സുകാരന്റെ ഫോട്ടോയും കോളിന്റെ ഓഡിയോയും പുറത്തുവിട്ടത്.  

''കുട്ടികള്‍ അനാവശ്യമായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത് എന്നാണ്്. എങ്കിലും, പോസ്റ്റ് ചെയ്യാനാവാത്തത്ര ക്യൂട്ട് ആണ് സംഭവം എന്നതിനാല്‍, അത് പോസ്റ്റ് ചെയ്യുകയാണ്'' എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ പോസ്റ്റിന്റെ അടിക്കുറിപ്പ്. 

കഴിഞ്ഞ ദിവസമാണ് പൊലീസ് സ്‌റ്റേഷനിലെ എമര്‍ജന്‍സി നമ്പറില്‍ അവന്റെ ഒരു കോള്‍ വന്നത്. 

ഫോണ്‍ എടുത്തത് ഒരു വനിതാ പൊലീസുകാരിയാണ്. അപ്പുറത്ത് ഒരു കൊച്ചുകുട്ടിയാണ് എന്നു കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അവര്‍ തിരക്കി. 

''പൊലീസേ, ഞാന്‍ കുറച്ച് പാവകള്‍ കാണിച്ചുതരാം, നല്ലതാണോ എന്ന് നോക്കിപ്പറയാമോ?''

ഇതായിരുന്നു അവന്റെ ആവശ്യം. അതിനു പിന്നാലെ, അതേ നമ്പറില്‍നിന്നും ഒരാള്‍ വിളിച്ച്, കുട്ടിയുടെ അമ്മയ്ക്ക് വയ്യാത്തതിനാല്‍ അവന്‍ ഫോണെടുത്ത് കളിച്ചതാണ് എന്ന് അറിയിച്ചു. അബദ്ധം പറ്റിയതിനു അദ്ദേഹം ക്ഷമ പറയുകയും ചെയ്തു. 

എങ്കിലും, ആ നാലുവയസ്സുകാരന്റെ ആവശ്യം പൊലീസ് ഗൗരവത്തോടെ തന്നെ പരിഗണിച്ചു. സ്‌റ്റേഷനില്‍നിന്നും ഒരു പൊലീസുകാരന്‍ അടുത്തു തന്നെയുള്ള കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. 

പറഞ്ഞതുപോലെ കുറേ പാവകളുണ്ടായിരുന്നു അവന്. പൊലീസുകാരന്‍ അതെല്ലാം കണ്ട്. എന്നിട്ട്, അവ കൊള്ളാമെന്ന് അഭിപ്രായം പറഞ്ഞു. കുട്ടി അതോടെ സന്തോഷത്തിലായി. അവന്‍ പൊലീസ് വണ്ടിക്കു മുകളില്‍ കയറിയിരിക്കുകയും ചെയ്തു.

click me!