അഭയാര്‍ത്ഥിയാക്കാമോ, ജോലി ചെയ്യുന്ന രാജ്യത്തോട്  അഫ്ഗാന്‍ അംബാസഡര്‍മാര്‍ കെഞ്ചിപ്പറയുന്നു

By Web TeamFirst Published Sep 16, 2021, 3:58 PM IST
Highlights

നയതന്ത്ര പ്രതിനിധികളുടെ എല്ലാ അവകാശങ്ങളോടെയും ഇത്ര നാളും ജീവിച്ച രാജ്യത്ത് അഭയാര്‍ത്ഥികളാവേണ്ട ഗതികേടിലാണ് അംബാഡസര്‍മാര്‍ അടക്കമുള്ളവര്‍.

ഒരു രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊടുന്നനെ ഇല്ലാതായാല്‍, അവിടത്തെ നയതന്ത്ര പ്രതിനിധികള്‍ എന്ത് ചെയ്യും? 

ഈ പരിതാപകരമായ അവസ്ഥയിലാണ് അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന അംബാഡസര്‍മാര്‍ അടക്കമുള്ളവര്‍. നയതന്ത്ര പ്രതിനിധികളുടെ എല്ലാ അവകാശങ്ങളോടെയും ഇത്ര നാളും ജീവിച്ച രാജ്യത്ത് അഭയാര്‍ത്ഥികളാവേണ്ട ഗതികേടിലാണ് അവര്‍. അതു മാത്രമല്ല അവരുടെ പ്രശ്‌നം. സാമ്പത്തിക പ്രതിസന്ധി കാരണം വിദേശ എംബസികള്‍ പ്രവര്‍ത്തിക്കാനുള്ള പണം വരുന്നില്ല. നാട്ടിലുള്ള ബന്ധുക്കളുടെ അവസ്ഥ അനിശ്ചിതത്വത്തിലാണ്. താലിബാന്‍ വന്നതോടെ വിദേശരാജ്യങ്ങളുടെ സമീപനം എന്താവുമെന്ന ഭയവും അഭയാര്‍ത്ഥിയാവാന്‍ അനുമതി കിട്ടുമോ എന്ന ആശങ്കയും ഇവരെ പരിതാപകരമായ അവസ്ഥയിലാണ് എത്തിച്ചത്. 

വിവിധ രാജ്യങ്ങളുടെ എംബസി പ്രവര്‍ത്തനം ഇപ്പോഴുള്ളതുപോലെ തുടരുമെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍, എംബസി പ്രവര്‍ത്തിക്കാനുള്ള പണമോ രാജ്യത്തിന്റെ നിലപാടുകളില്‍ വന്ന മാറ്റത്തെക്കുറിച്ചുള്ള വ്യക്തമായ നയതന്ത്ര നിര്‍ദേശങ്ങളോ ഇവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് കാനഡ, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലുള്ള സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അഭയാര്‍ത്ഥി സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ട അവസ്ഥയിലാണ് പല സഹപ്രവര്‍ത്തകരുമെന്ന് ബെര്‍ലിനിലെഒരു നയതന്ത്ര പ്രതിനിധി പറയുന്നു. ''ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ യാചിക്കുകയാണ്, അഭയാര്‍ത്ഥികളാവാന്‍ ഞങ്ങള്‍ തയ്യാറാണ്. കാബൂളിലെ വീട് വില്‍ക്കേണ്ടി വരും. എല്ലാം ആദ്യം മുതല്‍ തുടങ്ങണ്ടേി വരും. എന്നാലും അഫ്ഗാനില്‍ ഇനി നില്‍ക്കാനാവില്ല.''-അദ്ദേഹം പറഞ്ഞു. 

അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന നിര്‍ണായക പ്രശ്‌നം ഇതല്ല.  താലിബാന്‍ സര്‍ക്കാറിനെ വിദേശ രാജ്യങ്ങള്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ് അത്. അംഗീകാരം കിട്ടാത്തിടത്തോളം ബന്ധപ്പെട്ട രാജ്യങ്ങള്‍ അവരെ നയതന്ത്രജ്ഞരായി അംഗീകരിക്കില്ല. ''ഒരു രാജ്യത്തെയും പ്രതിനിധീകരിക്കുന്നില്ല, നടപ്പാക്കാന്‍ ഒരു നയവുമില്ല. പിന്നെ ഈ അംബാസഡര്‍മാര്‍ എന്ത് ചെയ്യാനാണ്''-നോട്ടിംഗ്ഹാം സര്‍വകലാശലയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വിദഗ്ധന്‍ അഫ്‌സല്‍ അസീസ് ഉന്നയിക്കുന്നത് ഈ കാതലായ വിഷയമാണ്. 

