കശ്മീർ എന്ന നാട്ടുരാജ്യം ഇന്ത്യയുടെ ഭാഗമായിട്ട് ഇന്നേക്ക് 72 വർഷം..!

By Babu RamachandranFirst Published Oct 26, 2019, 12:44 PM IST
Highlights

" സർദാറിന്റെ കുതന്ത്രം കൊള്ളാം.. പഞ്ചാബിനെക്കാൾ വലിയ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യക്ക് കൊടുത്തിട്ട് പാകിസ്ഥാൻ ഈ കല്ലും മലയും ( കശ്മീർ) പകരം എടുക്കണമെന്നോ..? അതങ്ങു മനസ്സിൽ വെച്ചിരുന്നാൽ മതി.."

 ഇന്നേക്ക് എഴുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസം ദില്ലിയിലും കറാച്ചിയിലും കാശ്മീരിലും ഒരേസമയം കൊണ്ടുപിടിച്ച രാഷ്ട്രീയ സൈനിക നീക്കങ്ങൾ നടക്കുകയായിരുന്നു. കശ്മീർ അന്നുതൊട്ടേ ഇന്ത്യക്കും പാകിസ്താനുമിടയിലെ ഒരു കീറാമുട്ടിയായിരുന്നു. ഇരു രാജ്യങ്ങൾക്കും വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു. കശ്‌മീരിന്‌ തുടക്കത്തിൽ വേറിട്ടൊരു രാജ്യമായി തുടരണം എന്നായിരുന്നു താത്പര്യം. എന്നാൽ ഇന്ത്യക്ക് അത് സമ്മതമല്ലായിരുന്നു. കശ്മീരിലെ രാജാവായ ഹരി സിംഗിനെ നെഹ്‌റുവും പട്ടേലും ദില്ലിയിലേക്ക് ചർച്ചകൾക്കായി ക്ഷണിച്ചു. ഹരി സിങ് തന്റെ ധർമ്മസങ്കടവുമായി ലോർഡ് മൗണ്ട് ബാറ്റണെ ചെന്ന് കണ്ടപ്പോൾ  മൗണ്ട് ബാറ്റൺ ഹരി സിങ്ങിന് നൽകിയ ഉറപ്പ്, 'സ്വാതന്ത്ര്യ സമയത്ത് കശ്മീർ ഇന്ത്യയുടെകൂടെ ചേർന്നാലും പാകിസ്താന്റെ കൂടെ ചേർന്നാലും അതിന്റെ സുരക്ഷ അതാത് രാജ്യങ്ങൾ ഉറപ്പുവരുത്തും 'എന്നായിരുന്നു. 

ഇന്ത്യാമഹാരാജ്യത്തിന്റെ ഏകീകരണപ്രക്രിയയിൽ നെഹ്‍റുവിനേക്കാൾ സ്വാധീനം സർദാർ പട്ടേലിനായിരുന്നു. തുടക്കത്തിൽ നെഹ്‍റുവിനെപ്പോലെ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കണം എന്ന് ആഗ്രഹിച്ച ഒരാൾ തന്നെയായിരുന്നു പട്ടേലും. ഇരുവരും മുഹമ്മദലി ജിന്നയുടെ, 'ഹിന്ദുക്കൾക്ക് ഇന്ത്യ, മുസ്ലിംകള്‍ക്ക് പാകിസ്ഥാൻ' എന്ന ദ്വിരാഷ്ട്ര സങ്കല്പത്തിന്  താത്വികമായിത്തന്നെ എതിരായിരുന്നു എന്നതു തന്നെ അടിസ്ഥാന കാരണം. പക്ഷേ, അതേസമയം എന്തുവിലകൊടുത്തും ഹൈദരാബാദിനെ പാകിസ്ഥാലേക്ക് പോകാതെ തടയണം എന്നും പട്ടേൽ മനസ്സിലുറപ്പിച്ചിരുന്നു. 

കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കണം എന്നുള്ള പട്ടേലിന്റെ ഉറച്ച നിഷ്ഠയ്ക്ക് ഭംഗംവരുന്നത് മറ്റൊരു നാട്ടുരാജ്യം കാരണമാണ്. അതായിരുന്നു ഗുജറാത്തിന്റെ സമുദ്രതീരത്തു കിടന്നിരുന്ന ജൂനാഗഡ് എന്ന നാട്ടുരാജ്യം. അവിടെ സ്ഥിതി കാശ്മീരിലേതിന്റെ നേരെ വിപരീതമായിരുന്നു. കശ്മീരിലെ  ഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനതയെ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരിസിങ്ങ് ആയിരുന്നു എങ്കിൽ ജൂനാഗഡിലെ ഭൂരിഭാഗം വരുന്ന ഹിന്ദുജനതയുടെ രാജാവ് നവാബ് മഹാബത് ഖാൻ എന്ന മുസൽമാൻ ആയിരുന്നു. സുപ്രസിദ്ധമായ സോമനാഥ് ക്ഷേത്രവും മറ്റും ജൂനാഗഡിന്റെ പരിധിക്കുള്ളിൽ ആയിരുന്നു. രാജാവ് മഹാബത് ഖാൻ ആയിരുന്നു എങ്കിലും അധികാരം കയ്യാളിയിരുന്നത് ഷാനവാസ് ഭൂട്ടോ എന്ന ഒരു മുസ്‌ലിം ലീഗ് നേതാവായിരുന്നു.  അയാളാണെങ്കിൽ മുഹമ്മദ് അലി ജിന്നയുടെ സ്വന്തക്കാരനും. ജിന്ന ഭൂട്ടോയ്ക്ക് ഒരു ബുദ്ധി ഉപദേശിച്ചു. ഓഗസ്റ്റ് പതിനഞ്ചു വരെ ഒരക്ഷരം മിണ്ടാതെ ഇരിക്കുക. ഭൂട്ടോ ആ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനം വരെ ഒരെതിർപ്പും പറയാതെ പാവം പോലെ നടിച്ചിരുന്നു. സ്വാതന്ത്ര്യം  പ്രഖ്യാപിച്ച അന്ന് തന്നെ തങ്ങൾ പാകിസ്താന്റെയൊപ്പം പോകുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനമാകട്ടെ ജിന്നയുടെ തന്നെ  ദ്വിരാഷ്ട്ര സങ്കല്പത്തിന് എതിരായിരുന്നു. കാരണം എൺപതുശതമാനം ഹിന്ദുക്കളുള്ള  ജൂനാഗഡ്, ദ്വിരാഷ്ട്ര സങ്കല്പപ്രകാരം തീർച്ചയായും ഇന്ത്യയുടെ ഭാഗം തന്നെയാണ് ആവേണ്ടിയിരുന്നത്. 
 


 

എന്നാൽ ജിന്ന എന്ന ചാണക്യന്റെ ഒരു കുടിലതന്ത്രമായിരുന്നു അത്. ജൂനാഗഡിന്റെ കാര്യത്തിൽ ഇന്ത്യ 2 നേഷൻസ് തിയറിയും കൊണ്ടുവന്നാൽ, അതേ തിയറി പ്രയോഗിച്ച് കശ്മീർ സ്വന്തമാക്കുക. രാജാവല്ല, ജനങ്ങളാണ് സ്വന്തം ഭാവി തീരുമാനിക്കേണ്ടത് എന്ന് ഇന്ത്യ ജൂനാഗഡിന്റെ കാര്യത്തിൽ വാദിച്ചാൽ, അതേവാദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും കശ്മീർ പിടിച്ചെടുക്കാം. അതായിരുന്നു ജിന്നയുടെ മനസ്സിൽ.

സംഗതികൾ ആകെ കുഴഞ്ഞതോടെ നെഹ്‌റു കാര്യങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം സർദാർ പട്ടേലിന് വിട്ടു. പട്ടേൽ ജൂനാഗഡിന്റെ അതിർത്തിയിൽ ഭാരതീയ സൈന്യത്തെ വിന്യസിച്ചു. നെഹ്‌റു സെപ്തംബർ 30 -ന് പാക്കിസ്ഥാന്റെ പ്രഥമപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് കത്തയച്ച് ഇന്ത്യയുടെ നയം അറിയിച്ചു. രാജാവിന്റെ തീരുമാനം ജനവിരുദ്ധമാണ്. ജൂനാഗഡ് ഇന്ത്യയോടാണ് ചേരാനുള്ളത്. ഒന്നുകിൽ രാജാവിന്റെ തീരുമാനം മാറ്റുക, അല്ലെങ്കിൽ ജൂനാഗഡിൽ ഒരു ജനഹിത പരിശോധന നടത്തുക. പാക്കിസ്ഥാന് രണ്ടും സമ്മതമായിരുന്നില്ല. ജൂനാഗഡ് തങ്ങൾക്കുതന്നെ വേണമെന്ന് അവർ വാശിപിടിച്ചു. പാകിസ്ഥാനിൽ നിന്നും അനുകൂലമായ ഒരു തീരുമാനമുണ്ടാവാൻ വേണ്ടി പട്ടേൽ ഏറെ നാൾ കാത്തിരുന്നു. ഒടുവിൽ ക്ഷമകെട്ട്, പട്ടാളത്തെ പറഞ്ഞുവിട്ടു. പട്ടാളം വരുന്നു എന്ന വിവരം കിട്ടിയ ഉടനെ, രാജാവ് തന്റെ സകല ജംഗമസ്വത്തുക്കളോടും കൂടി രായ്ക്കുരാമാനം പാക്കിസ്ഥാനിലേക്കു കടന്നു. ഒടുവിൽ 1948 ഫെബ്രുവരി 20 -ന്  ജൂനാഗഡിൽ ഒരു പൊതുജന ഹിതപരിശോധന നടന്നു. രണ്ടുലക്ഷത്തിൽപരം രജിസ്റ്റേർഡ് വോട്ടർമാർ ഉണ്ടായിരുന്നതിൽ ആകെ 91 പേർക്കുമാത്രമാണ് ജൂനാഗഡ് പാക്കിസ്ഥാനിൽ ചേരണം എന്ന അഭിപ്രായമുണ്ടായിരുന്നത്. 

ജൂനാഗഡിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ കാണിച്ച കുതന്ത്രങ്ങളാണ് പട്ടേലിന്റെ മനം മാറ്റിയത്. അതുവരെ പാക്കിസ്ഥാനോട് മയത്തിൽ മാത്രം പെരുമാറിപ്പോന്ന പട്ടേൽ അതോടെ കശ്മീരിലും തന്റെ നയം കടുപ്പിച്ചു. ഹിന്ദുഭൂരിപക്ഷം വസിക്കുന്ന  ജൂനാഗഡിൽ മുസ്‌ലിം രാജാവിന് കാര്യങ്ങൾ തീരുമാനിക്കാമെങ്കിൽ,  മുസ്‌ലിം ഭൂരിപക്ഷം ഭരിക്കുന്ന കശ്മീരിലെ കാര്യങ്ങൾ വേണമെങ്കിൽ ഹരിസിംഗിനും തീരുമാനിക്കാം എന്നായി പട്ടേലിന്റെ വാദം. ഭൂമിശാസ്ത്രപരമായി പാകിസ്ഥാനിൽ നിന്നും ഏറെ അകലെ ആയിരുന്നു എങ്കിലും, ഹൈദരാബാദിനുവേണ്ടി പാക്കിസ്ഥാൻ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.  അന്ന് നടന്ന ചർച്ചകളിൽ ഒന്നിൽ സർദാർ പട്ടേൽ പാകിസ്ഥാൻ മന്ത്രിയായ സർദാർ അബ്ദുൽ റാബ് നിഷ്താറിനോട് പറഞ്ഞു, " ഭായ്.. ഹൈദരാബാദിന്റെ പേരും പറഞ്ഞ് നിങ്ങൾ ഇങ്ങനെ കടുംപിടുത്തം പിടിക്കരുത്. ഒരു കാര്യം ചെയ്യൂ. ഹൈദരാബാദ് ഇന്ത്യക്ക് വിട്ടുതന്നിട്ട് നിങ്ങൾ പകരം കശ്മീർ എടുത്തോളൂ.. " 
 


 

ഈ ഓഫർ മൗണ്ട് ബാറ്റൺ വഴി അങ്ങ് പാക് പ്രധാനമന്ത്രി ലിയാഖത് അലി ഖാന്റെ മുന്നിലെത്തി. ഖാന് ദേഷ്യം വന്നു, " സർദാറിന്റെ കുതന്ത്രം കൊള്ളാം.. പഞ്ചാബിനെക്കാൾ വലിയ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യക്ക് കൊടുത്തിട്ട് പാകിസ്ഥാൻ ഈ കല്ലും മലയും ( കശ്മീർ) പകരം എടുക്കണമെന്നോ..? അതങ്ങു മനസ്സിൽ വെച്ചിരുന്നാൽ മതി.." പാക്കിസ്ഥാൻ വിസമ്മതം അറിയിച്ചതോടെ പട്ടേൽ പൂർണമായും ഇടഞ്ഞു. ജൂനാഗഡിൽ ഒരു നയം, കാശ്മീരിൽ മറ്റൊരു നയം എന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെ പട്ടേൽ അന്താരാഷ്ട്ര സമൂഹത്തിൽ തുറന്നുകാട്ടി. കശ്മീർ വേണമെങ്കിൽ വിട്ടുനൽകാം എന്ന പട്ടേലിന്റെ അനുനയത്തോട് നെഹ്‌റുവിന് വിയോജിപ്പുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. 

'ജിന്ന, ലിയാഖത് അലി ഖാൻ തുടങ്ങിയവർ '

എന്തായാലും ഇന്തോ-പാക് ബന്ധങ്ങൾ അതോടെ ആടിയുലഞ്ഞു. തകർന്നു എന്നുതന്നെ പറയാം. കാരണം, 1947  ഒക്ടോബർ 22 -ന് പാകിസ്ഥാൻ  തനിനിറം കാണിച്ചു. 'ഓപ്പറേഷൻ ഗുൽമർഗ്' എന്ന പേരിൽ പാകിസ്ഥാൻ കശ്മീർ പിടിച്ചെടുക്കാനായി ഒരു ദൗത്യം തന്നെ തുടങ്ങി. പാക്കിസ്ഥാനിൽ നിന്ന് പത്തുനൂറ് ട്രക്കുകൾ നിറയെ വന്നിറങ്ങിയ രണ്ടായിരത്തോളം സായുധരായ ഗോത്രവർഗ പോരാളികളുടെ വേഷമണിഞ്ഞ പാക് ഭടന്മാർ കാശ്മീരിനുനേരെ ആക്രമണം അഴിച്ചുവിട്ടു.  കാശ്മീരിൽ വന്നിറങ്ങിയ പാക് സൈനികരോടൊപ്പം രാജാവിന്റെ ഭടന്മാരും ചേർന്നു. അവർ ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങി. ഒക്ടോബർ 26 -ന്  ശ്രീനഗർ കീഴടക്കി അവിടത്തെ പള്ളിയിൽ ഈദ് ആഘോഷിക്കുമെന്നായിരുന്നു പാക് പ്രഖ്യാപനം.  24 -ന് ശരണാഗതനായി ഹരി സിങ്ങ് പട്ടേലിൽ അഭയം പ്രാപിച്ചു.  അപ്പോഴേക്കും ഇന്ത്യയിൽ ചേരാൻ ഹരി സിങ്ങ് പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞിരുന്നു. അതോടെ കാശ്മീരിനെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യക്കുനേരെ ഉള്ള ആക്രമണമായി മാറി. ഇന്ത്യൻ കരസേനയും, വ്യോമസേനയും എല്ലാം ചേർന്ന് പ്രത്യാക്രമണം നടത്തി. ലാഹോറിലേക്കുള്ള പ്രയാണം ഉപേക്ഷിച്ച് പാക് നുഴഞ്ഞുകയറ്റക്കാർക്ക് ഇന്നത്തെ പാക് അധീന കശ്മീരിലേക്ക് ഒതുങ്ങേണ്ടി വന്നു.   

അപ്പോഴേക്കും ജിന്ന നെഹ്രുവിനെയും മൗണ്ട് ബാറ്റനെയും ലാഹോറിലേക്ക് ചർച്ചയ്ക്ക് ക്ഷണിച്ചു. സർദാർ പട്ടേൽ അവരെ പോകാൻ അനുവദിച്ചില്ല..." ആക്രമണം നടത്തിയത് അവരാണ്. ജിന്നയ്‌ക്കോ ലിയാഖത് അലി ഖാനോ വല്ലതും ചർച്ച ചെയ്യണമെങ്കിൽ അവർ ഇങ്ങോട്ട്, ദില്ലിയിലേക്ക്  വരട്ടെ... അതാണ് മര്യാദ."  നെഹ്‍റുവാണെങ്കിൽ അങ്ങോട്ട് പോയിട്ടായാലും പ്രശ്നം സമാധാനമായി പരിഹരിച്ചാൽ മതി എന്ന പക്ഷക്കാരനായിരുന്നു.  

പട്ടേലിനും നെഹ്‍റുവിനും ഇടയിൽ അഭിപ്രായഭിന്നത വന്നതോടെ പ്രശ്നം ഗാന്ധിജിക്കു മുന്നിലെത്തി. അദ്ദേഹം ഇരുവരെയും ബിർളാഹൗസിൽ ചർച്ചയ്ക്കു വിളിച്ചു. കൂടെ വി പി മേനോനെയും. ഇരുവരെയും മുന്നിലിരുത്തി ഗാന്ധിജി മേനോനോട് ചോദിച്ചു, "മേനോൻ.. പറയൂ.. നെഹ്‌റു ഈ അവസരത്തിൽ ലാഹോറിലേക്ക് പോകുന്നത് ഉചിതമാകുമോ..? " മേനോൻ പറഞ്ഞു," ഇല്ല മഹാത്മാ.. ഒന്നാമത് നെഹ്‌റുവിന് ഇപ്പോൾ കടുത്ത ജ്വരമാണ്.. അദ്ദേഹം ലാഹോറിലേക്കെന്നല്ല എങ്ങോട്ടും പോകുന്നത് ഇപ്പോൾ സംഭവ്യമല്ല."

അങ്ങനെ ആ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയൊന്നും നടന്നില്ല. മൗണ്ട് ബാറ്റൺ പാക്കിസ്ഥാനിലെത്തി ജിന്നയുമായി ഈ വിഷയത്തിൽ ചർച്ചനടത്തി. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ എവിടെ നിൽക്കുന്നു അവിടെ വെച്ച് യുദ്ധം അവസാനിപ്പിക്കാം എന്നൊരു ധാരണ ജിന്ന മുന്നോട്ടുവെച്ചു. പിന്നീട് ഐക്യരാഷ്ട്ര സംഘടന പ്രശ്നത്തിൽ ഇടപെടുകയും വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

1947  ഒക്ടോബർ 26-നാണ് ഹരി സിങ് കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിക്കുന്നതിനായുള്ള 'ഇൻസ്ട്രുമെന്റ് ഓഫ് ആക്സേഷൻ' (Instrument  of Accession) ഒപ്പിടുന്നത്. അതിന്റെ നാലാം ഉപവാക്യത്തിൽ, മഹാരാജാ ഹരി സിങ്,  കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതായി പ്രഖ്യാപിച്ചു. 

 

 

click me!