
ഓൺലൈനിലൂടെ കണ്ടുമുട്ടിയ യുവാവിനെ വിവാഹം കഴിക്കാനായി അമേരിക്കൻ യുവതി പാകിസ്ഥാനിൽ. ചിക്കാഗോയിൽ നിന്ന് പാകിസ്ഥാനിലെ ഉഷെരായ് ദാര എന്ന വിദൂര ഗ്രാമത്തിലേക്കായിരുന്നു യുവതിയുടെ യാത്ര. 47 -കാരിയായ മിൻഡി റാസ്മുസ്സെൻ ഒരു വർഷം മുമ്പാണത്രെ ഫേസ്ബുക്ക് വഴി 31 -കാരനായ സാജിദ് സെബ് ഖാനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇപ്പോഴിതാ കാമുകനെ വിവാഹം കഴിക്കാനായി പാകിസ്ഥാനിലും മിൻഡിയെത്തി. വിവാഹവും കഴിഞ്ഞു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും നിരന്തരം ചാറ്റ് ചെയ്ത് തുടങ്ങി. പിന്നാലെയാണ് കോളുകൾ വിളിക്കാനും അത് വീഡിയോകോളിലേക്ക് മാറാനും തുടങ്ങിയത്. വൈകാതെ ഇരുവരും പ്രണയത്തിലായി.
മിൻഡിയാണ് ഖാനോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സമ്മതം ലഭിച്ച ശേഷം അവൾ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഈ മാസം ആദ്യം, അവർ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തി. തുടർന്ന് ഇരുവരും ഖാന്റെ ഗ്രാമത്തിലേക്ക് പോയി. പരമ്പരാഗത ആതിഥ്യമര്യാദയോടെയാണ് മിൻഡിയെ അവർ വരവേറ്റത്.
ഖാനെ വിവാഹം കഴിക്കാനായി 90 ദിവസത്തെ വിസയിലാണ് മിൻഡി പാകിസ്ഥാനിലെത്തിയത്. ഖാന്റെ ഗ്രാമത്തിലെ ആചാരങ്ങളനുസരിച്ചാണ് ഇരുവരും വിവാഹിതരായത്. ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും മിൻഡി ഷെയർ ചെയ്തിട്ടുണ്ട്.
താൻ വളരെ സന്തോഷവതിയാണ് എന്നും തന്റെ വീട്ടുകാർക്ക് ഈ തീരുമാനത്തിൽ സന്തോഷമേയുള്ളൂ എന്നും അവൾ പറയുന്നു. അതേസമയം, അമേരിക്കയിലേക്ക് താന് മടങ്ങിപ്പോയാല് ഖാന്റെ പേപ്പറുകളെല്ലാം ശരിയാക്കുമെന്നും ഖാനും തന്നോടൊപ്പം യുഎസ്സിലെത്തുമെന്നും അവള് പറഞ്ഞു. എളുപ്പത്തില്‍ പൗരത്വം നേടാനാല്ല താന്‍ മിന്‍ഡിയെ സ്നേഹിച്ചത്. അത് അവളുടെ തെരഞ്ഞെടുപ്പായിരുന്നു. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരാം, ഇനി പോകണമെന്ന് തോന്നിയാല്‍ പോകാമെന്നും ഖാന്‍ പറയുന്നു.