ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ വലുത്, ഇന്ന് ഹൊറർ പടത്തിലെ വീട് പോലെ, 20 വർഷമായി അനാഥമാക്കപ്പെട്ട ബംഗ്ലാവ്

By Web TeamFirst Published Nov 20, 2022, 12:29 PM IST
Highlights

1985 -ലാണ് സസ്സെക്സിൽ ഈ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. എന്നാൽ, പ്രദേശത്തുള്ളവർ പിന്നീട് ഇതിനെ വിളിച്ചത് ​'ഗോസ്റ്റ് ഹൗസ്' അഥവാ 'പ്രേതഭവനം' എന്നാണ്.

ബക്കിം​ഗ്ഹാം കൊട്ടാരം എത്ര വലുതാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ, ആ കൊട്ടാരത്തിനേക്കാൾ വലിയ ഒരു കെട്ടിടമുണ്ട് ബ്രിട്ടണിൽ. പക്ഷേ, പൂർത്തിയാക്കാം എന്ന് പ്രതീക്ഷിച്ച് പണി തുടങ്ങിയ ആ സ്വകാര്യ കെട്ടിടത്തിന്റെ പണി പാതിവഴിയിൽ നിലച്ചു. അതിപ്പോൾ കണ്ടാൽ ഏതോ പ്രേതപ്പടത്തിലെ വീട് പോലെയാണ്. ‌കോടീശ്വരനായ ഉടമ ആർക്കിടെക്ടുമായി തെറ്റിപ്പിരിഞ്ഞതാണ് കെട്ടിടത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണം എന്നാണ് പറയുന്നത്. 



40 മില്യൺ പൗണ്ട് വിലമതിക്കുന്ന ഈ സസെക്‌സ് പ്രോപ്പർട്ടിക്ക് ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നീളമുണ്ട് എന്നാണ് പറയുന്നത്. കൂടാതെ, ബ്രിട്ടനിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും ചെലവേറിയ സ്വകാര്യ വീടുകളിൽ ഒന്നാണിതെന്നും അതിന്റെ നിർമ്മാണ വേളയിൽ പറയപ്പെട്ടിരുന്നു. 

ബ്രിട്ടീഷ് കോടീശ്വരനായ നിക്കോളാസ് വാൻ ഹൂഗ്‌സ്‌ട്രാറ്റനാണ് ഈ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. കോടീശ്വരനെങ്കിലും കുറ്റവാളി കൂടിയാണ് ഹൂഗ്‌സ്‌ട്രാറ്റൻ. ഏതായാലും ഹൂഗ്‌സ്‌ട്രാറ്റൻ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാനായിട്ടില്ല. പ്രവർത്തനക്ഷമമായ സിസിടിവി, നായകളെ കുറിച്ചും മറ്റുമുള്ള മുന്നറിയിപ്പ് ബോർഡുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഏതായാലും കഴിഞ്ഞ വർഷം ഈ ഭീമൻ കെട്ടിടത്തിന്റെ ഉള്ളിൽ നിന്നുമുള്ള ചിത്രങ്ങൾ പുറത്ത് വന്നു. അതിൽ കൂറ്റൻ കോണിപ്പടികളും മുറികളും എല്ലാം കാണാം. 

1985 -ലാണ് സസ്സെക്സിൽ ഈ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. എന്നാൽ, പ്രദേശത്തുള്ളവർ പിന്നീട് ഇതിനെ വിളിച്ചത് ​'ഗോസ്റ്റ് ഹൗസ്' അഥവാ 'പ്രേതഭവനം' എന്നാണ്. രണ്ടായിരത്തിൽ ഒരു റിപ്പോർട്ടർ എങ്ങനെയൊക്കെയോ ഇതിന്റെ അകത്ത് കയറി. അന്ന് പറഞ്ഞിരുന്നത് രണ്ട് വർഷത്തിനുള്ളിൽ ഇതിന്റെ പണി കഴിയും എന്നാണ്. വില കൂടിയ തൂണുകളും മറ്റുമാണ് വീട്ടിൽ സ്ഥാപിച്ചിരുന്നത്. ഒരു നില അപ്പാടെ ഹൂഗ്‌സ്‌ട്രാറ്റന്റെ ആർട്ട് ശേഖരത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. 

എന്നാൽ, പെട്ടെന്ന് കെട്ടിടത്തിന്റെ പണി നിലച്ചു. 20 വർഷമായി അത് അങ്ങനെ തന്നെ കിടക്കുകയുമാണ്. ഏതായാലും അതിനിടയിൽ പലതരത്തിലുള്ള നിയമ നൂലാമാലകളും ഈ കെട്ടിടത്തെ തേടി എത്തി. അതിനിടെ ഒരു ഭൂവുടമയെ കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ ഹൂഗ്‌സ്‌ട്രാറ്റൻ അറസ്റ്റിലുമായി. അതുപോലെ, ഈ കെട്ടിടം അവിടെയുണ്ടായിരുന്ന ഒരു വഴി മുടക്കുന്ന തരത്തിലുള്ളതാണ് എന്നായിരുന്നു ഒരു ആരോപണം. കൂടാതെ, നാട്ടുകാരെല്ലാം ചേർന്ന് ഈ കെട്ടിടം വീടില്ലാത്തവർക്ക് വേണ്ടി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഉടമകൾ അത് സമ്മതിച്ചിരുന്നില്ല. ഹൂഗ്‌സ്‌ട്രാറ്റന്റെ മക്കളാണ് നിലവിൽ കെട്ടിടത്തിന്റെ ഉടമകൾ എന്ന് കരുതുന്നു. 

ഏതായാലും കെട്ടിടത്തിന്റെ പണി പുനരാരംഭിക്കുകയും അത് പൂർത്തിയാക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 
 

click me!