താലിബാന്‍ അധികാരം പിടിച്ചെടുക്കുന്ന സമയത്ത് അഫ്ഗാനിലെ ഗനി ഭരണകൂടം ലോകമെങ്ങുമുള്ള അവരുടെ എംബസികള്‍ക്ക് കത്ത് എഴുതിയിരുന്നു. താലിബാന്‍ സര്‍ക്കാറിന് നിയമപരമായ ഒരവകാശവും ഇല്ലെന്നും അവരുടെ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ലെന്നുമാണ് ആ കത്തില്‍ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് താലിബാന് ഭരണപരമായ അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം നയതന്ത്രജ്ഞര്‍ വിവിധ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര കാര്യാലയങ്ങള്‍ മുമ്പുണ്ടായിരുന്നതുപോയെ തന്നെ പ്രവര്‍ത്തനം തുടരുമെന്ന് ഇക്കഴിഞ്ഞ ദിവസം താലിബാന്‍ വിദേശകാര്യ മന്ത്രി മുല്ലാ ആമിര്‍ ഖാന്‍ മുത്തഖി കാബൂളില്‍ പറഞ്ഞിരുന്നു. ഒരു നയതന്ത്ര പ്രതിനിധിയെയും ഉപദ്രവിക്കില്ലെന്നും അവര്‍ രാജ്യത്തിന്റെ സമ്പത്താണെന്നുമാണ് മന്ത്രി പറഞ്ഞത്. 

ഈ പറച്ചിലുകളൊക്കെ ഉണ്ടെങ്കിലും, എങ്ങനെ ജോലി ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ പറയുന്നു. ലോകമെമ്പാടുമുള്ള എംബസികളിലായി മൂവായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം ശമ്പളമടക്കമുള്ള കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. 'എംബസി പ്രവര്‍ത്തിക്കാനുള്ള പണമില്ല. ശമ്പളമില്ല. പിന്നെങ്ങനെയാണ് ഒരു വിദേശരാജ്യത്ത് കഴിഞ്ഞുകൂടുക?'-കാനഡ എംബസിയില്‍ ജോലിചെയ്യുന്ന ഒരു നയതന്ത്രപ്രതിനിധി ചോദിക്കുന്നു.  

ലോകരാജ്യങ്ങളുടെ അംഗീകാരം താലിബാന് കിട്ടിയാലും ഇല്ലെങ്കിലും ഈ നയതന്ത്ര പ്രതിനിധികളില്‍ ഭൂരിഭാഗവും ഉറപ്പിച്ചു പറയുന്ന ഒരു കാര്യമുണ്ട്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിലേക്ക് മടങ്ങിപ്പോവുന്ന പ്രശ്‌നമില്ല. മുന്‍ സര്‍ക്കാറിനോട് ബന്ധമുള്ളവരെന്ന നിലയില്‍ താലിബാന്‍ ഭരണകൂടം പ്രതികാര നടപടി കാണിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.  തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലോ മറ്റു രാജ്യങ്ങളിലോ അഭയാര്‍ത്ഥിയായി ജീവിക്കാനുള്ള അനുമതി കിട്ടുമോ എന്നതാണ് ഇവരിപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍, അഭയാര്‍ത്ഥികളാവാന്‍ ഓരോ രാജ്യത്തുഫിനും മുമ്പുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ക്കിടയില്‍ ഇത് എളുപ്പമല്ല എന്നതാണ് വാസ്തവം. 

അതിനിടെ, താജിക്കിസ്താനിലെ എംബസി ജീവനക്കാര്‍ തങ്ങളുടെ ബന്ധുക്കളെ അതിര്‍ത്തി കടത്തികൊണ്ടുവന്ന് എംബസിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. എംബസി കെട്ടിടത്തെ വസതി പോലെയാക്കി മാറ്റാനാണ് ഇവരുടെ ശ്രമമെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു രാജ്യങ്ങളിലുള്ള നയതന്ത്രപ്രതിനിധികളും കുടുംബത്തെ കടത്തിക്കൊണ്ടുവരണമെന്ന ആഗ്രഹക്കാരാണെങ്കിലും അതും എളുപ്പമല്ലാത്ത അവസ്ഥയാണ്. 

ഇവര്‍ക്കു മുന്നില്‍ നിലവില്‍ ഒരു പ്രതീക്ഷ മാത്രമാണുള്ളത്. അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷിക യോഗം നടക്കുകയാണ്. അന്നവിടെ വെച്ച്, തങ്ങളുടെ വിഷയത്തില്‍ ഒരു രാജ്യാന്തര തീരുമാനം ഉണ്ടാവും എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. 

click me!