
15 വർഷം വീടും സ്വത്തുമെല്ലാം വിറ്റ് കപ്പലിൽ താമസിക്കുക. കടലിലൂടെ കറങ്ങി നടക്കുക. ഓർക്കാൻ പോലുമാവുന്നില്ല അല്ലേ? എന്നാൽ, 77 -കാരിയായ മുൻ അധ്യാപിക ഷാരോൺ ലെയ്‍ൻ അത് നടപ്പിലാക്കി കഴിഞ്ഞു. ആ സ്വപ്നയാത്രയിലാണ് അവരിപ്പോൾ.
കാലിഫോർണിയക്കാരിയായ ഷാരോൺ കപ്പലിൽ ലോകം ചുറ്റാനുള്ള പരിപാടിയിലാണ്. ജപ്പാൻ, ന്യൂസിലാൻഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം അവർ ഈ യാത്രയിൽ സന്ദർശിക്കും. ഒഡീസി വില്ല വീ റെസിഡെന്‍സിയിലായിരിക്കും ഷാരോണിന്റെ യാത്ര. ഈ കപ്പലിൽ ദീർഘകാലത്തേക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വീടുകൾ വാങ്ങുന്നത് പോലെ ഇതിൽ ക്യാബിനുകൾ വാങ്ങാൻ സാധിക്കും.
2023 -ന്റെ അവസാനത്തോടെയാണ് ഷാരോൺ തന്റെ ക്യാബിൻ വാങ്ങുന്നത്. കപ്പൽ സാൻ ഡീഗോയിലെത്തിയപ്പോഴാണ് ഷാരോൺ അതിൽ കയറുന്നത്. 2024 സെപ്റ്റംബറിലാണ് കപ്പൽ അതിന്റെ യാത്ര ആരംഭിച്ചു.
'വർഷങ്ങളോളം താൻ എന്ത് ചെയ്യാൻ ആഗ്രഹിച്ചുവോ, ആ ആഗ്രഹം ഒടുവിൽ സഫലമായിരിക്കുന്നു' എന്നാണ് ഷാരോൺ ഈ സ്വപ്നജീവിതത്തെ കുറിച്ച് പറയുന്നത്. 'ഞാൻ കാബിൻ വാങ്ങി, കാബിനിൽ താമസിക്കുന്നു, ഇതിന് ഇനി അവസാനമില്ല' എന്നും ഷാരോൺ പറഞ്ഞു.
ഇതിൽ ക്യാബിനുകളുടെ വില 15 വർഷത്തേക്ക് $129,000 ( ഏകദേശം 1.10 കോടി) മുതലാണ്. ഷെയർ ചെയ്യാനാവുന്ന ക്യാബിനുകൾക്ക് ഒരാൾക്ക് മാസം $2,000 (ഏകദേശം 1.71 ലക്ഷം രൂപ)യും സിംഗിൾ ആയിട്ടുള്ളതിന് $3,000 (ഏകദേശം 2.56 ലക്ഷം) വും വരും.
ഈ ക്യാബിൻ ഉടമകൾക്ക് തങ്ങൾ കപ്പലിൽ ഇല്ലെങ്കിൽ തങ്ങളുടെ ക്യാബിനുകൾ വാടകയ്ക്ക് കൊടുക്കുകയും ചെയ്യാം. ഇതൊരു സ്മാർട്ട് ചോയ്സ് ആണ് എന്നാണ് ഷാരോൺ പറയുന്നത്. അവരുടെ ഭക്ഷണവും, മദ്യവും, സോഫ്റ്റ് ഡ്രിങ്ക്സും എല്ലാം അവർ നൽകുന്ന തുകയിൽ പെടും. കൂടാതെ റൂം സർവീസും അലക്കും എല്ലാം ചെയ്യാൻ ആളുണ്ടാവും.
എന്തായാലും, കാലിഫോർണിയയിൽ ഒരു വീട് വാങ്ങി കഴിയുന്നതിനേക്കാൾ ലാഭമാണ് ഇത്. ഒപ്പം ലോകവും ചുറ്റാം എന്നാണ് ഷാരോണിന്റെ അഭിപ്രായം.