
അമേരിക്കൻ ടെക് വ്യവസായിയായ ബ്രയാൻ ജോൺസന്‍റെ പ്രായം കുറയ്ക്കാനുള്ള വിവിധ ശ്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് ആദ്യമല്ല. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ദിനചര്യയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്. 45 കാരനായ ബ്രയാൻ ജോൺസൻ തന്‍റെ ശരീരഘടന 18 വയസ്സുകാരന്‍റെതാക്കി മാറ്റുന്നതിനായി ഇപ്പോൾ ശീലമാക്കിയിരിക്കുന്ന ദിനചര്യ ആരെയും അമ്പരപ്പിക്കുന്നതാണ്. പുലർച്ചേ ഉണർന്ന് വ്യായമങ്ങൾ ചെയ്യുന്ന ബ്രയാൻ രാവിലെ 11 മണിക്ക് ശേഷം ഒരു ഭക്ഷണവും കഴിക്കില്ല. എന്നുവെച്ചാൽ അദ്ദേഹത്തിന്‍റെ അത്താഴ സമയം രാവിലെ 11 മണിയാണ്. ഒരു ദിവസം കൃത്യം 1977 കലോറി ഭക്ഷണം മാത്രമാണ് ബ്രയാന്‍ കഴുക്കുന്നതും.
തന്‍റെബയോളജിക്ക് ഏജ് (biological age) കുറയ്ക്കുന്നതിനായി ബ്രയാൻ ജോൺസൺ പ്രതിവർഷം 2 മില്യൺ ഡോളർ (ഏകദേശം 16 കോടി രൂപയാണ്) ചെലവഴിക്കുന്നത്. തന്‍റെ ഭക്ഷണ രീതിയെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോൾ ഈ പുതിയ വെളിപ്പെടുത്തലിന് വഴിതെളിച്ചത്. തന്‍റെ ഒരു ദിവസത്തെ അവസാന ഭക്ഷണം രാവിലെ 11 മണിക്ക് കഴിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് ബ്രയാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ സംശയമുണർത്തിയത്. പോസ്റ്റിന് താഴെ ഒരാൾ താങ്കൾക്ക് സമയം മാറി പോയതാണോ, രാത്രി 11 മണിയാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോഴാണ് മറുപടിയുമായി ബ്രയാൻ വീണ്ടും രംഗത്തെത്തിയത്. തനിക്ക് സമയം മാറി പോയിട്ടില്ലന്നും. ഒരോ ദിവസവും രാവിലെ 6 മുതൽ പകല്‍ 11 മണി വരെ മാത്രമേ താൻ ഭക്ഷണം കഴിക്കൂവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതുവഴി തന്‍റെ ദഹനവ്യവസ്ഥയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം നൽകുകയാണന്നും അദ്ദേഹം പറഞ്ഞു.
ബ്രയാൻ ജോൺസന്‍റെ ആന്‍റി - ഏജിംഗ് പ്രോജക്റ്റിന് 'ബ്ലൂപ്രിന്‍റ് ' എന്നാണ് പേരിട്ടിരിക്കുന്നത്. ബിസിനസ് ഇൻസൈഡറിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രയാനും അദ്ദേഹത്തിന്‍റെ ഡോക്ടർമാരും അവകാശപ്പെടുന്നത് ബ്രയാന്‍റെ പ്രായപരിധി മാറ്റാനുള്ള പദ്ധതി അദ്ദേഹത്തെ 37 വയസ്സുകാരന്‍റെ ഹൃദയത്തിലേക്കും ശ്വാസകോശത്തിന്‍റെ ശേഷി 18 വയസ്സുകാരനിലേക്കും എത്തിക്കാൻ സഹായിച്ചുവെന്നാണ്. കൂടാതെ അദ്ദേഹത്തിന്‍റെ ചർമ്മം ഇപ്പോൾ 28 വയസ്സുകാരന്‍റെതിന് സമമാണെന്നും അവകാശപ്പെടുന്നു.