
ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള വാതില്‍ തുറന്നുവെച്ച കാലമായിരുന്നു കൊവിഡ് കാലം. അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒെക്ക തകിടം മറിച്ച് കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന്റെ ലോകം തുറന്നുകിട്ടുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ Oമാത്രമല്ല, ലോകത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകള്‍ കിട്ടുന്ന മറ്റ് ഇടങ്ങള്‍ കൂടിയാണ് കുട്ടികള്‍ക്കു മുന്നില്‍ തുറന്നുവന്നത്. പല കുട്ടികളും യൂ ട്യൂബര്‍മാരായ കാലം. മറ്റു ചില കുട്ടികളാവട്ടെ ഗൂഗിളിലൂടെ പാഠപുസ്തകങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അറിവുകള്‍ നേടി. എന്നാല്‍, കുറുമ്പന്‍മാരായ ചില കുട്ടികള്‍ തങ്ങളുടെ വികൃതികള്‍ക്കുള്ള പാഠശാലയായി ഇന്റര്‍നെറ്റിനെ ഉപയോഗിച്ചുപോന്നു.
അത്തരത്തിലൊരു കുട്ടിയുടെ കഥയാണ് കഴിഞ്ഞ ദിവസം ബ്രസീലിയന്‍ മാധ്യമങ്ങള്‍( Brazil media )റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു ഒമ്പതു വയസ്സുകാരന്റെ കഥയാണ്. പേര് ഇമ്മാനുവല്‍ മാര്‍ക്കെസ് ഡി ഒലിവേറ (Emanuel Marques de Oliveira). ബ്രസീലിലെ മനോസിലാണ് (Manaus) വീട്. ഈ കുട്ടി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായി. അവന്‍ ചെയ്ത കുറ്റം കേട്ടാല്‍ ആരും ഞെട്ടും. പുള്ളി ആരുമറിയാതെ വിമാനത്തില്‍ ഒളിച്ചുകടന്ന് 2,700 കിലോമീറ്റര്‍ യാത്ര ചെയ്തു. വീട്ടില്‍നിന്ന് രാവിലെ ആരുമറിയാതെ പുറത്തിറങ്ങിയ ഈ കുട്ടി, വിമാനത്താവളത്തിലെയും വിമാനത്തിലെയും സുരക്ഷാ നിയന്ത്രണങ്ങളെല്ലാം കൂളായി മറികടന്നാണ് വിമാനത്തില്‍ യാത്ര ചെയ്തത്.
വീടിനടുത്തുള്ള മനോസിലെ വിമാനത്താവളത്തില്‍നിന്നാണ് കുട്ടി ലാറ്റിനമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കയറിപ്പറ്റിയത്. ഗ്രേറ്റര്‍ സാവോപോളോയിലെ ഗ്വാലോസ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു ലക്ഷ്യമെന്ന് ബ്രസീലിയന്‍ മാധ്യമമായ ജെ സി നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം യാത്ര പുറപ്പെട്ട് കുറേ കഴിഞ്ഞാണ് ജീവനക്കാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. ചോദ്യം ചെയ്തപ്പോള്‍ മണിമണിപോലെ അവന്‍ കാര്യങ്ങള്‍ പറഞ്ഞു. വിമാന ജീവനക്കാര്‍ ആകെ അമ്പരന്നു. ഉടന്‍ തന്നെ അവര്‍ പൊലീസിനെ വിവരമറിയിച്ചു. ബ്രസീലിലെ കുട്ടികളുടെ കാര്യങ്ങള്‍ക്കായുള്ള ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും അവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് 2700 കിലോ മീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ അവനെ ഇറക്കി. അവിടെ ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിന്റെ കാര്യാലയത്തില്‍ രാത്രി പാര്‍പ്പിച്ച ശേഷം രാവിലെ അവന്റെ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു.
കഥയിലെ ഏറ്റവും രസകരമായ വശം അതല്ല. എങ്ങനെയാണ് താന്‍ വിമാനത്തിനുള്ളില്‍ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് കയറിപ്പറ്റിയതെന്ന് അവന്‍ അധികൃതുേരാട് തുറന്നു പറഞ്ഞു. എങ്ങനെയാണ് അത് എന്നോ?
ഗൂഗിള്‍ വഴി! അതെ ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്ന പയ്യന്‍ എങ്ങനെ ആരുമറിയാതെ വിമാനത്തില്‍ കടന്നുപറ്റാമെന്ന കാര്യം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയായിരുന്നു. വിമാന സുരക്ഷാ നിയന്ത്രണങ്ങള്‍ എങ്ങനെ വെട്ടിക്കാമെന്നും ആരും കാണാതെ എങ്ങനെ അകത്തുകടക്കാമെന്നും താന്‍ ഇന്റര്‍നെറ്റില്‍നിന്നാണ് പഠിച്ചതെന്ന് കുട്ടി പറഞ്ഞതായി ടിവി മാനോസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്തിലും വിമാനത്താവളത്തിലും ഉണ്ടാവുക എന്നും അതിലെ പഴുതുകള്‍ ഉപയോഗിച്ച് എങ്ങനെ വിമാനത്തിനകത്ത് കടക്കാമെന്നുമുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നുവെന്നും അവന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേ സമയം മനോസിലെ വീട്ടില്‍ കാര്യങ്ങള്‍ മറ്റൊന്നായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന് മുറിയില്‍ നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് ആര്‍ നൈന്‍ ചാനലിനോട് പറഞ്ഞു. കുറേ നേരം നോക്കിയിട്ടും അവനെ കാണാതായപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു. മകനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് അവര്‍ കരുതിയിരുന്നത്. കുട്ടിയെ കാണാനില്ലാത്ത വിവരം അറിഞ്ഞ് പൊലീസ് അവനു വേണ്ടിയുള്ള അന്വേഷണം നടത്തുമ്പോള്‍ അവന്‍ കൂളായി വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു.
എന്തായാലും രാത്രി ആയപ്പോള്‍ മകനെന്താണ് സംഭവിച്ചത് എന്ന കാര്യം അവര്‍ അറിഞ്ഞു. മകന്‍ ആരുടെയും കണ്ണില്‍പ്പെടാതെ വിമാനത്തില്‍ സഞ്ചരിച്ച വിവരമറിഞ്ഞ് കണ്ണുതള്ളിപ്പോയ അമ്മയ്ക്ക് രാവിലത്തെ വിമാനത്തില്‍ അവന്‍ മടങ്ങിവന്നപ്പോഴാണ് സമാധാനമായത്. കാര്യങ്ങള്‍ അങ്ങനെ വിടാന്‍ എന്നാല്‍ ആ അമ്മ തയ്യാറല്ല. അവര്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എങ്ങനെയാണ് രേഖകളുില്ലാതെ ഒരു കുട്ടി വിമാനത്തില്‍ യാത്രചെയ്തതെന്നും അതിന് വിമാനത്താവളത്തിലെയും വിമാനത്തിലെയും സുരക്ഷാ വീഴ്ച എങ്ങനെ കാരണമായി എന്നും അന്വേഷിച്ച് നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിക്കുന്നത്.
സംഭവത്തെക്കുറിച്ച് മനോസ് വിമാനത്താവള അധികൃതരും ലാറ്റം വിമാന സര്‍വീസ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവസാനമായി ഒരു കാര്യം കൂടി. കുട്ടി എന്തിനാണ് ഇത്രയും ദൂരെയുള്ള സാവോപോളോയിലേക്ക് പോയത്? ഇക്കാര്യമാണ് പൊലീസ് അന്വേഷിച്ചത്. കുട്ടിയുടെ വീട്ടില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴാണ് കുട്ടിയോട് തന്നെ അവര്‍ അക്കാര്യം ചോദിച്ചത്. മറുപടി രസകരമായിരുന്നു. ''ചുമ്മാ! സാവോപോളയിലെ ഗ്വാലോസില്‍ ബന്ധുവീടുണ്ട്. അവിടെയൊന്ന് പോവണം. കുറച്ചു നാള്‍ താമസിക്കണം. ചുമ്മാ ഒരു രസം. അത്രമാത്രമേ ഉള്ളൂ കാരണം.''