ഒരു കയ്യില്ലാത്ത, കാലില്ലാത്ത, പൊള്ളലേറ്റ പാവകള്‍; ആമി ഇത്തരം പാവകള്‍ നിര്‍മ്മിക്കുന്നതിന് കാരണമുണ്ട്

Published : Mar 07, 2019, 11:59 AM IST
ഒരു കയ്യില്ലാത്ത, കാലില്ലാത്ത, പൊള്ളലേറ്റ പാവകള്‍; ആമി ഇത്തരം പാവകള്‍ നിര്‍മ്മിക്കുന്നതിന് കാരണമുണ്ട്

Synopsis

അങ്ങനെ അവർ നിർമിച്ച കയ്യില്ലാത്ത, കാലില്ലാത്ത, പ്രോസ്തെറ്റിക് ലിംബ് പിടിപ്പിച്ച, തലയിൽ മുടിയില്ലാത്ത, ദേഹത്ത് പൊള്ളലടയാളങ്ങളുള്ള, കാണാൻ ഏറെക്കുറെ പാവ ഓർഡർ ചെയ്ത കുട്ടിയെപ്പോലെ തന്നെ ഇരിക്കുന്ന കലാസൃഷ്ടികൾ പാവകളുടെ രൂപത്തിൽ ആമി നിർമിച്ചു. കുട്ടികളിലേക്ക് അവ എത്തിച്ചുകൊടുത്തു. 

ആമി ജാൻഡ്രെയ്‌സെവിറ്റ്സിന്റെ ഡൈനിങ്ങ് ഹാൾ അവരുടെ പാവ ഫാക്ടറി കൂടിയാണ്. അവിടെ അവർ കുട്ടികൾക്കുള്ള കളിപ്പാവകൾ തുന്നിയുണ്ടാക്കുന്നു. പഞ്ഞി നിറച്ച പലവിധം പാവകൾ. ഈ കളിപ്പാവകൾക്ക് പക്ഷേ, ഒരു പ്രത്യേകതയുണ്ട്.. അവ കസ്റ്റം മെയ്ഡ്  പാവകളാണ്. ഓർഡറനുസരിച്ച് പറഞ്ഞുണ്ടാക്കുന്നത്. കാരണം, ആമി ഒരു സാധാരണ പാവയുണ്ടാക്കൽകാരിയല്ല. അവർ ശാരീരികമായ അപൂർണതകളുള്ള കുട്ടികൾക്കുവേണ്ടി കളിപ്പാവകൾ നിർമിക്കുന്ന ലോകത്തിലെ ഒരേയൊരു പാവ ഫാക്ടറിയുടെ ജീവാത്മാവും പരമാത്മാവും ഒക്കെയാണ്. തന്റെ രണ്ടു കുഞ്ഞുങ്ങളെ വച്ചുവിളമ്പി സ്‌കൂളിൽ ഭക്ഷണവും കൊടുത്ത് പറഞ്ഞയച്ച ശേഷം കിട്ടുന്ന സമയത്താണ് ആമി പാവയുണ്ടാക്കുന്നത്. 

പാവ നിർമാണത്തെ  ഒരു മുഴുവൻ സമയ ജോലിയാക്കുന്നതിനു മുമ്പ് ആമി പീഡിയാട്രിക്കൽ ഓങ്കോളജി - ശിശുക്കളുടെ കാൻസർ വാർഡിൽ സാമൂഹിക സേവികയായി പ്രവർത്തിച്ചുപോന്നിരുന്നു. അവിടെ കുഞ്ഞുങ്ങളുമായി ഇടപഴകുകയും ഒപ്പം ടെർമിനൽ രോഗങ്ങളുടെ ചികിത്സയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മനഃശാസ്ത്രത്തിലുള്ള തന്റെ ഗവേഷണങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിലാണ് ഈ കുഞ്ഞുങ്ങളുടെ ഏകാന്തതയെപ്പറ്റി ആമി ബോധവതിയാവുന്നത്. പ്ലെ തെറാപ്പിയുടെ ഭാഗമായി അവർക്കു കളിക്കൂട്ടായി പാവക്കുട്ടികളെ നൽകാൻ ആമി തീരുമാനിച്ചു. പക്ഷേ, ഈ കുഞ്ഞുങ്ങളിൽ പലർക്കും തലയിൽ മുടിയില്ലായിരുന്നു, ചിലർക്ക് ഒരു കയ്യോ കാലോ ഇല്ലായിരുന്നു, ചിലരുടെ ദേഹത്ത് പൊള്ളലിൽന്റെ വടുക്കള്‍ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് കളിക്കാനായി കിട്ടിയ പാവകളോ, വളരെ പെർഫെക്റ്റ് ആയ ശരീരത്തോട് കൂടിയതും. തങ്ങൾക്കു ചുറ്റുമുള്ള സമൂഹത്തിൽ കാണുന്നവരെല്ലാം തങ്ങളിൽ നിന്നും വ്യത്യസ്തരും, എല്ലാം തികഞ്ഞവരുമാണ് എന്നൊരു സങ്കടം അവർക്കുണ്ടായി, സ്വാഭാവികമായും..  അതുണ്ടാക്കുന്ന ഒറ്റപ്പെടൽ വളരെ വലുതാണ് എന്ന് ആമി തിരിച്ചറിഞ്ഞു.

