
കുട്ടികൾ ഫോണുമായി കളിക്കുകയും അതുവഴി ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്യുന്ന അനേകം വാർത്തകൾ വരാറുണ്ട്. വലിയ തലവേദനയാണ് ഇത് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്നത്. കുട്ടികൾ രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്തെല്ലാം കാര്യത്തിൽ ശ്രദ്ധ വേണം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പലതും. അതുപോലെ ഒരു അഞ്ച് വയസുകാരി അമ്മയുടെ ഫോൺ എടുത്ത് ആമസോണിൽ ഓർഡർ ചെയ്തത് 2.37 ലക്ഷം രൂപയുടെ സാധനങ്ങളാണ്.
യുഎസ്സിലാണ് സംഭവം നടന്നത്. അഞ്ച് വയസുകാരിയായ മകളുടെ പ്രവൃത്തി കാരണം അമ്മയ്ക്ക് ഉണ്ടായത് വലിയ നഷ്ടമാണ്. മസാച്യുസെറ്റ്സിലുള്ള സ്ത്രീയും അവരുടെ അഞ്ച് വയസുകാരിയായ മകളും കൂടി കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് മകളെ അടക്കി ഇരുത്തുന്നതിന് വേണ്ടിയാണ് അമ്മ അവളുടെ കയ്യിൽ ഫോൺ കൊടുത്തത്. ജെസിക്ക ന്യൂൻസ് എന്നാണ് അമ്മയുടെ പേര്. ജസിക്ക മകളൊരിക്കലും ആമസോൺ എടുത്ത് അതിൽ തന്റെ ഇഷ്ടപ്പെട്ട പ്രൊഡക്ടുകൾ ഓർഡർ ചെയ്യും എന്ന് കരുതിയേ ഇല്ല.
എന്നാൽ, മകൾ ലില അമ്മയുടെ ഫോണിൽ ആമസോണിൽ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ സാധനങ്ങളാണ്. 10 മോട്ടോർസൈക്കിളുകൾ, ഒരു ജീപ്പ്, ഏഴ് സൈസിലുള്ള 10 ജോഡി കൗഗേൾ ബൂട്ടുകൾ എന്നിവയാണ് ലില ഓർഡർ ചെയ്തത്. എല്ലാത്തിനും കൂടി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയായി വില. ആമസോണിൽ ബയ് നൗ കൊടുത്താണ് സാധനങ്ങൾ ഓർഡർ ചെയ്തത്. അതിൽ പകുതി മോട്ടോർ സൈക്കിളും കൗഗേൾ ബൂട്ട്സിന്റെയും ഓർഡർ റദ്ദ് ചെയ്യാൻ ജസിക്കയ്ക്ക് സാധിച്ചു.
ലിലയോട് എന്തിനാണ് ഇങ്ങനെ ഓർഡർ ചെയ്തത് എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരെണ്ണം വേണമായിരുന്നു എന്നായിരുന്നു അവളുടെ മറുപടി. ഏതായാലും കുട്ടികളെ ബഹളമില്ലാതെ ഇരുത്താൻ ഫോൺ കയ്യിൽ കൊടുക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.