
വീട്ടിലോ പരിസരപ്രദേശങ്ങളിലും ചെറിയൊരു പാമ്പിനെ കണ്ടാൽ പോലും ഭയന്നു പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, ഒരു സമ്മേളനത്തിനുള്ള പാമ്പിനെ തന്നെ ഒരുമിച്ചു കണ്ടാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒരു അവസ്ഥയിലൂടെയാണ് മധ്യപ്രദേശിലെ മന്ദ്‌സൗറിലെ ഒരു കർഷക കുടുംബവും ഗ്രാമവാസികളും കഴിഞ്ഞദിവസം കടന്നുപോയത്.
ഗ്രാമത്തിലെ ഒരു കർഷകൻറെ കന്നുകാലിത്തൊഴുത്തിൽ കണ്ടെത്തിയത് ഒന്നും രണ്ടുമല്ല 60 കുഞ്ഞു മൂർഖൻ പാമ്പുകളെയാണ്. ഇത്രയധികം വിഷപ്പാമ്പുകളെ ഒരുമിച്ച് കണ്ടതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി വീട്ടുകാരും നാട്ടുകാരും. കന്നുകാലിത്തൊഴുത്തിൽ കണ്ടെത്തിയ പാമ്പിൻകൂട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു പാമ്പ് പിടുത്തക്കാരൻ്റെ സഹായം തേടിയാണ് ഒടുവിൽ ഈ പാമ്പിൻ കൂട്ടത്തെ വീട്ടുകാർ കന്നുകാലിത്തൊഴുത്തിൽ നിന്നും ഒഴിപ്പിച്ചത്. സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ ഇവയെ പെട്ടിയിലാക്കി പിന്നീട് വനാതിർത്തിയോട് ചേർന്നുള്ള സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു. കന്നുകാലിത്തൊഴുത്തിന് തൊട്ടുചേർന്നുള്ള ഒരു കുഴിയിൽ ആണ് ഇത്തരത്തിൽ പാമ്പുകളെ കണ്ടെത്തിയത്. നൂറോളം പാമ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയിൽ 60 എണ്ണത്തിനെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്തി കാട്ടിൽ തുറന്നു വിടാൻ സാധിച്ചത് എന്നാണ് പറയുന്നത്.
പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന പാമ്പുകളുടെ വീഡിയോ ദൃശ്യങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ ഭയപ്പെടുത്തുന്നതാണ്. സംഭവത്തെക്കുറിച്ച് മധ്യപ്രദേശിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത് ഈ ഭാഗത്ത് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പാമ്പിൻകൂട്ടം ആയിരുന്നു ഇത് എന്നാണ്. ഇതുവരെയും ഇത്രയധികം പാമ്പുകളെ ഒന്നിച്ച് കണ്ടെത്തി രക്ഷപ്പെടുത്തി കാട്ടിൽ തുറന്നു വിടാൻ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാമ്പിൻകുഞ്ഞുങ്ങളെ സുരക്ഷിതമായി കാട്ടിൽ തുറന്നു വിടാൻ വീട്ടുകാരും ഗ്രാമവാസികളും കാണിച്ച മനസ്സിനെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.