അപ്പോൾ എന്താ ചെയ്ക..? ആമി ദിവസങ്ങളോളം ഇരുന്ന് ആലോചിച്ചു. അങ്ങനെയിരിക്കെ ആമിയ്ക്ക് തോന്നിയ ഒരു കുറുക്കൻ ആശയമാണ്  ഈ കുഞ്ഞുങ്ങൾക്ക് അവരെപ്പോലെ തന്നെ ഇരിക്കുന്ന കളിപ്പാവകൾ വാങ്ങി നൽകുക എന്നത്. അത്തരത്തിലുള്ള കസ്റ്റം മെയ്ഡ് പാവകൾ തപ്പിയിറങ്ങിയ ആമിയ്ക്ക് നിരാശയായിരുന്നു ഫലം. ഒരു പാവ കമ്പനിയും അങ്ങനെയുള്ള പാവകൾ ഉണ്ടാക്കുന്നുണ്ടായിരുന്നില്ല. കുറഞ്ഞ എണ്ണത്തിൽ അവരെക്കൊണ്ടു പറഞ്ഞുണ്ടാക്കിക്കാനും പറ്റില്ലായിരുന്നു. " ബി ദി ചേഞ്ച് യു വാണ്ട് റ്റു സീ..  " എന്നാണല്ലോ ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആമിയും ചെയ്തത് അതുതന്നെയായിരുന്നു. അവർ ഇത്തിരി പാടുപെട്ടിട്ടാണെങ്കിലും പാവ നിർമാണം എന്ന കല പഠിച്ചെടുത്തു. അതിനുവേണ്ടുന്ന യന്ത്രങ്ങൾ വീട്ടിലെ തീന്മുറിയിൽ തന്നെ സെറ്റുചെയ്തു. ഒരു ചെറുകിട പാവ നിർമ്മാണശാല തന്നെ തുടങ്ങി. ലാഭേച്ഛയായിരുന്നില്ല അവരുടെ മനസ്സിൽ.  മാറാരോഗങ്ങൾ ബാധിച്ച കുട്ടികളുടെ മനസ്സിന് അത് അല്പമെങ്കിലും ആശ്വാസം പകരുമെങ്കിൽ ആയിക്കോട്ടെ എന്നുള്ള ചിന്ത മാത്രം. 

അങ്ങനെ അവർ നിർമിച്ച കയ്യില്ലാത്ത, കാലില്ലാത്ത, പ്രോസ്തെറ്റിക് ലിംബ് പിടിപ്പിച്ച, തലയിൽ മുടിയില്ലാത്ത, ദേഹത്ത് പൊള്ളലടയാളങ്ങളുള്ള, കാണാൻ ഏറെക്കുറെ പാവ ഓർഡർ ചെയ്ത കുട്ടിയെപ്പോലെ തന്നെ ഇരിക്കുന്ന കലാസൃഷ്ടികൾ പാവകളുടെ രൂപത്തിൽ ആമി നിർമിച്ചു. കുട്ടികളിലേക്ക് അവ എത്തിച്ചുകൊടുത്തു. കുട്ടികളുടെ മനസ്സ് വളരെ വിചിത്രമായാണ് പ്രവർത്തിക്കുക. അവരുടെ മനസ്സിന്റെ ലോജിക്കൽ ആയുള്ള ഭാഗത്തിന് തന്റെ മുന്നിലിരിക്കുന്നത് ഒരു കളിപ്പാവ മാത്രമാണ് എന്ന് നന്നായി അറിയും. എന്നാലും, അവരുടെ മനസ്സിലെ കുട്ടിത്തം ഈ പാവകളുമൊത്തുള്ള കളികളിൽ അഭിരമിക്കുന്ന നേരത്ത് അവരോട് പറയും, " കണ്ടോ.. നിന്നെപ്പോലെ ഈ ലോകത്ത് വേറെയും ആളുകളുണ്ട്.. നീ ഒറ്റയ്ക്കല്ലപ്പാ.." 

ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കായി മാറ്റത്തിന്റെ ഒരു അലയടി തന്നെയാണ് ആമി തന്റെ വീട്ടിനുള്ളിലിരുന്നുകൊണ്ട് തുന്നിയെടുക്കുന്നത്. വളരെ കൃത്യമായ ഡീറ്റെയിലിങ്ങ് ഓരോ പാവയ്ക്കും പിന്നിലുണ്ട്. പാവയുടെ ഉടമസ്ഥന്റെ ശരീരത്തിന്റെ പ്രത്യേകതകൾ അതുപോലെ ഒപ്പിയെടുക്കാന്‍ പാവയിലും ആമി ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ശ്രമങ്ങളുടെ ഭാഗമായി ആമി കൈകാലുകൾ നഷ്ടപ്പെട്ട, മുടി കൊഴിഞ്ഞുപോയ, ദേഹത്ത് മറുകുകളുള്ള, ആൽബിനിസമുള്ള, പൊള്ളലിന്റെ വടുക്കള്‍ കെട്ടിയ അങ്ങനെയങ്ങനെ പലവിധം രൂപങ്ങളുള്ള നിരവധി പാവകൾ തുന്നിക്കൊടുത്തു കഴിഞ്ഞു. ഓരോ പാവയും മറ്റൊന്നിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. രണ്ടു പാവകൾ തമ്മിൽ ഒരേയൊരു സാമ്യമേയുള്ളൂ.അവയുടെ മുഖത്ത് കാണുന്ന  ആ നിറഞ്ഞ പുഞ്ചിരി. തങ്ങളുടെ പാവകളെ കെട്ടിപ്പിടിച്ചുകൊണ്ട് ആ പുഞ്ചിരിയിയോട്  തങ്ങളുടെ പുഞ്ചിരി  ചേർത്തുകൊണ്ട് ഈ ചിത്രങ്ങളിലോക്കെയും  നിറഞ്ഞു നിൽക്കുകയാണ് ആമിയുടെ പാവക്കുട്ടികളെ സ്നേഹിക്കുന്ന എത്രയോ കുട്ടികൾ..!.
 

PREV
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു