ഇതാ മറ്റൊരു ഗംഗ, ജെനിയെ ഒരു ദിവസം ആവേശിക്കുന്നത് 2500 'നാഗവല്ലിമാര്‍'!

Published : May 27, 2019, 10:37 AM ISTUpdated : May 28, 2019, 06:05 PM IST
ഇതാ മറ്റൊരു ഗംഗ, ജെനിയെ ഒരു ദിവസം ആവേശിക്കുന്നത് 2500 'നാഗവല്ലിമാര്‍'!

Synopsis

ഗംഗയ്ക്ക് അനുഭവപ്പെട്ടിരുന്നത് 'നാഗവല്ലി' എന്ന ഒരൊറ്റ കഥാപാത്രവുമായുള്ള കൂടുവിട്ട് കൂടുമാറ്റമായിരുന്നു എങ്കിൽ  ജെനി ഹെയ്ൻസ് എന്ന 49-കാരിയുടെ 'മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ' അവരെ ഒരു ദിവസത്തിൽ 2500-ലധികം കഥാപാത്രങ്ങളാക്കി മാറ്റുന്നു.

മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയ്ക്ക്  'മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോർഡർ' എന്ന അപൂർവമായ ഒരു മാനസിക രോഗമാണെന്നാണ് ഡോ. സണ്ണി നകുലനോട് പറയുന്നത്. മനഃശാസ്ത്രത്തിൽ അതിന് 'ദ്വന്ദവ്യക്തിത്വം' അഥവാ 'അപരവ്യക്തിത്വം 'എന്നൊക്കെ പറയുമത്രെ. മുത്തശ്ശിയോടൊപ്പം നാടൻ പാട്ടും, കളമെഴുത്തും, പഴങ്കഥകളും കേട്ടുവളർന്ന ഗംഗയെന്ന പത്താം ക്ലാസുകാരി, തന്നെ തന്റെ അച്ഛനമ്മമാർ അവിടെ നിന്നും വേർപെടുത്തി അവരുടെ കൂടെ കൊണ്ടുപോകാൻ പോവുന്നു എന്നറിഞ്ഞപ്പോൾ മനോനില തെറ്റുന്നു. അന്നത്തെ ചികിത്സയിൽ ആ മനോരോഗം തല്ക്കാലം കെട്ടടങ്ങിയെങ്കിലും, അതിന്റെ കനൽത്തരികൾ അവളുടെ മനസ്സിൽ ചാരം മൂടികിടന്നു. പിന്നീട് മാടമ്പള്ളി മേടയിൽ ഭർത്താവ് നകുലനൊപ്പം പാർക്കാൻ വരുമ്പോഴാണ് അത് സടകുടഞ്ഞെഴുനേൽക്കുന്നത്.  അവിടെ നിന്നും കേൾക്കുന്ന കഥകളിലെ നാഗവല്ലി എന്ന കഥാപാത്രത്തോട് അവൾ താദാത്മ്യം പ്രാപിക്കുന്നു. ആ മാനസികമായ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഗംഗ കണ്ടെത്തിയ അപരവ്യക്തിത്വമായിരുന്നു നാഗവല്ലി എന്ന നർത്തകിയുടേത്.  തുടക്കത്തിൽ, ശങ്കരൻ തമ്പിയാൽ ചൂഷണം ചെയ്യപ്പെടുന്ന നാഗവല്ലിയോട് ഗംഗയ്ക്ക് തോന്നുന്ന സഹതാപം (സിമ്പതി) പിന്നെ ഒരുതരം തന്മയീഭാവം (എമ്പതി) ആയി മാറുന്നു. പിന്നീട് ഗംഗ ആ കഥയിലെ ഉപകഥാപാത്രങ്ങളെ തന്റെ ജീവിതത്തിൽ തന്നെ കണ്ടെത്തുകയും, ഗംഗയുടെ ജീവിതത്തിൽ നിന്നും ഇടയ്ക്കിടെ മോചനം നേടി നാഗവല്ലിയായി ആടിത്തിമിർക്കുകയും അതിലൂടെ മനഃസന്തോഷം കണ്ടെത്തുകയും ഒക്കെ ചെയ്യുന്നു. 

മേൽപ്പറഞ്ഞ കഥയ്ക് സമാനമായ ഒരു അനുഭവമാണ് ഓസ്‌ട്രേലിയയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഗംഗയ്ക്ക് അനുഭവപ്പെട്ടിരുന്നത് 'നാഗവല്ലി' എന്ന ഒരൊറ്റ കഥാപാത്രവുമായുള്ള കൂടുവിട്ട് കൂടുമാറ്റമായിരുന്നു എങ്കിൽ  ജെനി ഹെയ്ൻസ് എന്ന 49-കാരിയുടെ 'മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ' അവരെ ഒരു ദിവസത്തിൽ 2500-ലധികം  കഥാപാത്രങ്ങളാക്കി മാറ്റുന്നു.. ഇതിൽ ഓരോ കഥാപാത്രത്തിനും വെവ്വേറെ പേരുകളുണ്ട്. അവരവരുടേതായ ശബ്ദവിന്യാസങ്ങളുണ്ട്. സ്വന്തം അച്ഛനിൽ നിന്നും നിരന്തരമായി ഏൽക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ അതിജീവിക്കാനുള്ള മനസ്സിന്റെ ഒരു ഡിഫൻസ് മെക്കാനിസമാണ് ഈ വ്യത്യസ്ത വ്യക്തിത്വങ്ങളെ എടുത്തണിയാൻ  ജെനിയെ പ്രേരിപ്പിച്ചത്. ഇത് അവൾ ചുമ്മാ ഒരു രസത്തിന് കാണിക്കുന്ന മിമിക്രിയൊന്നുമല്ല. എല്ലാം വെവ്വേറെ വ്യക്തിത്വങ്ങളാണ്. കൃത്യമായ സ്വഭാവ സവിശേഷതകളുള്ള, കൃത്യമായ ഇഷ്ടാനിഷ്ടങ്ങളുള്ള, വെവ്വേറെ ശബ്ദങ്ങളും മാനസിക നിലകളുമുള്ളവ. 

ഓസ്‌ട്രേലിയൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായി ജെനിയുടെ ഈ വ്യക്തിത്വങ്ങളിൽ നിന്നും മൊഴി രേഖപ്പെടുത്തപ്പെട്ടു. കോടതിയിൽ ജെനിയുടെ മൊഴി രേഖപ്പെടുത്തപ്പെടാൻ നേരം അവൾക്ക് ഒരു ഓപ്‌ഷൻ കൊടുത്തു കോടതി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സമയത്ത് ജെനി ഒരു മൈനറായിരുന്നതിനാൽ വേണമെങ്കിൽ ജെനിയുടെ പേര് വെളിപ്പെടുത്താതിരിക്കാം. എന്നാൽ, തന്റെ അച്ഛൻ അങ്ങനെ സ്വന്തം മകളോട് ലൈംഗികമായ അക്രമങ്ങൾ പ്രവർത്തിച്ച ശേഷം സമൂഹമധ്യത്തിൽ മാന്യനായി മരിക്കേണ്ട എന്ന് ജെനിക്ക് നിർബന്ധമായിരുന്നു. അവൾ തന്റെ പേരും ഒപ്പം അച്ഛന്റെ പേരും വെളിപ്പെടുത്തണം എന്ന് ശഠിച്ചു. 

അവളുടെ  അപരവ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നാലുവയസ്സുകാരിയായ 'സിംഫണി'യാണ്. തൊട്ടടുത്ത നിമിഷം ജെനി ചിലപ്പോൾ 'റിക്കി' എന്ന എട്ടുവയസ്സുള്ള ബാലനായി മാറും. റൈഡർ ആയ 'മസിൽസ്' എന്ന ടീനേജറും ജെനിയുടെ ഒരു അപരവ്യക്തിത്വമാണ്. തന്റെ അച്ഛൻ റിച്ചാർഡ് ഹെയ്ൻസിൽ നിന്നും പതിനാലാമത്തെ വയസ്സുമുതൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളോടുള്ള പ്രതിരോധമായിട്ടാണ് ജെനിയിൽ ഈ അപരവ്യക്തിത്വങ്ങൾ ഉരുവപ്പെട്ടുവന്നത്. 

ജെനിയെ അതി ക്രൂരമായിട്ടായിരുന്നു അച്ഛൻ റിച്ചാർഡ് പീഡിപ്പിച്ചിരുന്നത്. അവൾക്ക് സ്വാഭാവിക നില കൈവരിക്കാനായി ഒരു 'റീകൺസ്ട്രക്റ്റീവ് സർജറി' നടത്തേണ്ടി വന്നു ഒടുവിൽ. താൻ ഉപദ്രവിക്കുമ്പോൾ ജെനിയിൽ നിന്നുയരുന്ന കരച്ചിലും, അവൾ തന്നെ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നതും ഒക്കെ അയാൾക്ക് വല്ലാത്ത ആനന്ദം പകർന്നിരുന്നുവത്രെ. ഈ പീഡനങ്ങളെപ്പറ്റി, അവയ്ക്കിരയായിരുന്ന ജെനിയുടെ അപര വ്യക്തിത്വങ്ങൾ ഒന്നൊന്നായി തങ്ങളുടെ നേരനുഭവങ്ങളെപ്പറ്റി കോടതിയ്ക്കുമുന്നിൽ സാക്ഷ്യം പറഞ്ഞു.അതൊക്കെ അതാത് വ്യക്തിത്വങ്ങളുടെ പേരിൽ, വെവ്വേറെ മൊഴിയായിത്തന്നെ കോടതി രേഖപ്പെടുത്തുകയും ചെയ്തു. 

തൊണ്ണൂറു ശതമാനം അപരവ്യക്തിത്വങ്ങൾക്കും കടുത്ത ഒരു മാനസിക സംഘർഷമുണ്ടാവും, കാരണമായി. മരിക്കാൻ വരെ പ്രേരിപ്പിക്കുന്ന ആ സങ്കടത്തെ അതിജീവിക്കാനാണ്, ഒരു വ്യക്തിയുടെ മനസ്സ് ഒരു ദ്വന്ദ വ്യക്തിത്വം എടുത്തണിയുന്നത്. അങ്ങനെ ചെയ്യുമ്പോൾ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡയിൽ നിന്നും വേർപെട്ടു, ഇനി ആ ദുഃഖം അനുഭവിക്കുന്നത് തങ്ങളല്ല എന്ന തോന്നൽ അവർക്കുണ്ടാകും. അതേസമയം, ആ ദുഃഖം അനുഭവിക്കുന്ന തന്നിലെ അപരവ്യക്തിത്വത്തോടുള്ള ഒരു സഹതാപമായി ആ സങ്കടം പരിവർത്തനം ചെയ്യുകയും ചെയ്യും. താൻ പീഡിപ്പിക്കപ്പെടുന്നു എന്ന പ്രാണസങ്കടത്തെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഒരു വികാരമാണല്ലോ പീഡിപ്പിക്കപ്പെടുന്ന മറ്റൊരാളോടുള്ള സഹതാപം. 

ജെനിയുടെ കേസിൽ, തന്റെ അച്ഛനിൽ നിന്നും നിരന്തര പീഡനങ്ങൾ നേരിടേണ്ടി വന്നപ്പോൾ അവൾ സിംഫണി എന്ന നാലുവയസുകാരിയെ തന്റെ മനസ്സിനുള്ളിൽ സൃഷ്ടിച്ചു. പിന്നെ അച്ഛന്റെ പീഡനങ്ങൾക്ക് ഇരയാവുന്ന നേരങ്ങളിൽ അവൾ സിംഫണിയായി മാറി. പീഡിപ്പിക്കപ്പെടുന്ന സമയം കഴിഞ്ഞാൽ ഉടൻ അവൾ ജെനിയാവും. അല്ലെങ്കിൽ മറ്റു കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്നാവും. അവരെല്ലാം, പീഡിപ്പിക്കപ്പെടുന്ന സിംഫണിയോട് സഹതാപമുള്ളവരാവും. പീഡിപ്പിക്കപ്പെടുന്നത് ജെനിയല്ല എന്നുവരുമ്പോൾ അത് അതിജീവിക്കാൻ അവൾക്ക് താരതമ്യേന എളുപ്പവുമാവും. അതായിരുന്നു ജെനിയുടെ അപരവ്യക്തിത്വത്തിന്റെ മനഃശാസ്ത്രം. 

പീഡനങ്ങൾക്കു ശേഷം, വിചാരണ നേരിടേണ്ടി വരും എന്നായപ്പോൾ ജെനിയുടെ അച്ഛൻ റിച്ചാർഡ് യു കെ യിലേക്ക് കടന്നിരുന്നു. 2017  ഫെബ്രുവരിയിൽ അയാളെ വിചാരണയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് തിരികെ കൊണ്ടുവന്നു. ആസ്‌ട്രേലിയയിൽ ഡോകുമെന്റ് ചെയ്യപ്പെട്ട ശിശുലൈംഗികപീഡന കേസുകളിൽ ഏറ്റവും മോശപ്പെട്ട ഒന്നായിരുന്നു അത്. റിച്ചാർഡ് ഒടുവിൽ കുറ്റം സമ്മതിച്ചു. 

കുട്ടികളോട് ലൈംഗിക അതിക്രമങ്ങളിൽ ഏർപ്പെടുന്ന പലരുടെയും ധാരണ അവർ കുട്ടികളായതിനാൽ അവരെ ഭീഷണിപ്പെടുത്തി ഒക്കെ ഒളിപ്പിക്കാം എന്നാണ്. എന്നാൽ കുട്ടികളായിരിക്കെ നേരിടേണ്ടി വരുന്ന പീഡനങ്ങൾ ഒരിക്കലും അവർ മറക്കില്ലെന്നും, എന്നെങ്കിലുമൊരിക്കൽ അവർ അതൊക്കെ നിയമത്തിനുമുന്നിൽ വിളിച്ചുപറയാനുള്ള ധൈര്യം അവലംബിക്കുമെന്നും, അത്തരം കുറ്റകൃത്യങ്ങളെ ഒളിപ്പിക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട എന്നുമുള്ള പാഠം  തന്റെ അനുഭവകഥ സമൂഹത്തിനു നൽകും  എന്ന് ജെനി ഹെയ്ൻസ് പ്രത്യാശ പ്രകടിപ്പിച്ചു. 

വിചാരണ കഴിഞ്ഞ്, ശിക്ഷ പ്രഖ്യാപിക്കാനായി ഈ മാസം അവസാനത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് ജെനിയുടെ കേസ്. മാതൃകാപരമായ ശിക്ഷതന്നെ കോടതി നൽകും എന്ന് ജെനി പ്രതീക്ഷിക്കുന്നു. ഒപ്പം, അവളുടെ അപരവ്യക്തിത്വങ്ങളും. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി