
ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പിഴയൊടുക്കേണ്ടി വരും. അത് പുതിയ കാര്യമൊന്നുമല്ല. എല്ലായിടത്തും അത് അങ്ങനെ തന്നെയാണ്. ആയിരവും പതിനായിരവും അങ്ങനെ പിഴ വരുന്ന വാഹന ഉടമകളുണ്ടാവാറുണ്ട്. ഏതായാലും, ബംഗളൂരുവിൽ നിന്നുള്ള ഒരാൾക്ക് അങ്ങനെ ട്രാഫിക് പിഴയിനത്തിൽ ഒടുക്കാനുണ്ടായിരുന്നത് 49,000 രൂപയാണ്. എന്നാൽ, ഇപ്പോൾ അതൊന്നുമല്ല വാർത്തയാവുന്നത്, 49,000 രൂപ പിഴയൊടുക്കിയ ഇയാൾ പൊലീസുകാർക്കൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്യുന്നതാണ്.
DCP Traffic North, Bengaluru ആണ് ചിത്രം എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ കാപ്ഷനിൽ, 'ഇന്ന് ട്രാഫിക് നിയമലംഘനങ്ങൾക്ക്, KA50-S-3579 വാഹനത്തിൻ്റെ ഉടമയായ മുനിരാജിൽ നിന്ന് 49,100/- രൂപ പിഴ ശേഖരിച്ചു' എന്നും എഴുതിയിട്ടുണ്ട്. പിഴയായി ഒടുക്കിയ തുകയുടെ വലിയ രസീതും പിടിച്ച് ട്രാഫിക് പൊലീസുകാരുടെ കൂടെ നിൽക്കുന്ന മുനിരാജയുടെ ചിത്രമാണ് എക്സിൽ കാണാൻ സാധിക്കുന്നത്.
അടുത്തിടെ ബംഗളൂരുവിൽ ട്രാഫിക് പൊലീസ് പലപ്പോഴായി, പലവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തി പിഴയൊടുക്കാത്ത ആളുകളിൽ നിന്നും പിഴയീടാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. നിരവധിപ്പേരിൽ നിന്നാണ് പൊലീസ് പിഴയിനത്തിൽ പണം പിടിച്ചെടുത്തിരിക്കുന്നത്. അതും വലിയ വലിയ തുകകളാണ് പൊലീസ് ഈടാക്കുന്നത്.
'ബംഗളൂരുവിൽ 2,681 വാഹനങ്ങളിലെങ്കിലും ട്രാഫിക് നിയം ലംഘിച്ചതിന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഈ നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാനുള്ള നീക്കം ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് ശേഷവും അവർ പണം നൽകാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും അത്തരം കുറ്റവാളികൾക്ക് കോടതി സമൻസ് അയക്കുകയും ചെയ്യും' എന്നാണ് ജോയിൻ്റ് പൊലീസ് കമ്മീഷണർ എംഎൻ അനുചേത് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം