
ഓഫീസിലെ കഠിനമായ ജോലികളിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ ചില ട്രിക്കുകളൊക്കെ പ്രയോഗിക്കാറുണ്ട്. എന്നാൽ, അവ പരസ്യമായി വെളിപ്പെടുത്താൻ ആരും ധൈര്യപ്പെടാറില്ല. പക്ഷേ, അതേ കുറിച്ച് പരസ്യമായി ഒരു യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. @TheArnabSaha എന്ന യൂസറാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, താൻ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതൽ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതിൽ പെടുന്നു.
ഇവയൊക്കെയാണത്രെ ജോലിസ്ഥലത്ത് യുവാവ് ചെയ്യുന്നത്;
- ഞാൻ ഒരു മണ്ടനെപ്പോലെ പെരുമാറും
- ഞാൻ രോഗിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറ്
- ഞാൻ എപ്പോഴും രോഗിയാണെന്ന് നടിക്കും
- ആരെങ്കിലും എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, ലോൺ ഇഎംഐ, തുടങ്ങി ആളുകൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത മറ്റ് വിഷയങ്ങളാണ് ഞാൻ സംസാരിച്ചു കൊണ്ടിരിക്കുക.
ഇനി ഇതിന്റെ ഗുണങ്ങളെ കുറിച്ചും യുവാവ് പറയുന്നുണ്ട്.
- അവർക്ക് എന്നോട് സഹതാപം തോന്നുന്നു
- നല്ല ഭക്ഷണം കഴിക്ക്, ജിമ്മിൽ പോകാൻ ശ്രമിക്കൂ തുടങ്ങിയ ഉപദേശങ്ങൾ അപ്പോൾ അവർ എനിക്ക് തരുന്നു.
- മറ്റുള്ളവരെ അപേക്ഷിച്ച് എനിക്ക് കുറച്ച് ജോലി മാത്രമേ തരൂ.
- എന്നിലുള്ള പ്രതീക്ഷകളും വളരെ കുറവാണ്.
- പക്ഷേ, എന്നെ ഏൽപ്പിച്ച എല്ലാ ജോലികളും ഞാൻ പൂർത്തിയാക്കും (അതിനാൽ തന്നെ വളരെ മോശം അവസ്ഥയിലാണെങ്കിലും ഇപ്പോഴും വളരെ ഉത്തരവാദിത്തമുള്ളവനാണല്ലോ ഇവൻ എന്ന് എന്നെ കുറിച്ച് അവർക്ക് തോന്നുന്നു) എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
എന്നാൽ, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ യുവാവിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ജോലിസ്ഥലത്ത് അലംഭാവം കാണിക്കുന്നു എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ, പിന്നീട്, ഇതിന് മറുപടിയും യുവാവ് നൽകി. താൻ ചെയ്യുന്നതിൽ തെറ്റില്ല എന്നും തനിക്ക് വയ്യായ്ക ഉണ്ട്, വീട്ടിൽ പ്രാരാബ്ദങ്ങളുണ്ട് എന്നുമാണ് യുവാവ് പറയുന്നത്. മാത്രമല്ല, കുറച്ചുനാളുകൾ മാത്രമേ താൻ ഇങ്ങനെ ചെയ്തുള്ളൂവെന്നും അത് കഴിഞ്ഞ് കുറച്ചുനാളുകളായി ഇപ്പോൾ ഇങ്ങനെയൊന്നും ചെയ്യാറില്ല എന്നും യുവാവ് പറഞ്ഞു.