Reporters Without Borders : മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇന്ത്യയും

Published : Dec 19, 2021, 05:08 PM IST
Reporters Without Borders : മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇന്ത്യയും

Synopsis

ഈ വർഷം രേഖപ്പെടുത്തിയ 46 പത്രപ്രവർത്തകരുടെ കൊലപാതകങ്ങൾ 1995 -ൽ റിപ്പോർട്ട് തയ്യാറാക്കാൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. എന്നിരുന്നാലും, ജയിലുകളില്‍ കഴിയുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നതാണെന്ന് ആർഎസ്എഫ് പറഞ്ഞു. 

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (Reporters Without Borders- RSF) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെമ്പാടും മാധ്യമപ്രവര്‍ത്തകര്‍ തടവില്‍ കഴിയുകയാണ്. ലോകത്തിലാകെയായി 60 സ്ത്രീകളടക്കം 488 മാധ്യമപ്രവര്‍ത്തകരാണ് തടവില്‍ കഴിയുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. അതില്‍ ഒന്നാമത് നിൽക്കുന്നത് ചൈനയാണ്. തൊട്ടുപിന്നാലെ മ്യാന്മാറും വിയറ്റ്നാമും ഉണ്ട്. തുടർച്ചയായ അഞ്ചാം വർഷവും ഏറ്റവും മോശം ചൈനയിലെ അവസ്ഥ തന്നെ. 127 പേരാണ് തടവിൽ കഴിയുന്നത്. മ്യാൻമറില്‍ 53, വിയറ്റ്നാമില്‍ 43 എന്നിങ്ങനെയാണ് കണക്ക്.

19 വനിതാ മാധ്യമപ്രവർത്തകരും ചൈനയില്‍ ജയിലില്‍ കഴിയുന്നു. അതിലും മുന്നില്‍ ചൈന തന്നെയാണ് എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ഈ വർഷം ലോകമെമ്പാടുമുള്ള 60 വനിതാ മാധ്യമപ്രവർത്തകർ ജയിലിലായി എന്നും അത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണ് എന്നും റിപ്പോർട്ട് പറയുന്നു. മ്യാൻമറിൽ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരാണ് തടങ്കലിൽ ഉള്ളത്, വിയറ്റ്നാമിൽ നാല് മാധ്യമപ്രവർത്തകരാണുള്ളത്. അതേസമയം, മാധ്യമപ്രവർത്തകർക്ക് 'ഏറ്റവും അപകടകരമായ' രാജ്യങ്ങളുടെ പട്ടികയിൽ മെക്സിക്കോയാണ് ഒന്നാം സ്ഥാനത്ത്. പിന്നാലെ അഫ്ഗാനിസ്ഥാൻ. 2021 -ൽ ആറ് കൊലപാതകങ്ങള്‍ ഇവിടെ രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ ഇന്ത്യയാണ്. നാല് മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത് എന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഈ വർഷം രേഖപ്പെടുത്തിയ 46 പത്രപ്രവർത്തകരുടെ കൊലപാതകങ്ങൾ 1995 -ൽ റിപ്പോർട്ട് തയ്യാറാക്കാൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. എന്നിരുന്നാലും, ജയിലുകളില്‍ കഴിയുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നതാണെന്ന് ആർഎസ്എഫ് പറഞ്ഞു. മ്യാൻമർ, ബെലാറസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ അടിച്ചമർത്തലുകൾ കാരണം കഴിഞ്ഞ വർഷം ആ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി എന്നും റിപ്പോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 109 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനാൽ ഏഷ്യ, മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ ഭൂഖണ്ഡമാണെന്നും പറയുന്നു. 


 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?