വിഗ്രഹാരാധനക്ക് കാരണമാവുമെന്ന് താലിബാന്‍, മുഖംമറച്ച് അഫ്ഗാന്‍ തുണിക്കടകളിലെ ബൊമ്മകള്‍!

By Web TeamFirst Published Jan 17, 2023, 7:56 PM IST
Highlights

താലിബാന് സ്ത്രീകളെ മാത്രമല്ല,  തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന, സ്ത്രീകളുടെ ബൊമ്മകളെയും പേടി!

അഫ്ഗാനിസ്താനിലെ തുണിക്കടകളില്‍ ഇപ്പോള്‍ ബൊമ്മകള്‍ക്കും കഷ്ടകാലമാണ്. താലിബാന്‍ അധികാരത്തില്‍ വന്നശേഷമാണ്, തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകള്‍ക്ക് കഷ്ട കാലം തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍ അണിയിച്ച് തുണിക്കടകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബൊമ്മകള്‍ ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണെന്ന് പറഞ്ഞാണ് താലിബാന്‍ നടപടി സ്വീകരിച്ചത്. ബൊമ്മകളുടെ തല മുറിച്ചു മാറ്റാനാണ് താലിബാന്‍ ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്.  എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനില്‍ ഇത്തരം വ്യവസ്ഥകള്‍ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റി. ഇതിനെ തുടര്‍ന്ന്, തുണിക്കടകളിലെല്ലാം, മുഖം പല തരത്തില്‍ മറച്ചുവെച്ച ബൊമ്മകളാണുള്ളതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് താലിബാന്റെ നിര്‍ദേശത്തില്‍നിന്നും അഫ്ഗാന്‍ വ്യാപാരികള്‍ തങ്ങളുടെ ബൊമ്മകളുടെ മുഖം രക്ഷപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുണിക്കടകള്‍ നിറഞ്ഞ വടക്കന്‍ കാബൂളിലെ ലൈസി മറിയം തെരുവിലെ വ്യാപാരികളുമായി സംസാരിച്ചശേഷമാണ് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവിടങ്ങളിലുള്ള കടകളില്‍ നിറയെ മുഖം മറച്ച ബൊമ്മകളാണുള്ളത്. ചിലരൊക്കെ വസ്ത്രങ്ങളുടെ അതേ നിറത്തിലുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. മറ്റു ചിലര്‍ ആകര്‍ഷകമായ അലൂമിനിയും ഫോയില്‍ ഉപയോഗിക്കുന്നു. ചാക്കുകൊണ്ടാണ് ആദ്യം മുഖം മറച്ചിരുന്നതെങ്കിലും അത് കടകളുടെ മുന്‍ഭാഗം അനാകര്‍ഷകമാക്കുന്നതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്നും വ്യാപാരികള്‍ പറയുന്നു. 

താലിബാന്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ, അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കര്‍ശനമാക്കിയത്. ഇവിടെയുള്ള തുണിക്കട ഉടമകളോട് കടകളില്‍ നിരത്തി വെച്ചിരിക്കുന്നു സ്ത്രീകളുടെ ബൊമ്മകളുടെ തല നീക്കം ചെയ്യണമെന്ന് താലിബാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇസ്ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദേശം പുറപ്പടുവിച്ചിരുന്നത്. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നും അന്ന് താലിബാന്‍ പ്രാദേശിക ഘടകം പറഞ്ഞിരുന്നു. അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിക ശാസനങ്ങള്‍. ഈ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കിനില്‍ക്കുന്നതെന്നാണ് താലിബാന്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിനുശേഷമാണ് വ്യാപാരികള്‍ താലിബാനോട് ഇതിന്റെ ബുദ്ധിമുട്ടുകള്‍ അറിയിച്ചതും മുഖം മറച്ചാല്‍ മതിയെന്ന് താലിബാന്‍ വ്യക്തമാക്കിയതും. 

 

 

താലിബാന്‍ അധികാരത്തില്‍ എത്തിയ ഉടനെയാണ് മതകാര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം നിലവില്‍ വന്നത്. സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടിയുള്ള മന്ത്രാലയം അടച്ചുപൂട്ടിയാണ്, തല്‍സ്ഥാനത്ത് പുതിയ മന്ത്രാലയം നിലവില്‍ വന്നത്.  സദാചാര കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് മന്ത്രാലയത്തിറെ ഉദ്ദേശ്യമെന്ന് പറയുന്നുണ്ടെങ്കിലും സ്ത്രീകള്‍ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാനും അവരെ രണ്ടാം തരം പൗരന്‍മാരാക്കാനുമാണ് പുതിയ മന്ത്രാലയം പ്രധാനമായും പരിഗണന നല്‍കിയത്. സ്ത്രീകളെ ജോലികളില്‍ നിന്ന് ഒഴിവാക്കുക, സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശം എടുത്തു കളയുക, പുരുഷന്‍മാര്‍ കൂടെയില്ലാത്ത സ്ത്രീകളെ ദീര്‍ഘദൂര യാത്രകള്‍ക്ക് വിലക്കുക എന്നിങ്ങനെ പല നിയമങ്ങളാണ് ഈ മന്ത്രാലയം നടപ്പാക്കിയത്. 


 

click me!