
പ്രതിവർഷം 50 ലക്ഷം രൂപ ശമ്പളമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ സമൂഹ മാധ്യമ കുറിപ്പ് ചർച്ചകൾക്ക് വഴിയൊരുക്കി. ഉയർന്ന വരുമാനമുണ്ടായിട്ടും, വിമാനത്താവളങ്ങളിലെ ആഢംബര കടകളിൽ ഷോപ്പിംഗ് ചെയ്യാൻ തനിക്ക് വേണ്ടത്ര ആത്മവിശ്വാസമോ സാമ്പത്തിക ശേഷിയോ ഇല്ലെന്നാണ് അദ്ദേഹം പോസ്റ്റിൽ തുറന്ന് പറഞ്ഞത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വാറോവ്സ്കി, ഡിയോർ, ദി വൈറ്റ് ക്രോ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: '50 LPA+ CTC ഉണ്ടായിട്ടും, ഈ വിമാനത്താവള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ തക്ക സമ്പന്നതയും ആത്മവിശ്വാസവും എനിക്ക് തോന്നുന്നില്ല.'
ആഢംബര ഉപഭോഗത്തോടുള്ള ഒരു വലിയ 'മാനസിക തടസ്സത്തെ' (psychological barrier) സൂചിപ്പിക്കുന്നതായി കണ്ട ഈ തുറന്നുപറച്ചിൽ നിരവധി ഓൺലൈൻ ഉപയോക്താക്കൾക്ക് തങ്ങളുടേതായ അനുഭവമായി തോന്നി. അദ്ദേഹത്തിന്‍റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ഇത് സമ്പത്തിനോടും ആഢംബരത്തോടുമുള്ള വ്യത്യസ്ത മനോഭാവങ്ങൾ വെളിപ്പെടുത്തി.
ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്, നികുതികൾ, ജീവിതച്ചെലവ്, സമ്പാദ്യം, ബാധ്യതകൾ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ₹50 ലക്ഷം വാർഷിക വരുമാനം ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് കാര്യമായ ചെലവഴിക്കാനുള്ള വരുമാനം ഉണ്ടാകണമെന്നില്ലെന്നായിരുന്നു. മറ്റുള്ളവർ അഭിപ്രായപ്പെട്ടത്, വിമാനത്താവളങ്ങളിലെ ആഢംബര സ്റ്റോറുകൾ പലപ്പോഴും ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. അതായത്, പാരമ്പര്യമായി സമ്പത്തുള്ളവർ, വിദേശ യാത്രക്കാർ, അല്ലെങ്കിൽ പ്രതിമാസ വരുമാനത്തെക്കുറിച്ച് ആശങ്കയില്ലാത്തത്ര പണമുള്ളവർ എന്നിവർക്കാണ് ഈ കടകൾ എന്നായിരുന്നു.
ഈ ആഢംബര സ്റ്റോറുകൾ 'സാധാരണ ഇന്ത്യൻ ഉപയോക്താക്കളെ' ഉദ്ദേശിച്ചുള്ളതല്ലെന്ന് മറ്റൊരു ഉപയോക്താവ് നിരീക്ഷിച്ചു. ഇവരിൽ പലരും വിദേശികളോ അല്ലെങ്കിൽ ശമ്പളം മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാത്ത ഉയർന്ന ആസ്തിയുള്ള വ്യക്തികളോ (High-Net-Worth Individuals) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വരുമാനത്തെ സമ്പത്ത് എന്ന് തെറ്റിദ്ധരിക്കരുത്. ഈ കടകൾ സമ്പത്തുള്ള ആളുകൾക്കുള്ളതാണ്.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.