ഉയർന്ന ശമ്പളമുള്ള വക്കീൽ ജോലി ഉപേക്ഷിച്ച് നായകളെ നടത്താൻ കൊണ്ടുപോയി, സമ്പാദ്യം കൂടി സമാധാനവും

Published : Sep 22, 2026, 04:03 PM IST
dog walker

Synopsis

നിലവിൽ ദിവസേന നാല് തവണകളിലായി 20 മുതൽ 30 നായകളെ വരെ അവർ നടത്തുന്നുണ്ട്. ഒരു നായയ്ക്ക് ഒരു മണിക്കൂറിന് ഏകദേശം 19 ഡോളറാണ് ഇവർ ഈടാക്കുന്നത്. ദിവസേന 400 മുതൽ 530 ഡോളർ വരെ (ഏകദേശം 38,000 രൂപ മുതൽ 50,000 രൂപ വരെ) സമ്പാദിക്കാൻ ലിസിന് സാധിക്കുന്നു.

ഉയർന്ന ശമ്പളമുള്ള വക്കീൽ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ ഒരു കരിയർ തെരഞ്ഞെടുത്ത് വിജയം നേടിയിരിക്കുകയാണ് യു.കെയിൽ നിന്നുള്ള 30 -കാരിയായ ലിസ് ഈസ്റ്റ്. ക്രിമിനൽ ഡിഫൻസ് ലോയറാകാൻ ലക്ഷ്യമിട്ട് പഠനം പൂർത്തിയാക്കി വർഷങ്ങളോളം ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് ലിസ് കോർപ്പറേറ്റ് ജോലിക്ക് വിരാമമിട്ട് നായകളെ നടത്തുക എന്ന പുതിയ തൊഴിലിലേക്ക് തിരിഞ്ഞത്.

നാല് വർഷത്തോളം ക്രിമിനൽ ഡിഫൻസിൽ പാരാലീഗലായി ജോലി ചെയ്ത ലിസ്, തുടർന്ന് കൺസൾട്ടിങ് രംഗത്തേക്കും കടന്നിരുന്നു. അഡ്മിനിസ്ട്രേഷൻ ജോലികൾ, കോടതിയിൽ ഹാജരാകൽ, ജയിൽ സന്ദർശനങ്ങൾ, കക്ഷികളെ കാണൽ തുടങ്ങി കടുത്ത മാനസിക സമ്മർദ്ദമുള്ള ജോലികളായിരുന്നു അവയെന്ന് ലിസ് ഓർക്കുന്നു. ദിവസേന 12 മണിക്കൂറിലധികം നീളുന്ന ജോലിയും ലണ്ടനിലേക്കുള്ള രണ്ട് മണിക്കൂർ യാത്രയും കൂടിയായപ്പോൾ ജീവിതം മടുത്തെന്ന് ലിസ് പറയുന്നു. 'എനിക്ക് യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ തോന്നിത്തുടങ്ങി. എല്ലാ ദിവസവും ഇതാണോ എൻ്റെ ജീവിതം' എന്ന് ഞാൻ ചിന്തിച്ചു' എന്നും അവർ വ്യക്തമാക്കി.

കോർപ്പറേറ്റ് ജോലികളിലെ നീണ്ട ജോലി സമയവും വൈകിയുള്ള സോഷ്യൽ ​ഗാതറിം​ഗും കുടുംബജീവിതത്തിന് അനുയോജ്യവുമല്ലെന്ന് തിരിച്ചറിഞ്ഞ ലിസ്, നായകളെ നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജോലിയുമായി നടന്നിരുന്ന ഭർത്താവിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഭർത്താവിന്റെ ജോലിയിലെ സന്തോഷവും ആത്മാർത്ഥതയും കണ്ടാണ് താനും ഈ വഴി തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു.

വരുമാനം എത്ര?

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ലിസ് ഒരു വാൻ വാങ്ങുകയും തുടർന്നൊരു പബ്ബിൽ ജോലി ചെയ്യുന്നതിനിടയിൽ സ്വന്തമായി ഡോഗ് വാക്കിങ് ബിസിനസ്സ് കെട്ടിപ്പടുക്കുകയുമായിരുന്നു. നിലവിൽ ദിവസേന നാല് തവണകളിലായി 20 മുതൽ 30 നായകളെ വരെ അവർ നടത്തുന്നുണ്ട്. ഒരു നായയ്ക്ക് ഒരു മണിക്കൂറിന് ഏകദേശം 19 ഡോളറാണ് ഇവർ ഈടാക്കുന്നത്. ദിവസേന 400 മുതൽ 530 ഡോളർ വരെ (ഏകദേശം 38,000 രൂപ മുതൽ 50,000 രൂപ വരെ) സമ്പാദിക്കാൻ ലിസിന് സാധിക്കുന്നു. മുൻപ് ലഭിച്ചിരുന്നതിനേക്കാൾ മാസത്തിൽ ആയിരക്കണക്കിന് പൗണ്ട് അധികം സമ്പാദിക്കുന്നുണ്ടെന്നും എന്നാൽ ജോലി സമയം പകുതിയായി കുറഞ്ഞുവെന്നും അവർ പറയുന്നു.

നിയമരംഗത്ത് പഠനം പൂർത്തിയാക്കി ഇത്തരത്തിലുള്ള ജോലി ചെയ്യുന്നതിനെതിരെ പലരുടെയും ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തൻ്റെ തീരുമാനത്തിൽ ഖേദമില്ലെന്ന് ലിസ് വ്യക്തമാക്കി. നായകളോടുള്ള സ്നേഹവും പ്രകൃതിയോട് ഇണങ്ങി നിൽക്കാനുള്ള താൽപ്പര്യവുമാണ് ഈ ജോലി തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

എവിടെപ്പോയാലും ഇങ്ങനെ തന്നെ; വിയന്ന വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ച് ഇന്ത്യക്കാരൻ, വൻ വിമർശനം
ശവപ്പെട്ടിയിൽ കിടത്തിയ വൃദ്ധയ്ക്ക് ജീവന്റെ ലക്ഷണം; അത്ഭുത തിരിച്ചുവരവ്, 2 ദിവസത്തിനു ശേഷം മരണം