ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ച ഇരുമ്പുകൂട്ടിനുള്ളിൽ 5 കുട്ടികൾ; നടുക്കത്തോടെ സോഷ്യൽ മീഡിയ

Published : Sep 22, 2026, 05:48 PM IST
viral video

Synopsis

കുട്ടികളുടെ ജീവൻ പണയം വെച്ചുള്ള ഈ യാത്രയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്നതും വലിയ കുറ്റമാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു.

ഇരുചക്രവാഹനത്തിന്റെ പിൻഭാഗത്ത് പ്രത്യേകമായി ഘടിപ്പിച്ച ഇരുമ്പുകൂട്ടിൽ അഞ്ച് കുട്ടികളെ ഇരുത്തി അപകടകരമായി യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രാഫിക് നിയമങ്ങളും കുട്ടികളുടെ സുരക്ഷയും പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഈ യാത്ര വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.

ഇരുചക്രവാഹനത്തിന്റെ പിൻഭാഗത്ത് ലോഹം കൊണ്ടുള്ള ഒരു കൂട് നിർമ്മിച്ച് അതിനുള്ളിലാണ് അഞ്ച് കുട്ടികളെ ഇരുത്തിയിരിക്കുന്നത്. ഇതുകൂടാതെ മറ്റൊരു കുട്ടിയെ മുൻവശത്തും ഇരുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിലും കൂട്ടിലുണ്ടായിരുന്ന കുട്ടികൾക്ക് യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല.

കർണാടകയിലെ മൈസൂരു-നഞ്ചൻഗുഡ് റോഡിലാണ് സംഭവം നടന്നതത്രെ. 'കഴിഞ്ഞ രാത്രി മൈസൂരു-നഞ്ചൻഗുഡ് റോഡിൽ: ഒരു ടിവിഎസ് എക്സ്എൽ ഇരുചക്രവാഹനത്തിൽ കോഴികളെ കൊണ്ടുപോകുന്നതുപോലെ അഞ്ച് കുട്ടികളെയും കൊണ്ട് ഒരാൾ യാത്ര ചെയ്യുന്നു. ഞായറാഴ്ച ആയതിനാൽ കടുത്ത തിരക്കുള്ള ഊട്ടി മെയിൻ റോഡായിരുന്നു അത്. ഈ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആർക്കെങ്കിലും ഉത്കണ്ഠയുണ്ടോ?' എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുണ്ടായിരുന്ന കുറിപ്പ്.

കുട്ടികളുടെ ജീവൻ പണയം വെച്ചുള്ള ഈ യാത്രയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്നതും വലിയ കുറ്റമാണെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 'ഒരുപക്ഷേ അത് ആ കുട്ടികളുടെ അച്ഛൻ തന്നെയായിരിക്കാം വാഹനം ഓടിക്കുന്നത്' എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം നിയമലംഘനങ്ങൾ വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹന ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഉയർന്ന ശമ്പളമുള്ള വക്കീൽ ജോലി ഉപേക്ഷിച്ച് നായകളെ നടത്താൻ കൊണ്ടുപോയി, സമ്പാദ്യം കൂടി സമാധാനവും
എവിടെപ്പോയാലും ഇങ്ങനെ തന്നെ; വിയന്ന വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ച് ഇന്ത്യക്കാരൻ, വൻ വിമർശനം