സ്വയം നിർമ്മിച്ച ബോട്ടിൽ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ 96 ദിവസത്തെ യാത്ര നടത്തി 72 -കാരൻ

By Web TeamFirst Published Apr 30, 2020, 2:51 PM IST
Highlights

96 ദിവസം കടലിലായിരുന്നുവെന്നതിനാല്‍ത്തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചോ അതെത്രമാത്രം അപകടം വിതയ്ക്കുന്നവെന്നതിനെ കുറിച്ചോ ഒന്നും വേണ്ടത്ര വിവരങ്ങള്‍ ഗ്രഹാം അറിയുന്നുണ്ടായിരുന്നില്ല. 

ലോകമാകെ കൊറോണ വ്യാപിക്കുമ്പോള്‍ ഒരു എഴുപത്തിരണ്ടുകാരന്‍ തനിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒരു യാത്ര നടത്തുകയായിരുന്നു. ഈ മഹാമാരിയെ കുറിച്ചോ ഇതിന്റെ വ്യാപനത്തെ കുറിച്ചോ വേണ്ടത്ര വിവരമുണ്ടാകുന്നതിന് മുമ്പായിരുന്നു ആ യാത്ര. അദ്ദേഹത്തിന്റെ പേരാണ് ​ഗ്രഹാം വാൾട്ടർ. ജനുവരിയിലാണ് ഗ്രഹാം തന്‍റെ യാത്ര തുടങ്ങിയത്. സ്പാനിഷ് ദ്വീപായ ഗ്രാന്‍ കനേറിയയില്‍ നിന്നും ജനുവരി 25 -ന് അദ്ദേഹം ആ സാഹസികയാത്രക്ക് തുടക്കമിട്ടു. ബുധനാഴ്ചയാണ് ആന്‍റിഗയുടെ തീരത്തിറങ്ങിയത്. തനിച്ച് സഞ്ചരിച്ചത് 96 ദിവസം. 

സമുദ്രത്തിലൂടെ തനിച്ച് ഇത്രയധികം ദൂരം സഞ്ചരിച്ചതിനുള്ള ഏറ്റവും പ്രായം ചെന്നയാൾക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ഇനി ഗ്രഹാമിന് സ്വന്തമാകും. 2015 -ല്‍ അറുപത്തിയാറുകാരനായ ഫ്രഞ്ച്മാന്‍ ഗരാര്‍ഡ് മാരി നടത്തിയ യാത്രയുടെ റെക്കോര്‍ഡിനെയാകും ഇത് മറികടക്കുക. 

ഏതായാലും ഈ സമുദ്രയാത്ര ഗ്രഹാമിന് അത്ര എളുപ്പമൊന്നുമല്ലായിരുന്നുവെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. യാത്രയുടെ തുടക്കത്തില്‍ വല്ലാത്ത മഞ്ഞും മൂടലുമായിരുന്നുവെന്ന് ഗ്രഹാം പറയുന്നു. എന്നാല്‍, അറ്റ്ലാന്റിക് സമുദ്രത്തിലെത്തുമ്പോഴേക്കും സൂര്യനെ തെളിഞ്ഞുകണ്ടു തുടങ്ങി. എങ്കിലും യാത്രയില്‍ പലയിടത്തും കാലാവസ്ഥ ചില തടസങ്ങളെല്ലാം സൃഷ്ടിച്ചുവെന്ന് ഗ്രഹാം പറയുന്നുണ്ട്. ശക്തമായ കാറ്റും മറ്റും തന്നെ വല്ലാതെ പ്രയാസപ്പെടുത്തി. ആന്‍റിഗയിലെ കോസ്റ്റ് ഗാര്‍ഡുകളുടെ സഹായവും കൂടിയുള്ളതുകൊണ്ടാണ് അവസാനം അവിടെ എത്താനായതെന്നും ഗ്രഹാം പറയുന്നു. 

 

96 ദിവസം കടലിലായിരുന്നുവെന്നതിനാല്‍ത്തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചോ അതെത്രമാത്രം അപകടം വിതയ്ക്കുന്നവെന്നതിനെ കുറിച്ചോ ഒന്നും വേണ്ടത്ര വിവരങ്ങള്‍ ഗ്രഹാം അറിയുന്നുണ്ടായിരുന്നില്ല. എങ്കിലും ചില വിവരങ്ങളെല്ലാം ഭാര്യ അറിയിക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ തന്നെ താനാകെ ഞെട്ടിപ്പോയി. ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു മഹാമാരിയെ നേരിടേണ്ടി വന്നിട്ടില്ല. അതിനാല്‍ത്തന്നെ തിരികെ എന്തുതരം ലോകത്തിലേക്കാണ് കടലില്‍ നിന്ന് കയറിവരേണ്ടതെന്ന ചിന്ത തന്നെ കടല്‍യാത്രയില്‍ ആകുലതപ്പെടുത്തിയിരുന്നുവെന്ന് ഗ്രഹാം പറയുന്നു. 

ആന്‍റിഗയിലിറങ്ങി മാസ്കൊക്കെ ധരിച്ചാണ് ഗ്രഹാം നില്‍ക്കുന്നത്. ഇത്രയും വലിയൊരു യാത്രയൊക്കെ പൂര്‍ത്തിയാക്കി വന്നതിന് ആരും ആലിംഗനം ചെയ്യുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്യാനാവാത്ത അവസ്ഥയാണല്ലോ. ഏതായാലും യുകെയിലേക്ക് തിരികെയെത്തുമ്പോള്‍ എന്താവുമെന്ന് നോക്കാമെന്നാണ് ഗ്രഹാം പറയുന്നത്. 

യുകെ മിലിട്ടറി വെറ്ററൻസ് ചാരിറ്റി ഹെൽപ്പ് ഫോർ ഹീറോസിനായുള്ള ധനസമാഹരണത്തിനായിട്ടാണ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ഈ സഞ്ചാരം. നേരത്തെയും കൂട്ടുകാര്‍ക്കൊപ്പവും തനിച്ചും അദ്ദേഹം സുദ്രസഞ്ചാരം നടത്തിയിട്ടുണ്ട്. കാര്‍പെന്‍ററായ ഗ്രഹാം 22 വർഷം മുമ്പ് സ്വയം നിര്‍മ്മിച്ചതാണ് സഞ്ചരിച്ച ബോട്ട്. ഗ്രഹാം എപ്പോഴും സാഹസികത ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു ഈ യാത്രയെന്നും ഗ്രഹാമിന്‍റെ ഭാര്യയായ ജീന്‍ വാള്‍ട്ടേഴ്സ് പറയുന്നു. 
 

click me!