അഭിമന്യു: ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുമ്പോള്‍...

Published : Jul 02, 2019, 01:31 PM IST
അഭിമന്യു: ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുമ്പോള്‍...

Synopsis

മലമുകളിൽ നിന്നും ഒരു ചരക്കുലോറിയിൽ കേറി തലേന്ന് രാവിലെ മാത്രം കോളേജുപിടിച്ച അഭിമന്യു, അടുത്ത പകൽ മുഴുവൻ അതേ കലാലയത്തിനുള്ളിൽ വെള്ളപുതച്ചു കിടന്നു. "നാൻ പെറ്റ മകനേ...'യെന്ന് അന്നവന്റെ അമ്മ ഭൂപതി കരഞ്ഞ കരച്ചിൽ പൊള്ളിച്ചത് നമ്മുടെയെല്ലാം നെഞ്ചുകളെയാണ്.    

"വിപ്ലവം ഇരമ്പിയുണരുമ്പോള്‍,
പ്രശാന്തരാത്രികളുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച്,
വെളിച്ചത്തിലോ അല്ലാതെയോ
ഒരുനാള്‍ ഞാന്‍ വധിക്കപ്പെട്ടേക്കാം…" 

തന്റെ  മുപ്പത്തിമൂന്നാമത്തെ വയസ്സിൽ  തീവ്രവാദികളാല്‍ വധിക്കപ്പെട്ട പഞ്ചാബി കവി പാശ് എഴുതിയവരികളാണ് മുകളിൽ. വിപ്ലവത്തിന്റെ ഇരമ്പം, ബുദ്ധിയുറച്ച നാൾ മുതൽ, ചെവിക്കുള്ളിൽ കേട്ടുതുടങ്ങിയപ്പോഴാണ്  അഭിമന്യു എന്ന വട്ടവടക്കാരൻ,  വിപ്ലവത്തിന്റെ കൂറുള്ള മഹാരാജാസിന്റെ മണ്ണിൽ പഠിക്കാനായി മലയിറങ്ങി വന്നത്. അവിടത്തെ കലാ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അഭിമന്യു SFI -യുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.  ഇടതുപക്ഷാശയങ്ങളോടുള്ള ആ ആഭിമുഖ്യം തന്നെയാവാം ഒരുപക്ഷേ, അകാലത്തിൽ അവന്റെ ജീവനെടുക്കാൻ നിമിത്തമായതും. 

ഒരു വർഷം മുമ്പ്,  രാത്രി ഏറെ വൈകിയും ചുവരെഴുതാൻ ഉറക്കമിളച്ചു നിന്നവരുടെ കൂടെ അവരിലൊരാളായി എല്ലാറ്റിനും അഭിമന്യുവും ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു ചുവരിന്മേലുള്ള അവകാശത്തർക്കം. ഏതൊരു കോളേജിലും വളരെ സ്വാഭാവികമായി നടക്കുന്ന ചെറിയൊരു വഴക്ക്...  അതിൽ നിന്നും ഉടലെടുത്ത, രണ്ടുപാർട്ടികൾ തമ്മിലുള്ള ഒരു തല്ല്. അതിലേക്ക് മാരകായുധങ്ങളുമായി കടന്നുവരാനും, ആ മണ്ണിൽ ചോരവീഴ്ത്തിക്കൊണ്ട് ചിലതൊക്കെ സ്ഥാപിക്കാനുമുള്ള തീരുമാനം ആരുടേതായിരുന്നു? അറിയില്ല..! അന്നവിടെ കുത്തുകൊണ്ടു പിടഞ്ഞുവീണ മൂന്നുപേരിൽ ഒരാളായിരുന്നു അഭിമന്യു. മറ്റുരണ്ടുപേരും പരിക്കുകളെ അതിജീവിച്ചു.  അഭിമന്യുവിന് പക്ഷേ, അതിനായില്ല. 

മലമുകളിൽ നിന്നും ഒരു ചരക്കുലോറിയിൽ കേറി തലേന്ന് രാവിലെ മാത്രം കോളേജുപിടിച്ച അഭിമന്യു, അടുത്ത പകൽ മുഴുവൻ അതേ കലാലയത്തിനുള്ളിൽ വെള്ളപുതച്ചു കിടന്നു. "നാൻ പെറ്റ മകനേ...'യെന്ന് അന്നവന്റെ അമ്മ ഭൂപതി കരഞ്ഞ കരച്ചിൽ പൊള്ളിച്ചത് നമ്മുടെയെല്ലാം നെഞ്ചുകളെയാണ്.  

ഇന്നേക്ക് ഒരു വർഷം കടന്നുപോയിരിക്കുന്നു. അതിനു ശേഷം, കേരളത്തിലൂടെ ഒരു പ്രളയം തന്നെ കയറിയിറങ്ങിപ്പോയി. അവന്റെ വീടിനടുത്തുള്ള ശ്‌മശാനത്തിൽ അവനെയടക്കിയിരുന്ന മണ്ണ് മലവെള്ളത്തിൽ ഒലിച്ചുപോയി. അവിടെ അവന്റെ സ്നേഹിതർ വീണ്ടും മണ്ണ് കൂനകൂട്ടി കൊടികുത്തിയിട്ടുണ്ട്. അവനെ വീണ്ടും അടയാളപ്പെടുത്തിയിട്ടുണ്ട്. 


 
കുത്തേറ്റു പൊലിഞ്ഞ മഹാരാജാസിലെ മണ്ണിൽ അഭിമന്യുവിന്റെ പേരിൽ ഒരു സ്മാരകം ഉയർന്നുപൊങ്ങുന്നത് കാണാം. ഒപ്പം അതേച്ചൊല്ലിയുള്ള ചില വിവാദങ്ങളും. അവന്റെ നാട്ടിൽ,  ചോർന്നൊലിച്ചിരുന്ന കൂരയ്ക്ക് പകരമായി പാർട്ടി നേരിട്ടുകെട്ടിക്കൊടുത്ത അടച്ചുറപ്പുള്ള ഒരു വീടുണ്ടിന്ന്. അവന്റെ ചേച്ചിയുടെ കല്യാണം എല്ലാവരും ചേർന്ന് ഭംഗിയാക്കി. അഭിമന്യുവിന്റെ ചേട്ടന് ഇന്നൊരു സഹകരണബാങ്കിൽ ജോലിയുണ്ട്. 

വട്ടവടയിൽ, അഭിമന്യുവിന്റെ  പേരിൽ, അവന്റെ ആഗ്രഹം പോലെ തന്നെ ഒരു ലൈബ്രറി പണിത് അത്  പുസ്തകങ്ങൾ കൊണ്ട് നിറച്ചിട്ടുണ്ട് അവന്റെ സ്നേഹിതർ. ആ പ്രാണനുറങ്ങുന്നിടത്ത് ഇന്ന് പുല്ലു മുളച്ചു പൊങ്ങിയിട്ടുണ്ട്. അവിടെ ഇന്നും മഞ്ഞുവീഴുന്നുണ്ട്‌.  ഇതിനിടയിലൊക്കെ, കൃത്യം അവന്റെ മാത്രം വലിപ്പത്തിന് ഒരിടം കാലിയാണ്. ആ മലമുകളിലെ ഒച്ചകൾക്കിടയിൽ അവന്റേതെന്ന് ഒരൊച്ച, അതിന്റെ മാത്രം കുറവുണ്ട്...! അഭിമന്യൂ, കേരളം നിന്നെ മറവിയിലാഴ്ത്താതെ ചേര്‍ത്തു പിടിക്കുന്നുണ്ട് !

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം