5,000 വർഷം പഴക്കം; തിരുമലപുരം ഗ്രാമത്തിൽ ഇരുമ്പുയുഗത്തിലെ ശ്മശാനം കണ്ടെത്തി

Published : Oct 15, 2025, 04:52 PM IST
5000 year old Iron Age at Thirumalapuram village

Synopsis

തമിഴ്‌നാട്ടിലെ തിരുമലപുരത്ത് നടത്തിയ ഖനനത്തിൽ ഏകദേശം 5,000 വർഷം പഴക്കമുള്ള ഇരുമ്പയുഗ കാലഘട്ടത്തിലെ ഒരു ശ്മശാനം കണ്ടെത്തി. ശവസംസ്കാര ഭരണികൾ, വിവിധതരം മൺപാത്രങ്ങൾ, സ്വർണ്ണ മോതിരങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ എന്നിവ ഇവിടെ നിന്നും ലഭിച്ചു. 

ക്ഷിണേന്ത്യൻ ചരിത്രത്തിൽ സുപ്രധാനമായ കണ്ടെത്തലിന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള തിരുമലപുരത്ത് സാക്ഷ്യം വഹിച്ചു. തമിഴ്‌നാട് പുരാവസ്തു ഗവേഷണ വകുപ്പ് (TNSDA) നടത്തിയ ഖനനത്തില്‍ ഇരുമ്പയുഗ കാലഘട്ടത്തിലെ ഒരു ശ്മശാനമാണ് ഈ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. ഏകദേശം 5,000 വർഷം പഴക്കമുള്ള, അതായത് ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തിൽ നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്‍റെ അവശേഷിപ്പുകളാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഇരുമ്പയുഗ ജനവാസ കേന്ദ്രങ്ങളിലൊന്നായി ഇതോടെ തിരുമലപുരം മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ആദിച്ചനല്ലൂർ, ശിവഗളൈ തുടങ്ങിയ പുരാതനമായ സ്ഥലങ്ങളുമായി ഈ പുതിയ കണ്ടെത്തലിന് സമാനതകളേറെയുണ്ടെന്നത് പുരാവസ്തു ഗവേഷകരെയും ആകര്‍ഷിക്കുന്നു.

ഇരുമ്പുയുഗ ശ്മശാനം

​കുളശേഖരപ്പേരി അണക്കെട്ടിന് സമീപം, മഴക്കാലത്ത് മാത്രം ഒഴുകുന്ന രണ്ട് അരുവികൾക്കിടയിലായി ഏകദേശം 35 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ പുരാതന ശ്മശാനം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ 37 കുഴികളാണ് ഇവിടെ എടുത്തത്. ഇതിൽനിന്നും അമൂല്യമായ പല വിവരങ്ങളും ലഭിച്ചു. ചതുരാകൃതിയിൽ കല്ലുകൾ പാകി നിർമ്മിച്ച ഒരു അറയാണ് ഇതിൽ ഏറ്റവും പ്രധാനം. 35 കൽപ്പലകകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ അറയ്ക്കുള്ളിൽ നിന്ന് നിരവധി ശവസംസ്കാര ഭരണികളും കണ്ടെത്തി. ഈ അറ ഉരുളൻ കല്ലുകൾ കൊണ്ട് നിറച്ച നിലയിലായിരുന്നു.

 

 

കണ്ടെത്തൽ

​വെള്ള നിറത്തിലുള്ള ചായം പൂശിയ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങൾ, വെള്ള ചായം കൊണ്ട് ചിത്രപ്പണികൾ ചെയ്ത കറുത്ത മൺപാത്രങ്ങൾ തുടങ്ങി അക്കാലത്തെ കരകൗശല വൈദഗ്ദ്ധ്യം വെളിവാക്കുന്ന നിരവധി മൺപാത്ര ശേഖരങ്ങൾ ഇവിടെ നിന്ന് ലഭിച്ചു. തമിഴ്‌നാട്ടിലെ മറ്റ് പുരാതന ഇടങ്ങളിൽ നിന്ന് കണ്ടെത്തിയവയുമായി ഇവയ്ക്ക് സാമ്യമുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂട്ടത്തിൽ, വെള്ള പുള്ളികളുള്ള ചുവന്ന മൺപാത്രത്തിൽ മനുഷ്യന്‍റെയും, മലയുടെയും, മാനിന്‍റെയും, ആമയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. എല്ല്, സ്വർണ്ണം, വെങ്കലം, ഇരുമ്പ് എന്നിവയിൽ തീർത്ത 78 പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തു. ഇതിൽ ചവണ, വാൾ, കുന്തമുന, കോടാലി എന്നിവ കൂടാതെ അതിവിദഗ്ദ്ധമായി നിർമ്മിച്ച മൂന്ന് ചെറിയ സ്വർണ്ണ മോതിരങ്ങളും ഉൾപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് അക്കാലത്ത് തന്നെ സാമൂഹികമായി ഉയർന്ന നിലവാരത്തിലുള്ള ഒരു ജീവിതരീതിയും ഏറെ വികസിതമായ കരകൗശല വിദ്യകളും ഇവിടെ നിലനിന്നിരുന്നുവെന്നാണ്.

കാലപ്പഴക്ക നിർണ്ണയം

​കണ്ടെത്തലുകളുടെ കൃത്യമായ കാലപ്പഴക്കം നിർണ്ണയിക്കാൻ കൂടുതൽ ലബോറട്ടറി പരിശോധനകൾ ആവശ്യമാണെങ്കിലും, ഗവേഷകർ ഇതിനെ ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തിലോ മധ്യത്തിലോ ആണ് രേഖപ്പെടുത്തുന്നത്. ഇത് ശിവഗളൈ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിലെ കണ്ടെത്തലുകളുമായി ഏറെ സാമ്യമുള്ളവയാണ്. പശ്ചിമഘട്ടത്തോട് ചേർന്നുള്ള മലയോര മേഖലകളിലേക്കും തമിഴ്‌നാടിന്‍റെ ഇരുമ്പയുഗ സംസ്കാരം വ്യാപിച്ചിരുന്നുവെന്നതിന്‍റെ തെളിവാണിത്. അക്കാലത്ത് കൃഷി, വ്യാപാരം, കരകൗശല ഉത്പാദനം എന്നിവയിൽ ഏർപ്പെട്ടിരുന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് ഈ കണ്ടെത്തലുകൾ ഉറപ്പിക്കുന്നു. ഈ പ്രദേശത്തെ ഇരുമ്പയുഗത്തിന്‍റെ പരിണാമം മനസ്സിലാക്കുന്നതിൽ ഒരു "നഷ്ടപ്പെട്ട കണ്ണി" (missing link) ആയാണ് പുരാവസ്തു ഗവേഷകർ തിരുമലപുരത്തെ കണക്കാക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്