
'അന്നദാനം മഹാദാനം' എന്ന് പറയാറുണ്ട്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകുക എന്നതിനോളം മഹത്തായ കാര്യമെന്തുണ്ട്. അങ്ങനെ ചെയ്യുന്നവരെ ദൈവം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. അതിലൊരാളാണ് 63 -കാരിയായ കിരൺ കാംദാർ. പാർക്കിൻസൺസ് രോഗത്തിന്റെ വേദനകളും അസ്വസ്ഥതകളും എല്ലാമുണ്ടെങ്കിലും അവർ തന്റെ പതിവുമുടക്കാതെ നൂറുപേർക്കെങ്കിലുമുള്ള ഭക്ഷണം തയ്യാറാക്കുകയും അത് സൗജന്യമായി നൽകുകയും ചെയ്യുകയാണ്.
എല്ലാ ദിവസവും രാവിലെ 5 മണിക്ക് തന്നെ പാൽഘറിലെ തന്റെ വീട്ടിൽ അവർ ഉറക്കമുണരുകയും അടുക്കളയിൽ കയറുകയും ചെയ്യുന്നു. 15 കിലോ അരിയും, 10 കിലോ പരിപ്പും അവിടെ തയ്യാറായിരിക്കും. അതുകൊണ്ട് അവർ അന്നത്തേക്കുള്ള ഖിച്ചഡി തയ്യാറാക്കുകയും ചെയ്യുന്നു.
രാവിലെ 7.15 ആകുമ്പോഴേക്കും കിരൺ തയ്യാറാക്കുന്ന 100 പേർക്കെങ്കിലും ഉള്ള ഖിച്ചഡി ഡിഎം പെറ്റിറ്റ് ഗവൺമെന്റ് ആശുപത്രിയിൽ എത്തിയിരിക്കും. കൊവിഡ് 19 മഹാമാരിയുടെ സമയത്താണ് ഇതിന്റെ എല്ലാം തുടക്കം. അന്ന് അമിതജോലിഭാരം കാരണം കഷ്ടപ്പെടുന്ന മെഡിക്കൽ സ്റ്റാഫുകളെയും ബന്ധുക്കളെയും കണ്ടപ്പോഴാണ് കിരൺ അവർക്ക് വേണ്ടി താൻ ഭക്ഷണം പാകം ചെയ്യട്ടെ എന്ന അപേക്ഷയുമായി ആശുപത്രിയിൽ എത്തിയത്. അതിനുശേഷം ഇങ്ങോട്ട് അവർ ഭക്ഷണം പാകം ചെയ്യുന്നത് തുടരുകയാണ്.
2018 -ലാണ് കിരണിന് പാർക്കിൻസൺസാണ് എന്ന് തിരിച്ചറിഞ്ഞത്. ഈ രോഗത്തിന്റേതായ എല്ലാ പ്രയാസങ്ങളും അവർക്കുണ്ട്. എന്നാൽ പോലും അതൊന്നും അവരെ ബാധിക്കാറില്ല. പാചകത്തിൽ അവർ അതെല്ലാം മറക്കും. രാവിലെ ഏഴ് മണിയാകുമ്പോൾ ആശുപത്രിയിൽ ജോലിക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഒക്കെയായി ആളുകൾ അവരുടെ ഖിച്ചഡിക്ക് വേണ്ടി കാത്തിരിക്കും.
കിരണിന്റെ ഈ നിസ്വാർത്ഥമായ പ്രവൃത്തിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അടുത്തുള്ള കടകളിൽ നിന്നും പാകം ചെയ്യാനുള്ള സാധനങ്ങളും മറ്റും സൗജന്യമായി നൽകാറുണ്ട്.