
രണ്ടുപേർ ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുന്നതിന് ചിലപ്പോൾ ഒന്നും ഒരു തടസമായി മാറാറില്ല. അത് തന്നെയാണ് 66 -കാരനായ മുന്നലാലിന്റെയും 57 -കാരിയായ പ്രമീളയുടെയും ജീവിതത്തിലും സംഭവിച്ചത്. ഇരുവരും കണ്ടുമുട്ടിയത് ഒരു വൃദ്ധസദനത്തിൽ വച്ചാണ്. അവിടെ വച്ചുണ്ടായ പരിചയം പിന്നീട് ഇരുവരുടേയും വിവാഹത്തിലാണ് എത്തിച്ചേർന്നത്.
ഉത്തർപ്രദേശിലെ ആഗ്രയിലുള്ള രാംലാൽ വൃദ്ധസദനത്തിൽ വച്ചാണ് ഒടുവിൽ ഇരുവരും വ്യാഴാഴ്ച വിവാഹിതരായത്. വൃദ്ധസദനത്തിലുള്ളവരെല്ലാം വലിയ സന്തോഷത്തോടെയാണ് ഇവരുടെ വിവാഹം ആഘോഷിച്ചത്. ആ വൃദ്ധസദനത്തെ സംബന്ധിച്ച് അത്യാഹ്ലാദം നിറഞ്ഞ മുഹൂർത്തമായിരുന്നു അത്. ഹൽദി അടക്കം എല്ലാ ചടങ്ങുകളോടും കൂടി വൃദ്ധസദനത്തിൽ നടന്ന ആദ്യത്തെ വിവാഹാഘോഷം കൂടി ആയിരുന്നു മുന്നലാലിന്റെയും പ്രമീളയുടേയും.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു വിവാഹം. ഇവിടെയുള്ള 321 അന്തേവാസികളുടേയും ഇരുവരുടേയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മുന്നലാലും പ്രമീളയും ആറുമാസം മുമ്പാണ് വൃദ്ധസദനത്തിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയത്. ക്രമേണ ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു. പിന്നാലെയാണ് ഇരുവരും പരസ്പരം താങ്ങായി മാറാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിക്കുന്നത്. പ്രമീളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് കാണിച്ച് ആശ്രമത്തിന്റെ ഡയറക്ടർ ശിവ് പ്രസാദ് ശർമ്മയ്ക്ക് മുന്നലാൽ ഒരു കത്തും എഴുതി.
പ്രമീളയുടെ ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് മക്കൾ അവരെ വൃദ്ധസദനത്തിൽ എത്തിക്കുന്നത്. അതുപോലെ, കുടുംബം ഉപേക്ഷിച്ച 90 വയസ്സുള്ള അമ്മയോടൊപ്പമാണ് മുന്നാലാൽ ആശ്രമത്തിൽ താമസമാരംഭിച്ചത്. മുന്നലാലിന്റെ അമ്മയ്ക്കും ഇരുവരും വിവാഹിതരാവുന്നതിൽ വലിയ സന്തോഷം തന്നെ ആയിരുന്നു. അതോടെ അവിടെയുള്ള അന്തേവാസികളും ആ വിവാഹത്തിന് വലിയ ആവേശത്തോടെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഏറെ ആഘോഷത്തോടെ വ്യാഴാഴ്ച ഈ വിവാഹം നടന്നത്.
മുത്തശ്ശി വേറെ ലെവൽ; പ്രായമെത്രയായാൽ എന്താ? ഫിറ്റ്‍നെസ്സിൽ നോ കോംപ്രമൈസ്, വയസ് ഊഹിക്കാനാവില്ല