
90 -കളെ വളരെ ഗൃഹാതുരതയോടെ ഓർക്കുന്ന അനേകം പേർ നമുക്കിടയിലുണ്ട്. സാങ്കേതിക വിദ്യയൊന്നും ഇത്രയൊന്നും വളരാത്ത കാലം. അന്നത്തെ ജീവിതരീതി തന്നെ ഇന്നത്തെ ജീവിതരീതിയുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്രയൊക്കെ വേഗത്തിൽ കാലം മാറുമോ എന്ന് പോലും നമുക്ക് തോന്നിപ്പോകും. അന്നത്തെ കുട്ടികൾ സ്കൂളിന്റെ അടുത്തുള്ള കടകളിൽ നിന്നും കൂട്ടി വച്ച കാശ് കൊണ്ട് അനേകം മിഠായികൾ വാങ്ങിയിരുന്നതൊക്കെ എക്കാലത്തും നൊസ്റ്റാൾജിയയോടെ പറയാറുണ്ട്. അമ്പത് പൈസയും കൊണ്ടുപോയാൽ അഞ്ചുതരം മിഠായികൾ കിട്ടുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് നൊസ്റ്റാൾജിയയോടെ പറയാറുള്ളവരും ഒരുപാടുണ്ട്.
എന്നാൽ, ഇന്ന് അത്തരം കടകളോ മിഠായികളോ ഒന്നും തന്നെ അത്ര സാധാരണമല്ല. പക്ഷേ, അതുപോലെ ഉള്ള ഓർമ്മകളും മധുരവും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അങ്ങനെ ഒരു കട തമിഴ്നാട്ടിലുണ്ട്. ഒരിക്കൽ കൂടി ഓർമ്മയിലെ ആ മധുരം നുണയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ കട തുറന്നിരിക്കുന്നത്. പാളയംകോട്ടൈ സ്വദേശിയായ കൃഷ്ണൻ രണ്ട് വർഷമായി ഗോപാലസ്വാമി ക്ഷേത്രത്തിന് സമീപത്ത് ഈ കട നടത്തുന്നുണ്ട്.
എന്നാൽ, 90 -ലെ കുട്ടികളുടെ ഓർമ്മകളിലെ രുചിയും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഈ കടയിൽ ഇപ്പോൾ രണ്ടായിരത്തിലെ കുട്ടികൾ ക്യൂ നിൽക്കുകയാണ്. മറ്റൊന്നിനുമല്ല, ഈ രുചി അറിയുന്നതിന് വേണ്ടി തന്നെ. പപ്പട മിട്ടായി, തേൻ മിട്ടായി, തേങ്ങ മിട്ടായി എന്നിവയൊക്കെ അന്നത്തെ കുട്ടികൾക്കിടയിൽ വളരെ സാധാരണമായിരുന്നു. എന്നാൽ, ഇന്ന് അതൊന്നും കിട്ടാറില്ല. ആ രുചികളാണ് കൃഷ്ണൻ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്.
ഇത് 90 -കളിലെ കുട്ടികൾക്ക് മാത്രമല്ല, ഞങ്ങൾക്കും ഒരുപാട് ഇഷ്ടമുണ്ട് ഇത്തരം രുചികൾ എന്നാണ് ഇവിടെ എത്തുന്ന കുട്ടികളും പറയുന്നത്.