
നേരിട്ട് റെസ്റ്റോറന്റിൽ പോയി വാങ്ങുന്നതിനേക്കാൾ 81% വില കൂട്ടിയാണ് സ്വിഗ്ഗിയിൽ ഭക്ഷണം വിൽക്കുന്നത് എന്ന ആരോപണവുമായി യുവാവ്. കോയമ്പത്തൂരിൽ നിന്നുള്ള യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. വെറും രണ്ട് കിലോമീറ്റർ ദൂരത്തുള്ള റെസ്റ്റോറന്റിലെ ഭക്ഷണത്തിനാണ് ഈ വിലക്കൂടുതൽ എന്നും യുവാവ് ആരോപിക്കുന്നു. സുന്ദർ (@SunderjiJB) എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) രണ്ട് ബില്ലുകളും വിശദമായി താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, രണ്ട് കിലോമീറ്റർ അകലെയുള്ള അതേ ഔട്ട്‌ലെറ്റിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിനേക്കാൾ 81% ചെലവ് കൂടുന്നത് എന്തുകൊണ്ടാണ്? ഭക്ഷണം എത്തിക്കാൻ താൻ നൽകേണ്ടുന്ന അധിക തുക 663 രൂപയാണ്, ഇതിനെ കുറിച്ച് സ്വിഗ്ഗി ദയവായി വിശദീകരിച്ചാലും എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. സ്വിഗ്ഗിയെ പോസ്റ്റിൽ മെൻഷൻ ചെയ്തിരിക്കുന്നതും കാണാം.
സ്ക്രീൻഷോട്ട് പ്രകാരം സ്വിഗ്ഗിയിൽ ഓർഡർ ചെയ്യുമ്പോൾ ആകെ തുകയായത് 1,473 രൂപയാണ്. എന്നാൽ, അതേ ഭക്ഷണത്തിന് നേരിട്ട് പോയി വാങ്ങുമ്പോൾ 810 രൂപ മാത്രമേ ആകുന്നുള്ളൂ.
വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. രണ്ട് മില്ല്യണിലധികം പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഇത് സ്വിഗ്ഗിയോ സൊമാറ്റയോ ഈടാക്കുന്ന വിലയല്ല, മറിച്ച് റെസ്റ്റോറന്റാണ് ഭക്ഷണത്തിന് ഈ വിലയിട്ടിരിക്കുന്നത് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ പറഞ്ഞത് സ്വിഗ്ഗിയുടെ സേവനങ്ങൾക്ക് പണം നൽകേണ്ടി വരും ഇല്ലാത്തവർക്ക് റെസ്റ്റോറന്റിൽ പോയി കഴിക്കാമല്ലോ എന്നാണ്.
അതേസമയം, യുവാവിനെ അനുകൂലിച്ചുകൊണ്ട് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ഒരുപാട് അധികം തുക ഈടാക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.