
ഓഫറിൽ സാധനങ്ങൾ നൽകുന്നുണ്ടെന്നറിഞ്ഞാൽ, ഒന്നെടുത്താൽ ഒന്ന് ഫ്രീയാണ് എന്നറിഞ്ഞാൽ ആളുകൾ കടയിലേക്ക് ഓടിക്കൂടുന്നത് ഒരു പുതിയ കാര്യമല്ല. അതുപോലെ ഒരു സംഭവമാണ് ലുധിയാനയിലും നടന്നത്. വെറും 13 രൂപയ്ക്ക് ഷർട്ടുകൾ കിട്ടുമെന്നറിഞ്ഞാൽ ആരായാലും ഓടിക്കൂടും അല്ലേ? അങ്ങനെ ലുധിയാനയിലെ ഈ കടയിലും 13 രൂപയ്ക്ക് ഷർട്ടുകൾ വിൽക്കുന്നുണ്ടെന്നറിഞ്ഞ് ആളുകൾ ഓടിക്കൂടുകയും തിരക്കാവുകയും ആകെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തുവത്രെ. അവസാനം കാര്യം കൈവിട്ടുപോകും എന്നായപ്പോൾ പൊലീസ് വരേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ലുധിയാനയിലെ ദുഗ്രി പ്രദേശത്തുള്ള സ്റ്റൈൽ ഫാഷൻ വേൾഡ് എന്ന ടെക്സ്റ്റൈൽ ഷോപ്പിലാണ് 13 രൂപയ്ക്ക് ഷർട്ടുകൾ കിട്ടുമെന്നറിഞ്ഞ് ആളുകൾ തടിച്ചുകൂടിയത്. ഒരു യൂട്യൂബർ അപ്‍ലോഡ് ചെയ്ത പ്രൊമോഷണൽ വീഡിയോയിൽ കടയുടെ ഉടമയായ ഇന്ദ്രദീപ് സിംഗ് പറയുന്നത്, ഗുരുനാനാക് ജയന്തി ദിനത്തിൽ കടയിൽ നിന്ന് ഡെനിം, ചെക്ക്സ്, ഡിസൈനർ പീസുകൾ തുടങ്ങി ഏത് ഷർട്ടും 13 രൂപയ്ക്ക് വാങ്ങാം എന്നാണ്. നല്ല ഷർട്ടുകളായിരിക്കുമെന്നും കടയുടമ ഉറപ്പ് നൽകുന്നുണ്ട്. ഇതുകൂടി ആയതോടെ കടയിലേക്ക് ആളുകൾ ഇരച്ചെത്തുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓഫറിൽ ആകൃഷ്ടരായി നൂറുകണക്കിന് ആളുകളാണ് ചൊവ്വാഴ്ച കടയിലെത്തിയത്. ഇത് സ്ഥലത്ത് ആകെ പ്രശ്നമുണ്ടാക്കി. ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ കടയുടമയാവട്ടെ ഓഫർ നൽകുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു. ആദ്യത്തെ 50 പേർക്ക് മാത്രമേ ഈ 13 രൂപ എന്ന വില ബാധകമാകൂ എന്നും കടയുടമ പറഞ്ഞു. അതോടെ ആൾക്കൂട്ടത്തിന് ദേഷ്യം വന്നു. അത് വീഡിയോയിൽ പറഞ്ഞിട്ടില്ല എന്ന് പലരും പറഞ്ഞു. ജനക്കൂട്ടം ഇളകി എന്ന് കണ്ടതോടെ കടയുടമ കട പൂട്ടി പോയി. അതോടെ ആകെ പ്രശ്നമായി. അവസാനം പൊലീസിനെ വിളിക്കേണ്ടി വന്നു.
ആദ്യത്തെ 50 പേർക്കെന്ന് വീഡിയോയിൽ പറഞ്ഞില്ലെന്ന് കടയിലെത്തിയവർ ആരോപിച്ചു. ഉടമയാവട്ടെ ഇത്രയും പേർക്ക് എങ്ങനെ ഷർട്ട് നൽകുമെന്നും ചോദിക്കുന്നു. എന്തായാലും, ഉന്തിലും തള്ളിലും പ്രശ്നത്തിലുമൊക്കെയായി ചിലർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.