'70 ലക്ഷം സമ്പാദ്യമുണ്ട്, ആദ്യത്തെ ആവേശവുമില്ല, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം'; യുകെ പ്രവാസിയുടെ കുറിപ്പ് വൈറൽ

Published : Aug 29, 2026, 10:39 AM IST
Back to India

Synopsis

യുകെയിലെ പ്രവാസി ജീവിതത്തിന്‍റെ പ്രാരംഭ ആവേശം അവസാനിച്ചെന്നും, 70 ലക്ഷം രൂപ സമ്പാദ്യവുമായി ഇന്ത്യയിലേക്ക് മടങ്ങി ഐടി മേഖലയിൽ പുതിയൊരു തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നതായും 32-കാരനായ മലയാളി വെളിപ്പെടുത്തുന്നു. സാമ്പത്തിക ബാധ്യതകളില്ലാത്ത തന്‍റെ ഈ തീരുമാനം ഒരു വ്യാമോഹമാണോയെന്ന ആശങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വിഷയം പ്രവാസികൾക്കിടയിൽ ചർച്ചയായി.

യുകെയിലെ പ്രവാസി ജീവിതത്തിന്‍റെ ആദ്യത്തെ ആവേശം അവസാനിച്ചെന്നും, അവിടുത്തെ യഥാർത്ഥ അവസ്ഥ തിരിച്ചറിഞ്ഞതോടെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായും വെളിപ്പെടുത്തി 32 -കാരനായ മലയാളി പ്രവാസി. പ്രോജക്റ്റ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത് കഴിഞ്ഞ നാല് വർഷം കൊണ്ട് ഏകദേശം 70 ലക്ഷം രൂപ സമ്പാദിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു. ഇന്ത്യയിൽ തിരികെയെത്തി ഐടി മേഖലയിൽ പുതിയൊരു തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന തന്‍റെ തീരുമാനം ഒരു വ്യാമോഹമാണോയെന്ന ചോദ്യത്തോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്‍റെ സ്വപ്നവും ആശങ്കകളും പങ്കുവച്ചത്. തനിക്ക് സാമ്പത്തികമായി ആരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും നിലവിൽ ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

" ആദ്യത്തെ ആവേശം കഴിഞ്ഞു"

"ഏകദേശം 4 വർഷം മുമ്പാണ് ഞാൻ യുകെയിലേക്ക് കുടിയേറിയത്. അവിടുത്തെ ജീവിതത്തിന്‍റെ യഥാർത്ഥ അവസ്ഥ അനുഭവിച്ചറിഞ്ഞതോടെ ആദ്യത്തെ ആവേശം ഇപ്പോൾ തനിക്ക് ഇല്ലാതായിരിക്കുന്നു. ഇന്ത്യയിൽ അത്യാവശ്യം നല്ല രീതിയിൽ സമ്പാദിക്കാൻ കഴിഞ്ഞാൽ, അവിടെയും സന്തോഷകരമായ ജീവിതനിലവാരം പുലർത്താൻ എനിക്ക് കഴിയില്ലേയെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു," അദ്ദേഹം എഴുതി. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ യുകെയെ അപേക്ഷിച്ച് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെങ്കിലും, അതൊന്നും തന്നെ കാര്യമായി ബാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

'വല്യ ആർഭാടം വേണ്ട'

"ചില മേഖലകളിൽ സൗകര്യങ്ങൾ കുറവായിരിക്കുമെന്ന് എനിക്കറിയാം. എന്നാൽ അത്തരം കാര്യങ്ങൾ ഞാൻ വിചാരിച്ചത്ര എന്നെ ബാധിക്കുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു." "എനിക്ക് ശരിക്കും വേണ്ടത് വളരെ ലളിതമായ കാര്യങ്ങളാണ്: സാമ്പത്തിക ഭദ്രത, ജോലിക്ക് പുറമെ കുറച്ച് ഒഴിവുസമയം, വല്ലപ്പോഴും യാത്ര ചെയ്യാൻ തക്കവണ്ണം മാറ്റിവെക്കാൻ കഴിയുന്ന വരുമാനം. അല്ലാതെ ആർഭാടപൂർവ്വമായ ഒരു ജീവിതശൈലി നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല." അദ്ദേഹം തന്‍റെ പോസ്റ്റിൽ കുറിച്ചു. തന്‍റെ സമ്പാദ്യം ഉപയോഗിച്ച് ഇന്ത്യയിൽ കരിയർ പുനരാരംഭിക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി. കുടുംബത്തിന് തന്‍റെ സാമ്പത്തിക സഹായം ആവശ്യമില്ലാത്തതിനാൽ, തുടക്കത്തിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്ത് പതുക്കെ ഉയർന്നു വരാൻ സാധിക്കുമെന്ന് കരുതുന്നെന്നും അദ്ദേഹം എഴുതി.

സോഷ്യൽ മീഡിയയിൽ വൻ ചർച്ച

സ്വന്തം തീരുമാനത്തിൽ സന്തോഷവാനാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി ഐടി മേഖലയിലേക്ക് മാറുന്നതിൽ തെറ്റില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. "ഇത് നിങ്ങൾ കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 70 ലക്ഷം രൂപയുടെ സമ്പാദ്യത്തിൽ നിങ്ങൾ തൃപ്തനാണെങ്കിൽ നിങ്ങളുടെ തീരുമാനം തെറ്റല്ല. എന്നാൽ തിരിച്ചാണെങ്കിൽ, ഇതൊരു വ്യാമോഹം മാത്രമാണ്. എന്താണ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്." എന്നായിരുന്നു ഒരുപയോക്താവ് കുറിച്ചത്. "4 വർഷത്തെ മാസ്റ്റേഴ്സ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള എനിക്ക് 55 ലക്ഷം രൂപ സമ്പാദ്യമുണ്ട്. ഞാനും തിരികെ വരാൻ പദ്ധതിയിടുന്നു. പ്രവാസത്തിന്‍റെ ആദ്യത്തെ ആവേശം കഴിഞ്ഞു, ഇവിടെ തുടർന്നാൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്." എന്നായിരുന്നു കാനഡയിൽ നിന്നുള്ള ഒരു 26 -കാരൻ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളാണ് തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

PREV
Read more Articles on
click me!

Recommended Stories

'വരൂ, വിവാഹം കഴിക്കൂ!'; പോസ്റ്റോഫീസ്, നൈറ്റ് ക്ലബ്ബ്, ഇപ്പോൾ ആളുപത്രികളും! വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
സുഹൃത്തിന് ഉപയോഗിക്കാൻ ക്രെഡിറ്റ് കാർഡ് നൽകി; 3.5 ലക്ഷം രൂപ ചെലവാക്കി, ഇപ്പോൾ ഫോൺ എടുക്കുന്നില്ലെന്ന് പരാതി!