
ഇടിച്ച കാറിന്റെ ഗ്രില്ലിൽ കുടുങ്ങി ഒരു മുയൽ സഞ്ചരിച്ചത് 40 മൈൽ. ഒടുവിൽ അതിനെ ജീവനോടെ പുറത്തെടുത്തു. മാർക്ക് പിയേഴ്സൺ എന്നയാൾ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് എന്തോ ഇടിക്കുന്ന ശബ്ദവും കേട്ടു. നെഫറിനിൽ വച്ചായിരുന്നു സംഭവം. പിയേഴ്സൺ റിയർവ്യൂ മിററിലൂടെ നോക്കിയെങ്കിലും ഒന്നും കാണാനായില്ല. അതോടെ അയാൾ വണ്ടിയോടിക്കുന്നത് തുടരുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം ഒരു സഹപ്രവർത്തകനാണ് ബമ്പറിൽ ഒരു മുയൽ കുടുങ്ങിയതിനെ കുറിച്ച് പറയുന്നത്. ഇത് കേട്ട പിയേഴ്സൺ ഞെട്ടിപ്പോയി. അത് കഷ്ണങ്ങളായിപ്പോയിട്ടുണ്ടാകുമെന്നും ചത്തുപോയിട്ടുണ്ടാകുമെന്നുമാണ് അയാൾ കരുതിയിരുന്നത്. എന്നാൽ, ആ ഭാഗ്യവാനായ മുയൽ ഗ്രില്ലിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ഉടനെ തന്നെ അയാൾ മുയലിനെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. അതിനെ പുറത്തെടുക്കാനായി ഗ്രിൽ പതിയെ നീക്കം ചെയ്ത് തുടങ്ങി. ഒരു തരത്തിലും മുയലിനെ പിന്നിൽ നിന്നും പിടിച്ച് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. അതിന് ഗുസ്തി തന്നെ വേണ്ടി വന്നു എന്ന് പിയേഴ്സൺ പറയുന്നു. ഒടുവിൽ ഒരുവിധത്തിൽ അവനെ ഉപദ്രവിക്കാതെ പുറത്തെടുക്കുകയായിരുന്നു.
മൂക്കിൽ ചെറിയ പൊട്ടലൊഴിച്ചാൽ അതിന് മറ്റ് പരിക്കുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും പിയേഴ്സൺ പറയുന്നു. തുടർന്ന് മുയലിനെ ബാംഗോറിലെ പാർക്ക് മെനായിക്ക് സമീപമുള്ള മരങ്ങൾക്കിടയിലേക്ക് വിട്ടു. അതിനോട് ക്ഷമാപണം നടത്തുന്നതിന് വേണ്ടി കുറച്ച് കാരറ്റുകൾ താനതിന് നൽകി എന്നും പിയേഴ്സൺ പറയുന്നു.
അദ്ദേഹം ഫേസ്ബുക്കിൽ ഈ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തു. എന്നാൽ, മുയലിനെ വണ്ടി ഇടിച്ച അതേ സ്ഥലത്ത് തന്നെ കൊണ്ടുവിടണമായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്തായാലും മുയലിന് പുതിയ സ്ഥലത്ത് ഇതൊരു പുതിയ തുടക്കമാവട്ടെ എന്ന് പറഞ്ഞവരും കുറവല്ല.