പ്രളയവും കൊവിഡും വന്നപ്പോള്‍ മറന്നുപോയ ആ പ്രണയികളെ പിന്നെ കണ്ടു, വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍!  

Published : Mar 11, 2023, 04:19 PM ISTUpdated : Mar 11, 2023, 06:49 PM IST
 പ്രളയവും കൊവിഡും വന്നപ്പോള്‍ മറന്നുപോയ ആ പ്രണയികളെ പിന്നെ കണ്ടു, വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍!  

Synopsis

''സാബ്, ഞങ്ങള്‍ തമ്മില്‍ ഒരു വര്‍ഷമായി ഇഷ്ടത്തിലാണ്. അവളുടെ അച്ഛനോട് നേരിട്ട് ചെന്ന് ഞാന്‍ പറഞ്ഞതാണ്. അവളെ എനിക്ക് അത്രക്കിഷ്ടമാണ്. എനിക്ക് പറ്റില്ല സാബ്, അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ എന്തിനും തയ്യാറാണ്. മതം മാറണമെങ്കില്‍ അതിനും. അവളില്ലാതെ ഞാന്‍ പോകില്ല സാബ്. എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ.'' -

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലം. കുട്ടനാട്, മഴയില്‍ കുളിച്ച് വായുവില്‍ പോലും നേര്‍ത്ത നനവുമായി ഋതുമതിയായി നില്‍ക്കുന്ന സമയം.

ഞാനന്ന് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലായിരുന്നു. സന്ധ്യ കഴിഞ്ഞ് സമയം ഏഴ് മണിയോടടുക്കുന്നു. സ്റ്റേഷന് മുന്നിലെ നിറയെ മാങ്ങകള്‍ തിങ്ങി വളര്‍ന്ന മൂവാണ്ടന്‍ മാവില്‍ നിന്ന് പെയ്തു തീര്‍ന്ന മഴയിലെ അവസാനത്തെ ഇലച്ചാര്‍ത്തിനൊപ്പം മൂന്ന് പഴമാങ്ങ താഴെ വീണു ചിതറി.

ആ സമയത്ത് ഒരു ഓട്ടോറിക്ഷ സ്റ്റേഷന് മുന്നിലെ റോഡില്‍ വന്ന് നിന്നു. അതില്‍ നിന്നും ഭാര്യാ ഭര്‍ത്താക്കന്‍മാരെന്ന് തോന്നിക്കുന്ന പ്രായം ചെന്ന രണ്ടു പേരും ഒരു യുവതിയും യുവാവും ഇറങ്ങി. അവര്‍ സ്റ്റേഷനിലേക്ക് കയറി എന്‍റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ പതിയെ എഴുന്നേറ്റു.

''എന്താണ് ചേട്ടാ..?''

അന്തരീക്ഷത്തിലെ ശാന്തതയുടെ നേര്‍ വിപരീതമായ മുഖഭാവവുമായി നില്‍ക്കുന്ന മെലിഞ്ഞ പ്രായം ചെന്ന ആ കുട്ടനാട്ടുകാരനോട് ഞാന്‍ ചോദിച്ചു.

''സാറേ എസ് ഐയെ ഒന്ന് കാണണം. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്''

''അങ്ങോട്ടിരിക്ക് എല്ലാവരും'' - വലതുവശം നിരത്തിയിട്ടിരുന്ന കസേരകളിലേക്ക് ചൂണ്ടി പറഞ്ഞ് കൊണ്ട് ഞാന്‍ അന്നത്തെ നൈറ്റ് ഓഫീസറായിരുന്ന കുര്യന്‍ സാറിന്‍റെ മുറിയിലേക്ക് നടന്നു.

''സാറേ.. ഒരു കുടുംബമാണെന്ന് തോന്നുന്നു. എസ് ഐയെ കാണണമെന്നാ പറഞ്ഞത്''-കുര്യന്‍ സാറിന്‍റെ മുന്നിലെത്തി ഞാന്‍ കാര്യം പറഞ്ഞു.

''എന്താണന്ന് വല്ലോം പറഞ്ഞാടാ... മോനേ''- നെറ്റി ചുളിച്ചു കൊണ്ട് കുര്യന്‍ സാറ് ചോദിച്ചു.

''ഒന്നും പറഞ്ഞില്ല സാറേ...'' ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

''ശരിയെന്നാ ഇങ്ങ് കൊണ്ടു വാടാ...''

ഞാന്‍ തിരികെ പാറാവ് മേശയുടെ അടുത്തേക്ക് എത്തിയപ്പോള്‍ എന്‍റെ പാറാവ് ഡ്യൂട്ടിയിലെ കൂട്ടാളിയായ സഹപ്രവര്‍ത്തകന്‍ വികാസും അവിടെ വന്നവരോട് കാര്യം തിരക്കി നില്‍പ്പുണ്ടായിരുന്നു.

''ചേട്ടാ.. വാ..'' ഞാന്‍ പ്രായം ചെന്ന ആ അച്ഛനെ വിളിച്ചു. അയാള്‍ എഴുന്നേറ്റ് ഉടുമുണ്ട് വീണ്ടുമൊന്ന് അരയിലുറപ്പിച്ച് എന്നോടൊപ്പം കുര്യന്‍ സാറിന്‍റെ മുറിയിലേക്ക് കയറി.

''ഇരിക്ക്..'' -മേശക്ക് മുന്നിലെ കസേരയിലേക്ക് ചൂണ്ടി കുര്യന്‍ സാര്‍ അയാളോട് പറഞ്ഞു. മെലിഞ്ഞ കൈകള്‍ വിറച്ചുകൊണ്ട് കസേരയില്‍ പിടിച്ച് ഇരുന്ന് അയാള്‍ പറഞ്ഞു തുടങ്ങി.

''സാര്‍ പുറത്ത് ഇരിക്കുന്നത് എന്‍റെ മകളാണ്. ഒരേ ഒരു മകള്‍. അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത മാസം വിവാഹം. ആന്ധ്രയില്‍ നഴ്‌സായി ജോലി നോക്കിവരികയായിരുന്നു അവള്‍. കഴിഞ്ഞ മാസമാണ് ജോലി നിര്‍ത്തി വിവാഹത്തിനായി വന്നത്. പുറത്തിരിക്കുന്ന ആ പയ്യന്‍ അവള്‍ ജോലി ചെയ്ത ഹോസ്പിറ്റലില്‍ ചായ കൊടുക്കാന്‍ ക്യാന്‍റീനില്‍ നിന്നവനാണെന്നാണ് പറയുന്നത്. അവന്‍ ഇപ്പോള്‍ ഇവിടെ ഞങ്ങടെ വീട്ടില്‍ വന്നിരിക്കുകയാണ്, ഇവളെ കെട്ടിച്ചു കൊടുക്കണം എന്നും പറഞ്ഞ്. ഇത് രണ്ടാമത്തെ വട്ടമാണ് അവന്‍ വരുന്നത്. രണ്ടാഴ്ച മുന്‍പ് വന്നപ്പോള്‍ ഞങ്ങള്‍ ഒരുവിധം പറഞ്ഞയച്ചതാണ്. ഇന്ന് അവന്‍ വന്നിട്ട് തിരികെ പോകുന്നില്ല സാറേ. കല്യാണം കഴിച്ച് തരാതെ പോകില്ലെന്നും പറഞ്ഞ്, എന്ത് വേണമെങ്കിലും ചെയ്‌തോ എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. എനിക്ക് ഇങ്ങോട്ട് കൊണ്ടുവരാനാണ് തോന്നിയത് സാറേ.. എന്ത് ചെയ്യണമെന്നറിയില്ല സഹായിക്കണം സാര്‍..''

അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. പറഞ്ഞു തീര്‍ന്നതും ഞാനും കുര്യന്‍ സാറും ഒരുമിച്ച് പുറത്തിരുന്ന ആ യുവാവിനെ ഒന്ന് എത്തി നോക്കി. ചുരുണ്ട മുടിയിഴകളും പൊടിമീശയും ചെറിയ താടിയും വിഷാദം നിഴലിക്കുന്ന കണ്ണുകളുമുള്ള ഒരു യുവാവ്.

അമ്പട വീരാ.. ഇവനാള് കൊള്ളാമല്ലോ. വല്ലനാട്ടില്‍ നിന്നും വന്ന് പെണ്ണിനെ കെട്ടിച്ച് തരാതെ പോകില്ലാന്നും പറഞ്ഞിരിക്കുന്നോ. ഞാന്‍ മനസിലോര്‍ത്തു.

''അവര്‍ തമ്മില്‍ ഇഷ്ടമായിരുന്നോ..?'' കുര്യന്‍ സാര്‍ അയാളോട് ചോദിച്ചു.

''സാര്‍.. അവളുടെ വിവാഹമാണ് അടുത്ത മാസം. ഇഷ്ടമോ എന്തോ ആയാലെന്താ..?''- ആ അച്ഛന്‍റെ വിറച്ചുകൊണ്ടുള്ള മറുചോദ്യം ഞങ്ങളെ കുഴക്കി.

''ടാ .. ആ പെണ്‍കൊച്ചിനെ ഇങ്ങ് വിളിച്ചേ. അച്ഛന്‍ വെളിയിലേക്ക് പോയിരുന്നോ''- കുര്യന്‍ സാര്‍ ഒരു നിമിഷം മുകളിലേക്ക് മുഖമുയര്‍ത്തി കണ്ണുകളടച്ചതിന് ശേഷം എന്നോട് പറഞ്ഞു. ശ്വാസം കൊണ്ട് സമ്മര്‍ദ്ദം നിലക്ക് നിര്‍ത്താന്‍ വ്യഥാ ശ്രമിച്ച് കൊണ്ട് ആ അച്ഛന്‍ പുറത്തേക്കിറങ്ങി.

കരഞ്ഞ് കലങ്ങിയ കണ്ണുമായി കൊലുന്നനെയുള്ള ആ പെണ്‍കുട്ടി കുര്യന്‍ സാറിന് മുന്നിലിരുന്നു.

''എന്താണ് മോളേ പ്രശ്‌നം.. എന്താണെങ്കിലും പറഞ്ഞോളൂ.. മോളെ ഞങ്ങള്‍ സഹായിക്കാം..''- കുര്യന്‍ സാര്‍ എന്നെയും കൂടി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു.

പിടിവിട്ടുപോയ ഒരു പൊട്ടിക്കരച്ചിലില്‍ മുങ്ങി അവളുടെ കണ്ണും മുഖവും ചോര്‍ന്നൊലിക്കുകയായിരുന്നു പിന്നീടങ്ങോട്ട്. അഞ്ച് മിനിറ്റോളം ഒന്നും പറയാനാവാതെ തലക്ക് കൈയ്യും കൊടുത്ത് ആ പെണ്‍കുട്ടി നിസ്സഹായതയുടെ അടിവേര് തെളിച്ച് കൊണ്ട് പൊട്ടിക്കരഞ്ഞു. ശേഷം അവള്‍ പറഞ്ഞു തുടങ്ങി.

''സാര്‍.. ഞാന്‍ അച്ഛനോട് കാലുപിടിച്ച് പറഞ്ഞതാണ് ഇപ്പോഴത്തെ ഈ വിവാഹം ഉറപ്പിക്കരുതെന്ന്. കേട്ടില്ല. എല്ലാം എന്‍റെ  തെറ്റാണ് സാര്‍, ഞാന്‍ മാത്രമാണ് കുറ്റക്കാരി. അവനെയും ഞാന്‍ വിഷമിപ്പിക്കുന്നു. ആ പാവം എന്‍റെ  ഹോസ്പിറ്റലിലെ ക്യാന്‍റീനില്‍ ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്നയാളാണ്. ഞങ്ങള്‍ ഇഷ്ടത്തിലായി പോയി സാര്‍. എന്‍റെ , എന്‍റെ  മാത്രം കുറ്റമാണ് സാര്‍. ഞങ്ങള്‍ രണ്ട് മതക്കാരാണ്. രണ്ട് ഭാഷക്കാര്‍ ഒന്നും ഞാന്‍ ഓര്‍ത്തില്ല. ഒന്നും.''

''മോള് വിഷമിക്കണ്ട.. കരച്ചില് നിര്‍ത്ത്. മോള്‍ക്ക് അയാളെ ഇഷ്ടമാണെങ്കില്‍ നിയമപ്രകാരം അതിനുള്ള അവകാശമുണ്ട്. അച്ഛനോട് ഞാന്‍ പറയാം'' - കുര്യന്‍ സാര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

''വേണ്ട സാര്‍. എന്‍റെ  അച്ഛന്‍റെ  സമ്മതമില്ലാതെ എനിക്കയാളുമായി ജീവിക്കേണ്ട. അങ്ങനത്തെ ഒരു ജീവിതം എനിക്ക് വേണ്ട.'' കണ്ണുനീര് തുടച്ച് കൊണ്ട് ദൃഢമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

ആ മറുപടി സത്യത്തില്‍ എന്‍റെ  ഉള്ളിലൊന്ന് ഉടക്കി. കാരണം ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്ന പെണ്‍കുട്ടികളുണ്ടെല്ലോ. കഴിഞ്ഞ ദിവസം സ്റ്റേഷന്‍ പരിധിയിലൊരിടത്ത് ഒരൊളിച്ചോട്ടം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ വിരുന്നിന് വന്ന യുവതി കാമുകനുമായി ഒളിച്ചോടി. എത്ര വിചിത്രമാണ് മനുഷ്യര്‍. ആ കാലത്തിലാണ് ഇങ്ങനൊരു പെണ്‍കുട്ടി പറയുന്നത്.

''പക്ഷേ.. വേറൊരു വിവാഹത്തിന് ഞാന്‍ സമ്മതിക്കില്ല സാര്‍..'' അവള്‍ ഇതു പറയുമ്പോള്‍ കരയുന്നില്ലായിരുന്നു. കണ്ണുകള്‍ തറയിലേക്ക് താഴ്ത്തിയെറിഞ്ഞ് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു ആ വാക്കുകള്‍.

''ടാ.. ആ അച്ഛനെയിങ്ങ് വിളിച്ചേ.. മോള് പുറത്തേക്ക് പോയിരുന്നോ.'' - കുര്യന്‍ സാര്‍ എന്നോടും ആ പെണ്‍കുട്ടിയോടുമായി പറഞ്ഞു. അവള്‍ പുറത്തേക്കിറങ്ങി.

പുറത്ത് സഹപാറാവുകാരനായ വികാസുമായി സംസാരിച്ചു നിന്ന ആ അച്ഛനെ വിളിച്ച് ഞാന്‍ കുര്യന്‍ സാറിന്‍റെ മുന്നിലെത്തി.

ആകാംക്ഷ നിറഞ്ഞ കണ്ണുമായി അയാള്‍ കുര്യന്‍ സാറിന് മുന്നിലിരുന്നു. ''അവര്‍ തമ്മില്‍ ഇഷ്ടമാണ്. അതങ്ങ് നടത്തി കൊടുക്കുന്നതല്ലേ നല്ലത്, കുട്ടികള്‍ എന്ത് കാണിക്കുമെന്ന് നമുക്കറിയാന്‍ പറ്റില്ല'' - കുര്യന്‍ സാര്‍ പറഞ്ഞു തുടങ്ങി.

''സാറേ, അവളുടെ വിവാഹമാണ് അടുത്ത മാസം. ഞാന്‍ ഓഡിറ്റോറിയം വരെ ബുക്ക് ചെയ്ത്. പ്രേമം.. മണ്ണാങ്കട്ട..'' അയാള്‍ ദേഷ്യത്തോടെ പല്ലിറുമ്മി തലക്ക് കൈ കൊടുത്തുകൊണ്ട് വിറച്ച് കൊണ്ട് പറഞ്ഞു.

''അവള്‍ എന്തെങ്കിലും കാണിച്ചോട്ടെ..'' - മകളുടെ വിവാഹമുറപ്പിച്ച ഒരു അച്ഛന്‍ മാത്രമായിരുന്നു അയാളപ്പോള്‍.

പിന്നീട് ഞങ്ങള്‍ ആ കഥാനായകനെ കുര്യന്‍ സാറിന് മുന്നിലെത്തിച്ചു. വികാസ് അവനറിയാവുന്ന ഹിന്ദിയിലും ഞാനും കുര്യന്‍ സാറും ഇംഗ്ലീഷും കൂട്ടിച്ചേര്‍ത്ത് അവനോട് കാര്യങ്ങള്‍ ചോദിച്ചു.

വലത് കൈ ഇടത് നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് ചുരുണ്ട മുടിയുള്ള ആ കാമുകന്‍ പറഞ്ഞു തുടങ്ങി.

''സാബ്, ഞങ്ങള്‍ തമ്മില്‍ ഒരു വര്‍ഷമായി ഇഷ്ടത്തിലാണ്. അവളുടെ അച്ഛനോട് നേരിട്ട് ചെന്ന് ഞാന്‍ പറഞ്ഞതാണ്. അവളെ എനിക്ക് അത്രക്കിഷ്ടമാണ്. എനിക്ക് പറ്റില്ല സാബ്, അവളെ വിവാഹം കഴിക്കാന്‍ ഞാന്‍ എന്തിനും തയ്യാറാണ്. മതം മാറണമെങ്കില്‍ അതിനും. അവളില്ലാതെ ഞാന്‍ പോകില്ല സാബ്. എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ.'' - നിസഹായത നിറഞ്ഞ കണ്ണുകള്‍ ദയനീയമായി ഞങ്ങളിലേക്ക് നീട്ടി അവനിരുന്നു.

ഈ സമയം ശരിക്കും സമ്മര്‍ദ്ദത്തിലായത് ഞങ്ങളായിരുന്നു. ആരുടെ ഭാഗത്താണ് ന്യായമെന്നും എത് തീരുമാനിക്കണമെന്നും മനസിലാകാതെ ഞങ്ങളിരുന്നു. ഒടുവില്‍ എല്ലാവരേയും പുറത്തിരുത്തി, ഞാനും വികാസും കുര്യന്‍ സാറുമായി ചര്‍ച്ച നടത്തി ഒരു തീരുമാനത്തിലെത്തി. തല്‍കാലത്തേക്കെങ്കിലും ഇത് അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നുള്ളൂ. ഈ പെണ്‍കുട്ടിയെ കൊണ്ട് തന്നെ അവനോട് പറയിച്ച് തല്‍കാലം അവനെ ഇവിടെ നിന്ന് നാട്ടിലേക്ക് തിരികെ വിടുക. പെണ്‍കുട്ടിയോട് കുര്യന്‍ സാര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ പറഞ്ഞത് പോലെ പറയാമെന്ന് അവള്‍ സമ്മതിച്ചു.

ഒടുവില്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് അവള്‍ അവനോട് പറഞ്ഞു- ''അഭയ്... തത്കാലം നീ തിരികെ പോ, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ നിന്നെ വിളിക്കാം. പപ്പായോട് ഒന്നുകൂടി സംസാരിച്ച് കാര്യങ്ങള്‍ ശരിയാക്കട്ടെ. തലക്കാലം നീ നാട്ടിലേക്ക് പോകൂ.. പ്‌ളീസ്..'' - കണ്ണുനീര്‍ ഒളിപ്പിച്ച് വെച്ച് ചുവന്ന് തുടുത്ത മുഖവുമായി യാചനയുടെ സ്വരത്തില്‍ അവള്‍ പറഞ്ഞു.

ഏകദേശം ഇരുപത് മിനിറ്റോളം മാറി മാറിയുള്ള സംസാരങ്ങള്‍ക്കൊടുവില്‍ എന്‍റെയും കുര്യന്‍ സാറിന്‍റെയും വികാസിന്‍റെയും ഫോണ്‍ നമ്പരുള്‍പ്പെടെ വാങ്ങിക്കൊണ്ട് അവന്‍ പറഞ്ഞു - "സാബ് ഞാന്‍ പോകാം... രണ്ടാഴ്ചക്കുള്ളില്‍ എന്നെ തീരുമാനം അറിയിക്കണം. ഞാന്‍ തിരിച്ചു വരും സാബ്..''

അപ്പോഴേക്കും സമയം രാത്രി പത്ത് മണിയോടടുത്തിരുന്നു. താല്‍ക്കാലിക ശാന്തി നേടിയ ആശ്വാസത്തോടെ ആ അച്ഛനും അമ്മയും കൂടെ തകര്‍ന്ന ഹൃദയത്തോടെ ലോകത്തിന്‍റെ മുഴുവന്‍ ഭാരവും പേറി ആ പെണ്‍കുട്ടിയും അവനോട് യാത്ര പറഞ്ഞ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി. പതിഞ്ഞ താളത്തില്‍ കുലുങ്ങിക്കൊണ്ട് സ്റ്റേഷന് മുന്നില്‍ നിന്നും ഓട്ടോ അവരെയും കൊണ്ട് മറഞ്ഞു.

പത്തര മണിക്കായിരുന്നു ചങ്ങനാശേരിയിലേക്കുള്ള അവസാനത്തെ ബസ്. സ്‌റ്റേഷന് മുന്നിലെ പാറാവ് മേശക്കടുത്ത് കസേരയില്‍ കുന്തിച്ചിരുന്ന അവന് കൈനടി സ്‌റ്റേഷനിലെ വിശ്വവിഖ്യാതമായ അടുക്കളയില്‍ നിന്നും ഉച്ചക്കുണ്ടാക്കിയ ചോറും അവിയലും പുളിശേരിയും അല്‍പ്പം ചിക്കന്‍റെ ചാറും പാത്രത്തിലാക്കി ഞാന്‍ നീട്ടി. ആദ്യം നിരസിച്ചെങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തില്‍ അവനത് കഴിച്ചു.

സ്റ്റേഷന് മുന്നിലെ റോഡിലൂടെ കൃത്യം പത്തര മണിക്ക് ഓടിവന്ന കെഎസ്ആര്‍ടിസി ബസ് വികാസ് കൈ കാണിച്ച് നിര്‍ത്തി.

''സാബ്.. ഞാന്‍ വിളിക്കാം, എന്നെ സഹായിക്കണം. സാബ്.. അവള്‍ പാവമാ...'' - ബസിനുള്ളിലേക്ക് കയറും മുന്‍പ് എന്‍റെ കൈകളില്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് അവന്‍ പറഞ്ഞു.

''എല്ലാം ശരിയാക്കാം...''-എല്ലാ പോലീസുകാരും പറയും പോലെ ഞാനും പറഞ്ഞു.

അതിന്  ഒരാഴ്ചക്ക് ശേഷം കുട്ടനാടിനെ പ്രളയം വിഴുങ്ങി. പ്രളയത്തിനിടയില്‍ ഈ പ്രണയവും ആ കാമുകനും വിസ്മൃതിയിലായി. എന്‍റെ ഓര്‍മ്മകളില്‍ പോലും അതുണ്ടായിരുന്നില്ല. കാലം പിന്നെയും ഉരുണ്ടു. നാട്ടില്‍ കൊറോണ വന്നു. ശേഷം കുര്യന്‍ സാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ആയി.

ഒരു ദിവസം വീട്ടില്‍ പതിവില്ലാതെ വാട്‌സാപ്പ് സ്റ്റാറ്റസ് നോക്കി കിടക്കുമ്പോള്‍ 'അഭയ് ആന്ധ്ര' എന്ന പേരില്‍ ഒരു ഫോട്ടോ സ്റ്റാറ്റസായി കണ്ടു. ഒരു നിമിഷത്തേക്ക് ഞാന്‍ ഞെട്ടി.

അതാ... അഭയും ആ പെണ്‍കുട്ടിയും. അവളുടെ മടിയില്‍ ഏകദേശം രണ്ട് വയസോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് മനം നിറഞ്ഞ് ചിരിച്ചിരിക്കുന്നു.

എങ്ങനെ അത് സംഭവിച്ചുവെന്ന് എനിക്ക് ഇന്നുമറിയില്ല. പക്ഷേ അത് കണ്ടപ്പോള്‍ എന്‍റെ മനസിലും ഒരു മഴ പെയ്ത് തോര്‍ന്ന തണുപ്പായിരുന്നു. കൈനടിയിലെ ആ രാത്രിയും ഒര്‍മ്മയിലേക്ക് പെയ്തിറങ്ങി.

ചിലത് അങ്ങനെയാണ് അത് സംഭവിക്കേണ്ടത് ഈ ഭൂമിയുടെ ആവശ്യമായിരിക്കാം.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!