500 stolen bicycles : മോഷ്ടിച്ച് കുന്നുകൂട്ടിയത് 500 -ലധികം സൈക്കിളുകൾ, ഇയാളെ കുടുക്കിയത് ​ഗൂ​ഗിൾ എർത്ത്

Published : Mar 25, 2022, 02:09 PM ISTUpdated : Mar 25, 2022, 02:50 PM IST
500 stolen bicycles : മോഷ്ടിച്ച് കുന്നുകൂട്ടിയത് 500 -ലധികം സൈക്കിളുകൾ, ഇയാളെ കുടുക്കിയത് ​ഗൂ​ഗിൾ എർത്ത്

Synopsis

സൈക്കിളുകൾ കുന്നുകൂടിയപ്പോൾ അയൽപക്കത്ത് എലികളും പെരുച്ചാഴിയും പെറ്റു പെരുകി. ഇത് കോളിനെ വല്ലാതെ ചൊടിപ്പിച്ചു. അവർ പ്രതിയുമായി വലിയ തർക്കത്തിലായി. പ്രതി അവരുടെ വേലി തകർത്തു. അത് അവരെ വളരെയധികം വിഷമിപ്പിച്ചു. 

500 -ലധികം സൈക്കിളുകൾ മോഷ്ടിച്ചതിന്റെ പേരിൽ ഓക്‌സ്‌ഫോർഡി(Oxford)ൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഇയാളുടെ വീട്ടുവളപ്പിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് സൈക്കിളുകൾ(stolen bicycles) കണ്ടെടുത്തത്. അതിന് സഹായകമായി തീർന്നതോ ഗൂഗിൾ എർതും(Google Earth. അയാളുടെ വീട്ടുവളപ്പിൽ മോഷ്ടിച്ച സൈക്കിളുകളുടെ ഒരു വലിയ കൂമ്പാരം ഗൂഗിൾ എർത്തിൽ കാണാൻ കഴിഞ്ഞതോടെയാണ് പൊലീസിന് സംശയം തോന്നിയത്. അവിടെ എത്തിയ പൊലീസ് പ്രതിയെ കൈയോടെ പൊക്കി.  

മോഷ്ടിച്ച സാധനങ്ങൾ ഉപയോഗിച്ചതിനും ക്രിമിനൽ സ്വത്ത് കൈവശം വച്ചതിനും 54 കാരനായ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വസ്തുവിൽ നിന്ന് കണ്ടെടുത്ത സൈക്കിളുകളുടെ യഥാർത്ഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതായി തേംസ് വാലി പൊലീസ് ബിബിസിയോട് പറഞ്ഞു.  
കോളിൻ ബട്‌ലർ എന്ന 53 -കാരി കഴിഞ്ഞ 32 വർഷമായി പ്രതി താമസിക്കുന്ന അതേ തെരുവിലാണ് താമസിക്കുന്നത്. പ്രതി ഒരു ദശാബ്ദത്തോളമായി അവിടെ തന്നെയാണ് താമസമെന്ന അവർ പറയുന്നു. 'നാലു വർഷം മുമ്പാണ് അയാളുടെ തുരുമ്പിച്ച സൈക്കിളുകളുടെ ശേഖരം ആദ്യമായി എന്റെ കണ്ണിൽപ്പെടുന്നത്. പിന്നീട് അത് ഇപ്പോഴും മുടക്കമില്ലാതെ തുടരുകയാണ്' അവർ പറഞ്ഞു.

'ഇത്രയധികം സൈക്കിളുകൾ അയാളുടെ വീടിന്റെ പരിസരത്ത് കണ്ട ഞാൻ ഇതേ പറ്റി അയാളോട് ചോദിച്ചു. ചുരുങ്ങിയത് ഒരു 500 സൈക്കിളെങ്കിലും അതിൽ കാണും. എന്നാൽ ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികൾക്ക് എത്തിച്ചു കൊടുക്കാനാണ് സൈക്കിളുകൾ എന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, അത് ഒരു ആഫ്രിക്കയിലേക്കും കയറ്റി അയച്ചിട്ടില്ല. അതെല്ലാം അവിടെ തന്നെ കിടന്ന് നശിക്കുന്നു. വാഹനം വാൻലോഡുകളിലാണ് വരുന്നത്. നിരവധി ആളുകൾ അവിടെ രാത്രികളിലും പകലും കയറി ഇറങ്ങുന്നത് കാണാം" അവർ പറഞ്ഞു.

സൈക്കിളുകൾ കുന്നുകൂടിയപ്പോൾ അയൽപക്കത്ത് എലികളും പെരുച്ചാഴിയും പെറ്റു പെരുകി. ഇത് കോളിനെ വല്ലാതെ ചൊടിപ്പിച്ചു. അവർ പ്രതിയുമായി വലിയ തർക്കത്തിലായി. പ്രതി അവരുടെ വേലി തകർത്തു. അത് അവരെ വളരെയധികം വിഷമിപ്പിച്ചു. തുടർന്ന്, എലികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവർ ലോക്കൽ കൗൺസിലിൽ പരാതിപ്പെട്ടു. കീടനിയന്ത്രണത്തിനുള്ള പണം നൽകി. എന്നാൽ സൈക്കിളുകൾക്കിടയിൽ എലികൾ ഇല്ലെന്നായിരുന്നു കൗൺസിലിന്റെ വാദം. മറ്റുളവർക്കെല്ലാം അയാളെ എതിർക്കാൻ ഭയമായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, പിന്നീട് ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇപ്പോൾ പൊലീസ് പ്രതിയെ അന്വേഷണവിധേയമായി വിട്ടയച്ചിരിക്കയാണ്. "മോഷ്ടിച്ചതായി കരുതപ്പെടുന്ന ധാരാളം സൈക്കിളുകൾ വസ്തുവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ സൈക്കിളുകളുടെ ഉടമസ്ഥാവകാശം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ നിലവിൽ" തെംസ് വാലി പൊലീസ് വക്താവ് പറഞ്ഞു.

സംഭവം റിപ്പോർട്ട് ചെയ്യുകയും സൈക്കിളുകളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി. “ആ ബൈക്കുകളെല്ലാം വച്ച് അയാൾ എന്താണ് ചെയ്യുന്നത്?” ട്വിറ്ററിലെ ഒരു ഉപയോക്താവ് ചോദിച്ചു. “ആരും പെട്ടെന്ന് ഇത് കണ്ടെത്തിയില്ല” മറ്റൊരാൾ കൂട്ടിച്ചേർത്തു. അതേസമയം ഗൂഗിൾ എർത്തിൽ മുൻപും ആളുകൾ ഇത്തരത്തിലുള്ള വിചിത്രമായ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