ബെംഗളൂരുവിൽ രാത്രിയിൽ ബൈക്കിലെ പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയ യുവാക്കൾക്ക് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഭാഷയേക്കാള്‍ വലുതാണ് കരുണ. വൈറലായി പോസ്റ്റ്.

മനുഷ്യർ പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും കരുണയോടെ ഇടപെടുകയും ചെയ്യുന്ന ലോകം വളരെ മനോഹരമാണ്. അതുപോലെ ഒരു യുവാവിനുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ബസവനഗുഡി പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്. രാത്രി വൈകി ബൈക്കിൽ വരികയായിരുന്ന രണ്ട് സുഹൃത്തുക്കൾ പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിപ്പോയി. ആ സമയത്ത് യുവാക്കൾക്ക് താങ്ങായി മാറിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ചാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നത്രെ യുവാക്കൾ. അപ്പോഴാണ് യുവാക്കളുടെ ബൈക്കിൽ പെട്രോൾ തീർന്നത്. പെട്രോൾ പമ്പ് വരെ എങ്ങനെയെങ്കിലും എത്താമെന്ന് കരുതിയെങ്കിലും ബസവനഗുഡി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ വണ്ടി നിന്നുപോവുകയായിരുന്നു. ആ സമയത്ത് പൊലീസുകാരിൽ നിന്ന് വഴക്ക് പ്രതീക്ഷിച്ചിരുന്ന യുവാക്കൾക്ക് മുന്നിലേക്ക് ഒരു ഉദ്യോഗസ്ഥൻ വന്നു.

'ബെംഗളൂരു പൊലീസ് ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാവില്ല' എന്ന് പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'സർ, പെട്രോൾ ഖതം ഹോ ഗയാ (സർ, പെട്രോൾ തീർന്നുപോയി) എന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ വഴക്ക് പറഞ്ഞില്ല, പകരം അകത്ത് നിന്ന് രണ്ട് പേരെ വിളിച്ച് ഞങ്ങൾക്ക് പെട്രോൾ എത്തിക്കാൻ സഹായിച്ചു' എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

സഹായത്തേക്കാളുപരി യുവാവിനെ സ്പർശിച്ചത് ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റമായിരുന്നു. യുവാക്കൾക്ക് കന്നഡ അറിയില്ലായിരുന്നു, പൊലീസുകാരനാകട്ടെ ഹിന്ദയും അത്ര വശവുമില്ല. എങ്കിലും ഹിന്ദി സംസാരിക്കുന്ന യുവാക്കൾക്ക് അപരിചിതത്വം തോന്നാതിരിക്കാൻ അദ്ദേഹം തനിക്കറിയാവുന്ന ഹിന്ദി വാക്കുകൾ ഉപയോഗിച്ച് അവരോട് സംസാരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നു എന്നാണ് പറയുന്നത്. 'ആ ചെറിയ പ്രവർത്തി ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചു' എന്നും യുവാവ് കുറിച്ചിരിക്കുന്നു.

നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നച്. 'മനുഷ്യത്വത്തിലുള്ള വിശ്വാസം തിരികെ കിട്ടിയ നിമിഷം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത്രയും നല്ല കാര്യം ചെയ്ത ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണമെന്നും കർണാടക പൊലീസിനെ ടാഗ് ചെയ്ത് നന്ദി പറയണമെന്നും പലരും കമന്റ് നൽകി.