ഒരു സ്ഥാപനത്തിൽ തന്നെ വർഷങ്ങളോളം ജോലി ചെയ്യുന്ന പഴയ ശൈലിക്ക് ജെൻ സി വിട നൽകുകയാണ്. കരിയർ വളർച്ചയും മികച്ച ശമ്പളവും ലക്ഷ്യമിട്ട് ഓരോ രണ്ട് വർഷം കൂടുമ്പോഴും ജോലി മാറുന്ന 'ലില്ലി പാഡിംഗ്' എന്ന പ്രവണത പ്രൊഫഷണൽ ലോകത്ത് തരംഗമാകുന്നു. 

പഴയ തലമുറയെ സംബന്ധിച്ചിടത്തോളം ജോലി എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സുരക്ഷിത താവളമായിരുന്നു. ഒരു സ്ഥാപനത്തിൽ കയറിയാൽ വിരമിക്കുന്നത് വരെ അവിടെ തുടരുന്നതായിരുന്നു അന്തസ്സ്. എന്നാൽ കാലം മാറി, കൂടെ പുതിയ തലമുറയുടെ ചിന്താഗതിയും. ഇന്ന് ഇന്ത്യയിലെ യുവ പ്രൊഫഷണലുകൾക്കിടയിൽ, പ്രത്യേകിച്ച് ജെൻ സികൾക്കിടയിൽ 'ലില്ലി പാഡിംഗ്' (Lily Padding) എന്ന പുതിയൊരു കരിയർ തന്ത്രം വലിയ ചർച്ചയാവുകയാണ്.

ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് വളരെ വേഗത്തിൽ മാറുന്ന ഈ രീതി കേവലം അസ്ഥിരതയല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള മുന്നേറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തടാകത്തിലെ ആമ്പൽ ഇലകളിൽ നിന്ന് മറ്റു ഇലകളിലേക്ക് തവളകൾ ചാടിപ്പോകുന്നത് പോലെ, ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ഇടവേളകളിൽ മാറുന്നതിനെയാണ് ലില്ലി പാഡിംഗ് എന്ന് വിളിക്കുന്നത്. സാധാരണയായി ഒന്നോ രണ്ടോ വർഷം മാത്രം ഒരു സ്ഥാപനത്തിൽ ചിലവഴിച്ച ശേഷം അടുത്ത മികച്ച അവസരത്തിലേക്ക് ഇവർ ചുവടുമാറ്റുന്നു.

ഓരോ മാറ്റവും പുതിയ നൈപുണ്യങ്ങൾ പഠിക്കാനും ശമ്പളത്തിൽ വലിയ വർദ്ധനവ് നേടാനും വേണ്ടിയുള്ള ബോധപൂർവ്വമായ തീരുമാനങ്ങളാണ്. കരിയർ എന്നത് നേർരേഖയിലുള്ള ഒരു ഏണി കയറ്റമല്ല, മറിച്ച് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന ഒരു യാത്രയാണെന്ന് ഇവർ വിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിലെ ജെൻ സി പ്രൊഫഷണലുകൾക്കിടയിൽ ഈ പ്രവണത കൂടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, ഒരിടത്ത് തന്നെ തുടരുന്നത് തങ്ങളുടെ കരിയർ വളർച്ചയെ തടയുമെന്ന് ഇവർ ഭയപ്പെടുന്നു. രണ്ടാമതായി, സാമ്പത്തിക വളർച്ചയാണ്. ഒരേ സ്ഥാപനത്തിൽ വർഷങ്ങളോളം തുടരുന്നതിനേക്കാൾ വേഗത്തിൽ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ ഓഫറുകൾ സ്വീകരിക്കുന്നത് സഹായിക്കുന്നു. മൂന്നാമതായി, തൊഴിലിനേക്കാൾ ഉപരി സ്വന്തം ജീവിതശൈലിക്കും ഫ്ലെക്സിബിലിറ്റിക്കും പ്രാധാന്യം നൽകുന്ന ഇവരുടെ രീതി റിമോട്ട് വർക്കിനും ഗിഗ് ഇക്കോണമിക്കും വലിയ സാധ്യതകളാണ് നൽകുന്നത്.

ഇന്ത്യയിലെ ഐടി, ഡിജിറ്റൽ സർവീസസ്, മാർക്കറ്റിംഗ്, സ്റ്റാർട്ടപ്പ് മേഖലകളിലാണ് ഈ മാറ്റം പ്രകടമായി കാണുന്നത്. ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രൊഫഷണൽ നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കാനും വ്യത്യസ്തമായ വർക്ക് കൾച്ചറുകൾ മനസിലാക്കാനും ഇത് സഹായിക്കുന്നു.

എന്നാൽ, ഇത് കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഓരോ വർഷവും ജീവനക്കാർ മാറുന്നത് സ്ഥാപനങ്ങളുടെ ട്രെയിനിംഗ് ചിലവ് വർദ്ധിപ്പിക്കുകയും വലിയ പ്രോജക്റ്റുകളുടെ തുടർച്ചയെ ബാധിക്കുകയും ചെയ്യുന്നു. റിക്രൂട്ടർമാരിൽ ചിലർ ഇപ്പോഴും ഈ 'ജോബ് ഹോപ്പിംഗിനെ' സംശയത്തോടെയാണ് നോക്കുന്നത്. ഒരാൾക്ക് ഒരു വിഷയത്തിൽ ആഴത്തിലുള്ള അറിവ് നേടാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധിക്കുമോ എന്ന ചോദ്യം ഇവർ ഉയർത്തുന്നു.

എങ്കിലും കരിയർ പാതകൾ കൂടുതൽ സങ്കീർണ്ണമാകുന്ന ഭാവിയിൽ ലില്ലി പാഡിംഗ് പോലുള്ള രീതികൾ സാധാരണമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാറുന്ന ലോകത്തിനനുസരിച്ച് സ്വയം മാറാൻ തയ്യാറാകുന്നതാണ് ഏറ്റവും വലിയ സുരക്ഷയെന്ന് ജെൻ സി തിരിച്ചറിയുന്നു. സ്ഥാപനത്തോടുള്ള അമിതമായ കൂറിനേക്കാൾ സ്വന്തം കരിയർ ഗ്രാഫ് ഉയർത്തുന്നതിലാണ് ഇന്നത്തെ യുവത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മത്സരാധിഷ്ഠിത ലോകത്ത് അതിജീവിക്കാനുള്ള ഒരു നവീന തന്ത്രമായി ലില്ലി പാഡിംഗ് മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.