
കുഞ്ഞുങ്ങൾക്ക് സാധാരണയായി പാസിഫയർ വച്ചുകൊടുക്കുന്ന നിരവധിപ്പേരുണ്ട്. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ. എന്നാൽ, മുതിർന്നവർ സാധാരണയായി പാസിഫയർ വയ്ക്കാറില്ല. പക്ഷേ, ഇപ്പോൾ ചൈനയിൽ മുതിർന്നവരും പാസിഫയർ ഉപയോഗിക്കുന്നുണ്ടത്രെ. ഇതിനെച്ചൊല്ലി വലിയ ആശങ്കകളാണ് ആരോഗ്യരംഗത്ത് നിന്നുമുള്ള വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്.
മുതിർന്നവർ ഡമ്മി പാസിഫയർ ഉപയോഗിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനുമാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ദീർഘനാൾ നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യരംഗത്ത് നിന്നുള്ള വിദഗ്ദ്ധർ പറയുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, മുതിർന്നവർക്കുള്ള ഈ പാസിഫയറുകൾ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പാസിഫയറുകളേക്കാൾ വലുതാണ് എന്നാണ് പറയുന്നത്. 10 മുതൽ 500 യുവാൻ വരെ (123 രൂപ മുതൽ 6,100 രൂപ വരെ) വ്യത്യസ്തമായ വിലയ്ക്ക് അവ ലഭ്യമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
'ഇത് ഉയർന്ന നിലവാരമുള്ളതാണ്, മൃദുവാണ്, അതുപയോഗിക്കുന്നത് നല്ലതായി തോന്നുന്നു. എന്റെ ശ്വസനത്തെയും ഇത് തടസ്സപ്പെടുത്തുന്നില്ല' എന്നാണ് ഇതുപയോഗിക്കുന്ന ഒരാൾ പറയുന്നത്.
മറ്റൊരാൾ പറയുന്നത്, 'ഇത് തന്നെ പുകവലി നിർത്താൻ സഹായിച്ചു' എന്നാണ്. ഒപ്പം മാനസിക സമ്മർദ്ദം കുറച്ചു എന്നും അയാൾ പറയുന്നു. മറ്റൊരാൾ പറയുന്നത്, 'ജോലിസ്ഥലത്ത് സമ്മർദ്ദം അനുഭവപ്പെടുമ്പോൾ താൻ ഈ പാസിഫയർ ഉപയോഗിക്കും അപ്പോൾ സമാധാനം തോന്നും' എന്നാണ്. കുട്ടിക്കാലത്തുള്ള ഒരു സുരക്ഷിതത്വബോധം അനുഭവപ്പെടുന്നതായി തോന്നുന്നു എന്നും ഇയാൾ പറഞ്ഞു.
അതേസമയം, പാസിഫയറുകൾ ഉപയോഗിക്കുന്നത് വായയ്ക്കും പല്ലുകൾക്കും കേടുപാടുകളുണ്ടാക്കുമെന്നും വിൽപ്പനക്കാർ അതേക്കുറിച്ച് കൂടുതൽ പറയാത്തതാണ് എന്നുമാണ് സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ദന്തഡോക്ടർ ടാങ് കവോമിൻ പറഞ്ഞത്. ദിവസം മൂന്ന് മണിക്കൂർ പാസിഫയർ ഉപയോഗിക്കുന്ന ഒരാളുടെ പല്ലുകൾ ഒരുവർഷത്തിനുള്ളിൽ സ്ഥാനം മാറാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ പറഞ്ഞു.