രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് സ്‌റ്റേഷനു മുകളില്‍ ഒരു കാര്‍!

By Web TeamFirst Published Oct 16, 2021, 6:17 PM IST
Highlights

ഫ്രാന്‍സിലെ ഒരു പട്ടണമായ പ്ലൗണ്‍വെന്ററിലെ ആളുകള്‍ ഈയാഴ്ച വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടാണ് ഉണര്‍ന്നത്. ഒരു ബസ് സ്‌റ്റേഷനു മുകളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ഒരു വെളുത്ത വാന്‍. 

ഫ്രാന്‍സിലെ ഒരു പട്ടണമായ പ്ലൗണ്‍വെന്ററിലെ ആളുകള്‍ ഈയാഴ്ച വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടാണ് ഉണര്‍ന്നത്. ഒരു ബസ് സ്റ്റോപ്പിന് മുകളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ഒരു വെളുത്ത വാന്‍. ഒരു പക്ഷെ നിങ്ങള്‍ക്കാണ് അങ്ങനെയൊരു അനുഭവമുണ്ടായതെങ്കില്‍, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?  അപ്രതീക്ഷിതമായി ബസ് സ്റ്റോപ്പിന് മുകളില്‍ ഒരു കാര്‍ കണ്ടാല്‍ തീര്‍ച്ചയായും,  നമ്മള്‍ വിരണ്ടുപോകും.  

തിങ്കളാഴ്ച രാവിലെ പ്ലൂണെവെന്ററിലെ യാത്രക്കാര്‍ക്ക് സംഭവിച്ചതും അത് തന്നെ. പ്ലേസ് ഡി എല്‍ എഗ്ലൈസ് ബസ് സ്റ്റോപ്പിന് മുകളിലാണ് വാന്‍ കിടന്നിരുന്നത്.   വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. താമസിയാതെ പട്ടാളം അവിടെ എത്തി. കൂടുതല്‍ അപകടങ്ങള്‍ ഒഴുവാക്കാന്‍ വാഹനം സ്ഥലത്ത് നിന്ന് അവര്‍ നീക്കം ചെയ്തു. വാഹനത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ സേനയ്ക്ക് കഴിഞ്ഞെങ്കിലും, ആരാണ് അല്ലെങ്കില്‍ എങ്ങനെയാണ് ഇത് ബസ് സ്റ്റോപ്പിന് മുകളില്‍ എത്തിയതെന്ന് അവര്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല. 

 

'ഇത് ഒരു നിഗൂഢതയാണ്. വാഹനം ആരുടേതാണെന്ന് ഞങ്ങള്‍ കണ്ടെത്തിയെങ്കിലും, അത് എങ്ങനെ അവിടെയെത്തിയെന്നും, അതിന്റെ കാരണം എന്താണെന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല, ''ക്യാപ്റ്റന്‍ ക്രിസ്റ്റോഫ് ലാവല്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവിടെ നിന്ന് മാറ്റുന്നതിന് മുന്‍പ് അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ഈ ചിത്രങ്ങള്‍ കണ്ട ആളുകള്‍ പലവിധ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു. ചിലര്‍ ഇത് ഏതോ കലാകാരന്റെ കലാസൃഷ്ടിയായിരിക്കാമെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ഇത് മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ചെയ്ത ഒരു പരസ്യമാകാമെന്നും വാദിച്ചു. ഇങ്ങനെ ആ സംഭവവുമായി ബന്ധപ്പെട്ട് ആളുകള്‍ പലവിധ ഊഹാപോഹങ്ങള്‍ നടത്തി. ഏകദേശം ഒരാഴ്ചയോളം, ഇതിന്റെ നിഗൂഢത എല്ലാവരെയും കുഴപ്പിച്ചു. 

എന്നാല്‍ ഒടുവില്‍ എല്ലാ സംശയങ്ങള്‍ക്കും അവസാനം കുറിച്ച് ഇന്നലെ അതിന് പിന്നിലുള്ള രഹസ്യം പുറത്ത് വന്നു. വാനിന്റെ ഉടമയും മറ്റൊരാളും തമ്മിലുള്ള ബിസിനസ് പ്രശ്‌നമാണ് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായി. രോഷാകുലനായ മറ്റേയാള്‍ ഒരു പെല്ലറ്റ് ട്രക്ക് ഉപയോഗിച്ച് ബസ് ഷെല്‍ട്ടറിന് മുകളില്‍ ആ വാഹനം കൊണ്ട് പോയി വയ്ക്കുകയായിരുന്നു. 

 വാഹനത്തിന്റെ ഉടമയെയും കുറ്റവാളിയെയും പൊലീസ് ചോദ്യം ചെയ്തു. ഒരാവേശത്തിന് ചെയ്തതാണെങ്കിലും, കുറ്റവാളിയ്ക്ക് പണി പിന്നാലെ വരുന്നുണ്ടെന്ന് വേണം കരുതാന്‍.  
 

click me!