
വടക്കൻ ചൈനയിൽ നിന്നുള്ള ഒരു 90 വയസുകാരനും ഭാര്യയുമാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. തന്റെ ഭാര്യയോടൊപ്പം വാനിൽ രാജ്യത്തുടനീളം നടത്തിയ യാത്രയുടെ പേരിലാണ് അദ്ദേഹത്തെ ആളുകൾ അറിയുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ യാത്ര തുടരുകയാണത്രെ. ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലെ ഹോഹോട്ടിൽ നിന്നുള്ള വാങ് റുയിസെൻ 2003 -ലാണ് ആദ്യത്തെ വാൻ വാങ്ങുന്നത്. റോഡ് ട്രിപ്പ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ വാൻ വാങ്ങിയത്. അതിനുശേഷം, ഭാര്യ ഷാങ്ങിനൊപ്പം ചൈനയിലുടനീളം റോഡ് യാത്രകൾ നടത്തുന്നുണ്ട് വാങ്. 86 വയസായി ഇപ്പോൾ ഭാര്യ ഷാങ്ങിന്.
ഓരോ വർഷവും വാങ്ങും ഭാര്യയും കുറഞ്ഞത് 20,000 കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നു. അതിൽ രണ്ടോ മൂന്നോ നീണ്ട യാത്രകളെങ്കിലും കാണും. അത് ചിലപ്പോൾ മാസങ്ങൾ നീണ്ടുനിൽക്കുന്നതായിരിക്കും. വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിൻജിയാങ്, തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടിബറ്റിലെ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാങ്ങും ഷാങ്ങും പോയിക്കഴിഞ്ഞു. രാജ്യത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ഓരോ സ്ഥലങ്ങളെയും അറിഞ്ഞുകൊണ്ട് ജീവിതം വിശാലമാക്കുകയും ചെയ്യുകയാണ് ഈ യാത്രകളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണ് ഇവർ പറയുന്നത്.
ചൈനയിലെ പ്രശസ്തമായ ഓരോ വിനോദസഞ്ചാരകേന്ദ്രങ്ങളും തങ്ങൾ സന്ദർശിച്ചു കഴിഞ്ഞു എന്ന് ദമ്പതികൾ പറയുന്നു. അതേസമയം, യാത്രകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വാങിന്റെ ജീവിതം. 1951 -ൽ, കൊറിയൻ യുദ്ധകാലത്ത് പീപ്പിൾസ് വളണ്ടിയർ ആർമിയിൽ ഡ്രൈവറായും മെഷീൻ റിപ്പയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ആ ജീവിതത്തെ കുറിച്ച് അദ്ദേഹം പക്ഷേ കൂടുതലൊന്നും പറയാറില്ല.
യാത്ര തുടങ്ങിയ കാലത്ത് ദിവസം 10 മണിക്കൂറൊക്കെ അദ്ദേഹം വാൻ ഡ്രൈവ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ അത് ആറും ഏഴും മണിക്കൂറുകളായി മാറിയിരിക്കുന്നു. എന്നിരുന്നാലും ഈ യാത്ര വാങ്ങിനും ഷാങ്ങിനും നൽകുന്ന സന്തോഷം ചെറുതല്ല. വാങ്ങിനൊപ്പമുള്ള യാത്രയിൽ തനിക്കെപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടാറുണ്ട് എന്ന് ഷാങ് പറയുന്നു.