
ലോട്ടറിയടിക്കുക എന്നത് ഒരു മഹാഭാഗ്യം തന്നെയായിട്ടാണ് കാണുന്നത്. അപ്പോൾ പിന്നെ ഒരു വൻതുകയാണ് അടിക്കുന്നതെങ്കിലോ? യുഎസ്സിൽ ഒരാൾക്ക് പുതുവർഷത്തിൽ ലോട്ടറിയടിച്ചത് $842 മില്ല്യണാണ്. അതായത്, ഇന്ത്യൻരൂപയിൽ കണക്കാക്കിയാൽ ഏകദേശം 7000 കോടിക്ക് മുകളിൽ വരും.
റിപ്പോർട്ടുകൾ പ്രകാരം ലോട്ടറി അടിച്ച ആൾ ഫ്ലവർ കാസിൽ ഗ്രോസറി സ്റ്റോറിൽ നിന്നാണ് പവർബോൾ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. പുതുവർഷത്തിന്റെ തലേദിവസമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ലോട്ടറിയടിച്ചതോടെ പുതുവർഷത്തിൽ അദ്ദേഹത്തിന്റെ തലവര തന്നെ മാറി എന്നാണ് ആളുകളുടെ കമന്റ്. ലോട്ടറികളുടെ ചരിത്രത്തിൽ തന്നെ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പത്താമത്തെ സമ്മാനമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുതുവത്സര ദിനത്തിൽ ഒരാൾക്ക് ഇത്രയും വലിയ ജാക്ക്പോട്ട് നേടാനാകുന്നത് ഇതാദ്യമാണ് എന്നും ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നുണ്ട്. ലോട്ടറിയടിച്ച ആൾക്ക് മാത്രമല്ല, അയാളുടെ വരും തലമുറയ്ക്ക് വരെ സുഖമായി കഴിയാനുള്ള തുകയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഈ പണം കൈപ്പറ്റാൻ വിജയിക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്നുകിൽ 29 വർഷം കൊണ്ട് 30 തവണകളായി ആ പണം വാങ്ങാം. അല്ലെങ്കിൽ, മുഴുവൻ തുകയും ഒറ്റത്തവണ തന്നെ എടുക്കാം. നികുതി കുറച്ച ശേഷം ഇയാൾക്ക് കിട്ടുക $425.2 മില്യൺ ആണ്.
അതേസമയം ജർമ്മനിയിൽ നിന്നുള്ള ഒരു സ്ത്രീക്ക് രണ്ടുവർഷം മുമ്പ് എടുത്ത ലോട്ടറി ടിക്കറ്റിൽ സമ്മാനമടിച്ചതും വാർത്തയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇവർ ലോട്ടറി എടുത്തതും ഇവർക്ക് സമ്മാനമടിച്ചതും. എന്നാൽ, ഇവർ അതൊന്നും അറിഞ്ഞിരുന്നില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം ക്രിസ്മസിന് വീട് വൃത്തിയാക്കവേയാണ് അവർ ലോട്ടറി ടിക്കറ്റ് കണ്ടത്. പരിശോധിച്ചപ്പോൾ അതിന് 91 ലക്ഷം സമ്മാനമടിച്ചിരുന്നു. പിന്നീട്, അവർ ലോട്ടറി ടിക്കറ്റ് ഹാജരാക്കുകയും അവർക്ക് സമ്മാനത്തുക ലഭിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം